ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ 'ദി പ്രസിഡന്‍ഷ്യല്‍ ഇയേഴ്സ്' എന്ന ഓര്‍മ്മക്കുറിപ്പ് ദേശീയ രാഷ്ട്രീയത്തില്‍ ചര്‍ച്ചയാകുന്നു. രണ്ടാം യുപിഎ സര്‍ക്കാരുമായും ആദ്യ എന്‍ഡിഎ സര്‍ക്കാരുമായും ബന്ധപ്പെട്ട ഒട്ടേറെ വെളിപ്പെടുത്തലുകള്‍ വരുന്ന പുസ്തക രൂപത്തിലുള്ള ഓര്‍മ്മകളുടെ അവസാന വോള്യം ജനുവരി ആദ്യം പുറത്തിറങ്ങും.
ഒട്ടേറെ വിവാദ വെളിപ്പെടുത്തല്‍ ഉള്‍പ്പെട്ടിട്ടുള്ള അവസാന ഭാഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ആദ്യ ടേമില്‍ അദ്ദേഹം ഏകാധിപതിയെ പോലെയായിരുന്നു എന്നും യുപിഎ സര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ച ഇല്ലാതെ പോയത് സോണിയാഗാന്ധിയുടേയും മന്‍മോഹന്‍ സിംഗിന്റെയും കഴിവു കേടാണെന്നും വ്യക്തമാക്കുന്നു. മന്‍മോഹന്‍ സര്‍ക്കാരിന്റെ രണ്ടാം ഘട്ടത്തിലും നരേന്ദ്ര മോഡി പ്രധാനമന്ത്രിയായുള്ള ആദ്യ ടേമിലും പ്രണബ് മുഖര്‍ജിയായിരുന്നു രാഷ്ട്രപതി. 2012 മുതല്‍ 2017 വരെയായിരുന്നു പ്രണബ് മുഖര്‍ജി രാഷ്ട്രപതിയായിരുന്നത്.
സഖ്യകക്ഷികളെ പരിപാലിച്ചു കൊണ്ടുപോകാനും നിലനിര്‍ത്താനും ഏറെ പാടുപെട്ടതായിരുന്നു മന്‍മോഹന്‍ സിംഗിന്റെ കാലം. അതേസമയം തന്റെ ആദ്യ ടേം കാര്യമായ പ്രശ്നങ്ങള്‍ക്ക് സാധ്യതയിടാതെ ഏകാധിപതിയുടെ രീതിയിലുള്ള ഭരണമാണ് മോഡി നടത്തിയതെന്നും പുസ്തകത്തില്‍ പറയുന്നു. മന്‍മോഹന്‍ സിംഗിനേക്കാള്‍ മികച്ച പ്രധാനമന്ത്രിയായിരുന്നേനെ താനെന്ന് കോണ്‍ഗ്രസുകാര്‍ വിശ്വസിച്ചിരുന്നതായും പറയുന്നുണ്ട്. 2004 ല്‍ താന്‍ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ 2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഇത്രയും വലിയ വീഴ്ച ഉണ്ടാകില്ലായിരുന്നു എന്ന് വിശ്വസിക്കുന്നവര്‍ ഏറെയാണ്.
താന്‍ രാഷ്ട്രപതിയായി സ്ഥാനമേറ്റതോടെ കോണ്‍ഗ്രസ് നേതൃത്വത്തിന് രാഷ്ട്രീയ ശ്രദ്ധ നഷ്ടമായി. പാര്‍ട്ടിയിലെ പ്രശ്നങ്ങളും കാര്യങ്ങളും സോണിയാഗാന്ധിക്ക് കൈകാര്യം ചെയ്യാന്‍ കഴിയാത്ത സ്ഥിതിയായി. സഭയില്‍ നിന്നും അകന്നു നിന്നതിനാല്‍ എംപിമാരുമായുള്ള സ്വകാര്യബന്ധം ഡോ. മന്‍മോഹന്‍ സിംഗിന് നഷ്ടമാകുകയും ചെയ്തു. സോണിയാഗാന്ധിയുടേയും മന്‍മോഹന്‍ സിംഗിന്റെയും നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ 2014 ല്‍ വന്‍ പരാജയമാണ് നേരിട്ടത്. മന്‍മോഹന്‍സിംഗിന്റെ പ്രധാനമന്ത്രിയായുള്ള രണ്ടാം വട്ടം 2009 മുതല്‍ 2014 വരെയായിരുന്നു.
2014 ലായിരുന്നു കോണ്‍ഗ്രസിന് വന്‍ പരാജയം സമ്മാനിച്ചു കൊണ്ട് നരേന്ദ്ര മോഡിയുടെ പ്രധാനമന്ത്രിയായുള്ള ആദ്യ ഊഴം. മന്‍മോഹന്‍ സംഗുമായും നരേന്ദ്ര മോഡിയുമായും നല്ല ബന്ധം പുലര്‍ത്തിയിരുന്നതായും മുന്‍ രാഷ്ട്രപതി തന്റെ പുസ്തകത്തില്‍ പറയുന്നു. രൂപാ ബുക്സാണ് മരണത്തിന് ശേഷം പുറത്തുവന്ന പ്രണബ് മുഖര്‍ജിയുടെ ഓര്‍മ്മക്കുറിപ്പുകള്‍ അടങ്ങിയ പുസ്തകത്തിന്റെ പ്രസാധകര്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.