ഖാര്‍ത്തും: വിദേശ പൗരന്മാര്‍ക്ക് മടങ്ങിപ്പോകുന്നതിനായി ഏര്‍പ്പെടുത്തിയ വെടിനിര്‍ത്തല്‍ ലംഘിക്കപ്പെട്ടതോടെ സുഡാനില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമായി. സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും തമ്മില്‍ വീണ്ടും സംഘര്‍ഷം കനത്തു. രാജ്യത്താകെ അരക്ഷിതാവസ്ഥ ഉടലെടുത്തിരിക്കുകയാണ്. സൂപ്പര്‍മാര്‍ക്കറ്റുകളും ഭക്ഷണ വില്‍പ്പന ശാലകളും ആക്രമിക്കപ്പെട്ടതോടെ ഭക്ഷ്യവസ്തുക്കള്‍ കിട്ടാതെ രാജ്യം കടുത്ത പട്ടിണിയിലേക്ക് നീങ്ങുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
പിടിച്ചുപറിയും മോഷണവും കൂടുതല്‍ വ്യാപകമായി. കടകളും വ്യാപാരസ്ഥാപനങ്ങളും കൊള്ളയടിക്കുന്ന ഭീകരാവസ്ഥയാണ്. ജ്വല്ലറികളും കൊള്ളയടിക്കപ്പെടുന്നു. കൊള്ളയടിച്ചശേഷം സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഉള്‍പ്പടെയുള്ള കടകള്‍ കത്തിക്കുന്ന സംഭവങ്ങളും ഉണ്ടായി. സൂക്ഷിച്ചുവച്ചിരിക്കുന്ന ഭക്ഷണ സാധനങ്ങള്‍ മിക്ക വീടുകളിലും തീരാറായി. ദിവസത്തില്‍ അധിക സമയവും വൈദ്യുതിയും ഇല്ലാത്ത അവസ്ഥയാണ്.
സുഡാനിലെ സ്ഥിതി ഗതികള്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം സൂക്ഷമമായി നിരീക്ഷിച്ചു വരികെയാണ്. ഇതുവരെ 1,100 ഇന്ത്യക്കാരെ സുഡാനില്‍നിന്ന് ജിദ്ദയിലെത്തിച്ചെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. ഒരു നാവികസേന കപ്പല്‍ക്കൂടി ഓപ്പറേഷന്‍ കാവേരിയുടെ ഭാഗമായി പോര്‍ട്ട് സുഡാനിലെത്തിയിട്ടുണ്ട്.
സുഡാനില്‍ ഏകദേശം 3,500 ഇന്ത്യക്കാരുണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്ക്. ഇവരില്‍ 3,100 പേര്‍ സുഡാനിലെ ഇന്ത്യന്‍ എംബസിയില്‍ റജിസ്റ്റര്‍ ചെയ്തു. നാവികസേനയുടെ കപ്പലുകളിലും വിമാനങ്ങളിലുമായി 1,100 ലേറെപ്പേരെ ജിദ്ദയിലെത്തിച്ചു. പല സംഘങ്ങളായി ഇവരെ നാട്ടിലെത്തിക്കുന്ന നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരികെയാണ്.
എന്നാല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനം ലംഘിക്കപ്പെട്ടത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുമോയെന്ന ആശങ്ക നിലനില്‍ക്കുന്നു. നിലവിലുള്ള നാവികസേന കപ്പലുകള്‍ക്ക് പുറമെ ഐഎന്‍എസ് ടര്‍കഷ് കൂടി സുഡാനിലെത്തി. ഇതോടെ വ്യോമസേനയുടെ രണ്ട് ചരക്കുവിമാനങ്ങളും നാവികസേനയുടെ മൂന്ന് കപ്പലുകളും ഓപ്പറേഷന്‍ കാവേരിയുടെ ഭാഗമായി.
രക്ഷാപ്രവര്‍ത്തനം ഖാര്‍ത്തൂം കേന്ദ്രീകരിച്ചാണെങ്കിലും ഖാര്‍ത്തൂമിന് പുറത്ത് ആളുകള്‍ക്ക് എത്തിച്ചേരുക പ്രയാസമാണ്. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ച് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍ ജിദ്ദയില്‍ തുടരുന്നു. സുഡാനിലും ജിദ്ദയിലും നിലവില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. ഡല്‍ഹിയില്‍ ഇനിയെത്തുന്ന മലയാളികള്‍ക്കും സൗകര്യങ്ങള്‍ തയാറാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.