ക്വാഡ് ഉച്ചകോടി അടുത്ത മാസം ഓസ്‌ട്രേലിയയില്‍; അമേരിക്ക, ഇന്ത്യ, ജപ്പാന്‍ രാഷ്ട്രത്തലവന്മാര്‍ സിഡ്‌നിയിലെത്തും

ക്വാഡ് ഉച്ചകോടി അടുത്ത മാസം ഓസ്‌ട്രേലിയയില്‍; അമേരിക്ക, ഇന്ത്യ, ജപ്പാന്‍ രാഷ്ട്രത്തലവന്മാര്‍ സിഡ്‌നിയിലെത്തും

കാന്‍ബറ: ഓസ്ട്രേലിയ ആദ്യമായി ക്വാഡ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാന്‍ ഒരുങ്ങുന്നു. മെയ് 24 ന് സിഡ്നിയിലാണ് ഉച്ചകോടി നടക്കുന്നതെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസി സിഡ്നിയില്‍ ഓപ്പറ ഹൗസിന്റെ പശ്ചാത്തലത്തില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചു. അമേരിക്ക, ജപ്പാന്‍, ഇന്ത്യ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ക്വാഡ് അഥവാ ക്വാഡ്രിലാറ്ററല്‍ സെക്യൂരിറ്റി ഡയലോഗ്.

അടുത്ത മാസം നടക്കുന്ന ക്വാഡ് സൈനിക സഹകരണ ഉച്ചകോടിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി, ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ എന്നിവര്‍ പങ്കെടുക്കും.

ഇന്തോ-പസഫിക് മേഖലയില്‍ വര്‍ധിച്ചുവരുന്ന ചൈനയുടെ സൈനിക സ്വാധീനത്തെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്വാഡ് രൂപീകരിച്ചത്. ക്വാഡ് നേതാക്കളുടെ നേരിട്ടുള്ള മൂന്നാമത്തെ ഉച്ചകോടിയാണിത്.

പരമാധികാരത്തെ സംരക്ഷിക്കുന്നതിനും എല്ലാവര്‍ക്കും സുരക്ഷ ഉറപ്പാക്കുന്നതിനും തുറന്നതും സുസ്ഥിരവുമായ ഇന്തോ-പസഫിക് മേഖലയെ പിന്തുണയ്ക്കുന്നതിനും സഖ്യം പ്രതിജ്ഞാബദ്ധമാണെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി പറഞ്ഞു.

'ഞങ്ങളുടെ (അമേരിക്ക, ജപ്പാന്‍, ഇന്ത്യ, ഓസ്ട്രേലിയ) സഹകരണം ശക്തിപ്പെടുത്താനും നാമെല്ലാവരും ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഇന്തോ-പസഫിക് മേഖലയെ രൂപപ്പെടുത്താനും ആസിയാന്‍, പസഫിക് ദ്വീപുകള്‍ ഫോറം എന്നിവയ്ക്കൊപ്പം ക്വാഡ് എങ്ങനെ പ്രവര്‍ത്തിക്കാമെന്ന് സിഡ്നിയില്‍ നേതാക്കള്‍ ചര്‍ച്ച ചെയ്യുമെന്ന്് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഉക്രെയ്ന്‍ സംഘര്‍ഷത്തിന്റെ പ്രത്യാഘാതങ്ങളും മറ്റ് സാഹചര്യങ്ങളും ചര്‍ച്ചയായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സിഡ്നി ഓപ്പറ ഹൗസാണ് കൂടിക്കാഴ്ചയ്ക്കു വേദിയാകുന്നത്. അമേരിക്കന്‍ പ്രസിഡന്റെന്ന നിലയില്‍ ബൈഡന്റെ ആദ്യ ഓസ്ട്രേലിയന്‍ സന്ദര്‍ശനമാണിത്. അദ്ദേഹം ഓസ്ട്രേലിയന്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.

2014ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അവസാനമായി ഓസ്ട്രേലിയ സന്ദര്‍ശിച്ചത്. അന്ന് പാര്‍ലമെന്റിനെയും സിഡ്നി ഒളിമ്പിക്സ് പാര്‍ക്കില്‍ 20,000-ത്തിലധികം വരുന്ന ജനക്കൂട്ടത്തെയും നരേന്ദ്ര മോഡി അഭിസംബോധന ചെയ്തിരുന്നു.

ഓസ്‌ട്രേലിയയിലേക്കുള്ള യാത്രയ്ക്ക് മുമ്പ്, മെയ് 19 മുതല്‍ 21 വരെ നടക്കാനിരിക്കുന്ന ജി7 അഡ്വാന്‍സ്ഡ് എക്കണോമിയുടെ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി മോഡി ജപ്പാനിലെ ഹിരോഷിമ സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം ഇന്ത്യാ സന്ദര്‍ശന വേളയില്‍ ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ ജി 7 ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി മോദിയെ ക്ഷണിച്ചിരുന്നു.

ഓസ്ട്രേലിയയുമായുള്ള സുരക്ഷാ സഹകരണം കൂടുതല്‍ ശക്തമാക്കാന്‍ ജപ്പാന്റെ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ കഴിഞ്ഞ വര്‍ഷം അവസാനം പെര്‍ത്ത് സന്ദര്‍ശിച്ചിരുന്നു.

മൂന്ന് ലോക നേതാക്കന്മാര്‍ക്ക് ആതിഥേയത്വം വഹിക്കുന്നതിനാല്‍ കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ പ്രഖ്യാപിച്ച ബജറ്റ് പ്രകാരം, ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാന്‍ ഓസ്ട്രേലിയയ്ക്ക് 23 മില്യണ്‍ ഡോളര്‍ ചെലവാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.