അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് അടുത്ത തവണയും മത്സരിക്കുമെന്ന് ജോ ബൈഡന്‍; ഔദ്യോഗിക പ്രഖ്യാപനം നടത്തി

അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് അടുത്ത തവണയും മത്സരിക്കുമെന്ന് ജോ ബൈഡന്‍; ഔദ്യോഗിക പ്രഖ്യാപനം നടത്തി

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ഡെമോക്രാറ്റ് സ്ഥാനാര്‍ഥിയായി വീണ്ടും മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ജോ ബൈഡന്‍. 2024-ല്‍ താന്‍ രണ്ടാമത്തെ ജനവിധി തേടുമെന്ന് ബൈഡന്‍ പറഞ്ഞു. 80 വയസുകാരനായ ബൈഡന്‍ ഇതിനകം തന്നെ ഏറ്റവും പ്രായം കൂടിയ അമേരിക്കന്‍ പ്രസിഡന്റാണ്.

തന്റെ പുതിയ ക്യാമ്പെയ്ന്‍ ടീം പുറത്തിറക്കിയ മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് വീണ്ടും മത്സരിക്കുമെന്ന പ്രഖ്യാപനം ബൈഡന്‍ നടത്തിയത്. അതില്‍ അമേരിക്കന്‍ ജനാധിപത്യത്തെ സംരക്ഷിക്കുക എന്നത് തന്റെ കടമയാണെന്ന് ബൈഡന്‍ പ്രഖ്യാപിക്കുന്നു. 2021 ജനുവരി ആറിന് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അനുയായികള്‍ യുഎസ് ക്യാപിറ്റോളിനു നേരെ നടത്തിയ ആക്രമണത്തില്‍ നിന്നുള്ള ചിത്രങ്ങളോടെയാണ് വീഡിയോ ആരംഭിക്കുന്നത്.

'നാലു വര്‍ഷം മുന്‍പ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചപ്പോള്‍, അമേരിക്കയുടെ ആത്മാവിന് വേണ്ടിയുള്ള പോരാട്ടത്തിലാണെന്ന് ഞാന്‍ പറഞ്ഞു. ഇപ്പോഴും അത് അങ്ങനെ തന്നെയാണ്. നമുക്ക് ഈ ജോലി പൂര്‍ത്തിയാക്കാം. നമുക്ക് അതിന് കഴിയും' - ബൈഡന്‍ പറഞ്ഞു.

റിപ്പബ്ലിക്കന്‍ പാര്‍ട്ടി അമരിക്കന്‍ സ്വാതന്ത്ര്യത്തിനു ഭീഷണിയാണെന്ന് ബൈഡന്‍ വിശേഷിപ്പിച്ചു. സ്ത്രീകളുടെ ആരോഗ്യ സംരക്ഷണം പരിമിതപ്പെടുത്താനും സാമൂഹിക സുരക്ഷ വെട്ടിക്കുറയ്ക്കാനും പുസ്തകങ്ങള്‍ നിരോധിക്കാനുമുള്ള ശ്രമങ്ങള്‍ക്കെതിരെ പോരാടുമെന്ന് പ്രതിജ്ഞയെടുത്തു. മാഗ അനുയായികളെയും ബൈഡന്‍ വിമര്‍ശിച്ചു. 2024 നവംബറിലെ തിരഞ്ഞെടുപ്പില്‍ ബൈഡന്റെ റിപ്പബ്ലിക്കന്‍ എതിരാളിയായ ട്രംപിന്റെ 'മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍' എന്ന രാഷ്ട്രീയ മുദ്രാവാക്യത്തിന്റെ ചുരുക്കപ്പേരാണ് മാഗ.

ചുമതലയേറ്റതിന് ശേഷമുള്ള രണ്ട് വര്‍ഷത്തിനുള്ളില്‍, കോവിഡ് മഹാമാരിക്ക് എതിരേ പോരാടാനും പുതിയ അടിസ്ഥാന സൗകര്യങ്ങള്‍ക്കുമായി ഫെഡറല്‍ ഫണ്ടുകളില്‍ കോടിക്കണക്കിന് ഡോളറിന്റെ അംഗീകാരം നേടിയെടുക്കാന്‍ ബൈഡന് കഴിഞ്ഞിരുന്നു. 1969 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മയും രാജ്യം കണ്ടു.

മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പരാജയപ്പെടുത്തി അധികാരത്തിലെത്തിയ ബൈഡന് ഉത്തവണയും അദ്ദേഹം തന്നെയായിരിക്കും എതിരാളിയായി എത്തുക.

ഏപ്രില്‍ 19-ന് പുറത്തിറക്കിയ റോയിട്ടേഴ്സ്/ഇപ്സോസ് വോട്ടെടുപ്പില്‍ ബൈഡന്റെ സ്വീകാര്യത വെറും 39 ശതമാനമായിരുന്നു. ചില അമേരിക്കക്കാര്‍ക്കിടയില്‍ അദ്ദേഹത്തിന്റെ പ്രായത്തെക്കുറിച്ച് ആശങ്കയുണ്ട്. വരാനിരിക്കുന്ന രണ്ടാം ടേമിന്റെ അവസാനത്തില്‍ അദ്ദേഹത്തിന് 86 വയസ് തികയും.

മദ്യപാന ശീലമില്ലാത്ത, ആഴ്ചയില്‍ അഞ്ച് വ്യായാമം ചെയ്യുന്ന ബൈഡന്‍ 'ഡ്യൂട്ടിക്ക് യോഗ്യനാണെന്ന്' ഫെബ്രുവരിയിലെ പരിശോധനയ്ക്ക് ശേഷം ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ചിരുന്നു. ജോലിയുടെ കാഠിന്യം കണക്കിലെടുത്ത് അദ്ദേഹത്തിന് അത് കൈകാര്യം ചെയ്യാനുള്ള കരുത്തുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ റെക്കോര്‍ഡ് കാണിക്കുന്നുവെന്ന് വൈറ്റ് ഹൗസ് പറയുന്നു. 2024-ലെ തിരഞ്ഞെടുപ്പില്‍ ബൈഡനൊപ്പം വൈസ് പ്രസിഡന്റ് കമലാ ഹാരിസും ചേരും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.