വന്ദേഭാരത് എക്സ്‌പ്രസ് കേരളത്തിൽ വൻ വിജയം; ആദ്യ യാത്രയിൽ നേടിയത് 20 ലക്ഷം രൂപ

വന്ദേഭാരത് എക്സ്‌പ്രസ് കേരളത്തിൽ വൻ വിജയം; ആദ്യ യാത്രയിൽ നേടിയത് 20 ലക്ഷം രൂപ

തിരുവനന്തപുരം: വന്ദേഭാരത് എക്‌സ്പ്രസിന്റെ ആദ്യ യാത്രയിൽ 20 ലക്ഷം രൂപ വരുമാനമായി ലഭിച്ചെന്ന് കണക്കുകൾ. 26 ന് കാസർകോട് നിന്ന് തിരുവനന്തപുരത്ത് എത്തിയ യാത്രയിൽ റിസർവേഷൻ ടിക്കറ്റ് വരുമാനമായി 19.50 ലക്ഷം രൂപയാണ് ലഭിച്ചത്. വരുന്ന രണ്ടാഴ്ചത്തേക്ക് വന്ദേഭാരതിന്റെ മിക്ക സർവീസുകളിലും ടിക്കറ്റ് വെയ്റ്റിംഗ് ലിസ്റ്റിലാണ്.

അതേസമയം വന്ദേഭാരതിന്റെ പൂർണമായിട്ടുള്ള സർവീസ് ഇന്ന് രാവിലെ 5.20ന് തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ചു. ഉച്ചയ്ക്ക് 2.30നാണ് കാസർകോട് നിന്നുള്ള സർവീസ്. വന്ദേഭാരതത്തിന്റെ കന്നിയാത്രയിൽ തിരഞ്ഞെടുക്കപ്പെട്ടവർ മാത്രമാണ് യാത്ര ചെയ്തത്. എട്ട് മണിക്കൂറിൽ എട്ട് സ്റ്റോപ്പുകൾ കടന്ന് തിരുവനന്തപുരത്ത് നിന്നും കാസർകോട് വരെ എത്തുന്ന രീതിയിലാണ് വന്ദേഭാരതത്തിന്റെ സർവീസുകൾ.

അത്യാധുനിക സംവിധാനങ്ങളോടു കൂടിയാണ് വന്ദേഭാരത് ട്രെയിൻ. പതിനാറ് കോച്ചുകളാണ് കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്‌പ്രസിനുള്ളത്. മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയാണ് ട്രെയിനിനുള്ളത്. വിമാനങ്ങളിലേതിന് സമാനമായ സീറ്റുകളാണ് വന്ദേഭാരത് എക്സ്‌പ്രസിന്റെ ഏറ്റവും പ്രധാന ഫീച്ചറുകളിലൊന്ന്. അത് പോലെ തന്നെ സീറ്റുകൾ പിറകിലേക്ക് റിക്ലൈൻ ചെയ്യാനും കഴിയുന്നതാണ്.

ട്രെയിനുകൾ കൂട്ടിയിടിക്കുന്നത് തടയുന്നതിന് വേണ്ടി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ടെക്നോളജിയായ കവാച്ച് വന്ദേ ഭാരതിലുണ്ട്. ട്രെയിനിന്റെ രണ്ട് അറ്റത്തും ഡ്രൈവർ ക്യാബിനുള്ളതുകൊണ്ട് ദിശ മാറ്റാൻ ഒരുപാട് സമയം വേണ്ടി വരുന്നില്ല എന്നതും പ്രത്യേകതയാണ്. അഡ്വാൻസ്ഡ് റീജെനറേറ്റിവ് ബ്രേക്കിങ് സിസ്റ്റമാണ് വന്ദേ ഭാരതിലുള്ളത്. ഇത് വഴി 30 ശതമാനം വൈദ്യുതി ലാഭിക്കാൻ സാധിക്കുന്നു. അതുപോലെ അടിയന്തര സാഹചര്യങ്ങളിൽ ലോക്കോ പൈലറ്റിനും ട്രെയിൻ ഗാർഡിനും യാത്രക്കാരുമായി സംസാരിക്കുവാനുള്ള സൗകര്യവുമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.