ട്രോഫിയില്‍ മയക്കുമരുന്ന് വെച്ച് കുടുക്കി; ഷാര്‍ജ ജയിലിലായിരുന്ന നടി ക്രിസന്‍ പെരേരയ്ക്ക് മോചനം

ട്രോഫിയില്‍ മയക്കുമരുന്ന് വെച്ച് കുടുക്കി; ഷാര്‍ജ ജയിലിലായിരുന്ന നടി ക്രിസന്‍ പെരേരയ്ക്ക് മോചനം

മുംബൈ: മയക്കുമരുന്ന് കൈവശം വച്ചെന്ന കേസില്‍ ഷാര്‍ജയില്‍ അറസ്റ്റിലായ നടി ക്രിസന്‍ പെരേരയ്ക്ക് ഒടുവില്‍ ജയില്‍ മോചനം. കഴിഞ്ഞ ദിവസമാണ് നടി പുറത്തിറങ്ങിയത്.

നടിയുടെ കൈവശമുണ്ടായിരുന്ന ട്രോഫിയില്‍ മയക്കുമരുന്ന് ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ മാസം ആദ്യം ഷാര്‍ജയില്‍ വെച്ചാണ് അറസ്റ്റിലായത്.

ഷാര്‍ജ ജയിലില്‍ നിന്ന് മോചിതയായതിന് ശേഷം വീഡിയോ കോളില്‍ ക്രിസന്‍ കുടുംബത്തോട് സംസാരിക്കുന്ന വീഡിയോ ക്രിസന്റെ സഹോദരന്‍ കെവിന്‍ പെരേര ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. 'ക്രിസന്‍ സ്വതന്ത്രയാണ്. അടുത്ത 48 മണിക്കൂറിനുള്ളില്‍ അവള്‍ ഇന്ത്യയിലെത്തും'- കെവിന്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

സഡക് 2, ബട്ല ഹൗസ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള നടിയാണ് ക്രിസന്‍. ക്രിസനെ മയക്കുമരുന്ന് കടത്തുകേസില്‍ കുടുക്കിയ രണ്ടുപേര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.

മുംബൈയിലെ ബോറിവാളി സ്വദേശി ആന്റണി പോള്‍, ഇയാളുടെ കൂട്ടാളി മഹാരാഷ്ട്രയിലെ സിന്ദുദുര്‍ഗ് സ്വദേശിയായ രാജേഷ് ബബോട്ടെ എന്ന രവി എന്നിവരാണ് ക്രൈം ബ്രാഞ്ചിന്റെ പിടിയിലായത്. ദുബായിലേക്ക് പോയ ക്രിസന്റെ പക്കല്‍ മയക്കുമരുന്ന് നിറച്ച ട്രോഫി കൈമാറിയാണ് സംഘം കുരുക്കിയത്.

ഏപ്രില്‍ ഒന്നിനാണ് ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ക്രിസന്‍ പെരേരയെ കസ്റ്റംസ് സംഘം പിടികൂടുന്നത്. നടിയുടെ കൈവശമുണ്ടായിരുന്ന ട്രോഫിക്കകത്ത് മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു. ഒരു അന്താരാഷ്ട്ര വെബ്സീരീസില്‍ അവസരമുണ്ടെന്നു പറഞ്ഞാണ് പ്രതികള്‍ നടിയെ ദുബായിലേക്ക് അയച്ചത്. ദുബായില്‍ ഒരാള്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ട്രോഫി നടിയെ ഏല്‍പിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.