കൊച്ചി: മലബാര്‍ മാപ്പിള ഭാഷയില്‍ മലയാള സിനിമയില്‍ നിറഞ്ഞാടി ചിരിയുടെ പൂരം തീര്‍ത്ത അതുല്യ നടനായിരുന്നു മാമുക്കോയ. കഥാപാത്രമേതായാലും സ്വന്തം നാടായ കോഴിക്കോടന്‍ ശൈലിയില്‍ നിന്നും മാമുക്കോയ വ്യതിചലിച്ചിരുന്നില്ല.
നാടോടിക്കാറ്റിലെ ഗഫൂര്‍ കാ ദോസ്ത്... സന്ദേശത്തിലെ മണ്ഡലം പ്രസിഡന്റ് പൊതുവാള്‍... റാംജി റാവു സ്പീക്കിങിലെ ഹംസക്കോയ... കണ്‍കെട്ടിലെ കീലേരി അച്ചു... 2021 ല്‍ ഒടിടിയില്‍ റിലീസ് ചെയ്ത കുരുതിയിലെ മൂസ ഖാദര്‍... അങ്ങനെ മലയാളികള്‍ എന്നും ചിരിയോടെ ഓര്‍ക്കുന്ന നിരവധി കഥാപാത്രങ്ങള്‍ സമ്മാനിച്ചാണ് ഈ തനി നാടന്‍ മലബാറുകാരന്‍ കഥാവശേഷനാകുന്നത്.
സുനില്‍ സംവിധാനം ചെയ്ത് 2001 ല്‍ പുറത്തിറങ്ങിയ കോരപ്പന്‍ ദ ഗ്രേറ്റ്, 2023 ല്‍ ഇ.എം അഷ്‌റഫ് സംവിധാനം ചെയ്ത ഉരു എന്നീ ചിത്രങ്ങളില്‍ അദേഹം നായക വേഷവും കൈകാര്യം ചെയ്തു. മലയാളത്തിന് പുറമേ അരങ്ങേട്ര വേലൈ, കാസ്, കോബ്ര തുടങ്ങിയ തമിഴ് ചിത്രങ്ങളിലും മാമുക്കോയ അഭിനയിച്ചിട്ടുണ്ട്.
മരക്കച്ചവടത്തിന് പേരുകേട്ട കല്ലായിയില്‍ മരം അളക്കല്‍ ആയിരുന്നു മാമുക്കോയയുടെ പണി. പഠന കാലത്ത് തന്നെ നാടകത്തിലഭിനയിച്ചതോടെ അഭിനയത്തോട് വല്ലാത്തൊരു ആവേശമായിരുന്നു. എന്നാല്‍ എന്തങ്കിലും പണിക്കു പോയില്ലെങ്കില്‍ ജീവതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനാകില്ല. അങ്ങനെയാണ് കല്ലായിയില്‍ മരം അളവുകാരനായെത്തിയത്.
കെ.ടി മുഹമ്മദ്, വാസു പ്രദീപ്, ബി. മുഹമ്മദ്, എ.കെ പുതിയങ്ങാടി, കെ.ടി കുഞ്ഞു, ചെമ്മങ്ങാട് റഹ്മാന്‍ തുടങ്ങിയവരുടെ നാടകങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിക്കാന്‍ ഇതിനകം മാമുക്കോയക്ക് കഴിഞ്ഞു. 1979 ല്‍ നിലമ്പൂര്‍ ബാലന്‍ സംവിധാനം ചെയ്ത അന്യരുടെ ഭൂമിയാണ് ആദ്യ സിനിമ.
ആ ചിത്രത്തില്‍ ഒരു നിഷേധിയുടെ കഥാപാത്രത്തെയാണ് മാമുക്കോയ അവതരിപ്പിച്ചത്. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഒരുങ്ങിയ ആ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. അഞ്ചു വര്‍ഷത്തിനുശേഷം വൈക്കം മുഹമ്മദ് ബഷീറിന്റെ ശുപാര്‍ശയില്‍ 'സുറുമയിട്ട കണ്ണുകള്‍' എന്ന സിനിമയില്‍ മുഖം കാട്ടി.
സിബി മലയിലിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ 'ദൂരെദൂരെ ഒരു കൂടുകൂട്ടാം' എന്ന സിനിമയിലാണ് ആദ്യമായി മാമുക്കോയക്കു ശ്രദ്ധേയമായ ഒരു വേഷം ലഭിക്കുന്നത്. ശ്രീനിവാസനായിരുന്നു ചിത്രത്തിന്റെ തിരക്കഥ. സ്‌കൂള്‍ പശ്ചാത്തലത്തിലുള്ള കഥയില്‍ അറബി മുന്‍ഷിയുടെ വേഷമായിരുന്നു മാമുക്കോയക്ക്.
കേരള സര്‍ക്കാര്‍ ആദ്യമായി സിനിമയിലെ ഹാസ്യാഭിനയത്തിന് പുരസ്‌കാരം ഏര്‍പ്പെടുത്തിയ 2008 ല്‍ അത് ലഭിച്ചത് മാമുക്കോയയ്ക്കായിരുന്നു. നാല് പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തില്‍ 450 ലേറെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി. ഇതിനിടെ നാല് തമിഴ് ചലച്ചിത്രങ്ങളിലും ഒരു ഫ്രഞ്ച് സിനിമയിലും അഭിനയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.