മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനം ദുബായിലും അബുദബിയിലും ഒരുക്കങ്ങള്‍ വിപുലം

മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനം ദുബായിലും അബുദബിയിലും ഒരുക്കങ്ങള്‍ വിപുലം

അബുദാബി: മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎഇ സന്ദർശിക്കുന്നതുമായി ബന്ധപ്പെട്ടുളള ഒരുക്കങ്ങള്‍ സജീവം. അബുദബി ഡിപാർട്മെന്‍റ് ഓഫ് എക്കണോമിക് ഡെവലപ്മെന്‍റ് സംഘടിപ്പിക്കുന്ന വാർഷിക നിക്ഷേപക സംഗമത്തില്‍ പങ്കെടുക്കാനായാണ് യുഎഇ സർക്കാരിന്‍റെ ക്ഷണ പ്രകാരം മെയ് 7 ന് മുഖ്യമന്ത്രിയെത്തുന്നത്. മന്ത്രിമാരായ പി രാജീവും പിഎ മുഹമ്മദ് റിയാസും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.

മെയ് ഏഴാം തിയതി വൈകീട്ട് ഏഴുമണിക്ക് നാഷണല്‍ തിയറ്ററില്‍ സ്വീകരണ പരിപാടിയൊരുക്കും. സാംസ്കാരിക കലാപരിപാടികളോടെയാണ് സ്വീകരണ പരിപാടി നടക്കുക. കേരള സോഷ്യൽ സെന്‍ററില്‍ നടന്ന സ്വാഗത സംഘം യോഗത്തിൽ ചെയർമാൻ അഡ്വ. അൻസാരി സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവർക്ക് എമിറേറ്റിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

മെയ് 10 ന് ബുധനാഴ്ചയാണ് ദുബായ് അല്‍ നാസർ ലെഷർലാന്‍റിലാണ് പൗരസ്വീകരണം ഒരുക്കിയിട്ടുളളത്. ഇതുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ വിലയിരുത്താനായി പ്രവർത്തക സമിതി യോഗം ചേർന്നു. മുഖ്യമന്ത്രിയുടെ സന്ദർശനത്തിൽ കൂടുതൽ പ്രവാസി സൗഹൃദ തീരുമാനങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസി സമൂഹമെന്ന് സ്വാഗത സംഘം ചെയർമാൻ ഡോ: കെ പി ഹുസൈൻ പറഞ്ഞു.കൂടുതൽ എളുപ്പത്തിലും വേഗതയിലും നടപടികൾ മുന്നോട്ടു പോകാനുള്ള നീക്കങ്ങളും ഫലപ്രദമായി നടന്നുവരുന്നുണ്ടെന്ന് പ്രോഗ്രാം കോർഡിനേറ്റർമാരായ രാജൻ മാഹി, ആർ പി മുരളി എന്നിവർ ചൂണ്ടിക്കാട്ടി.ജനറൽ കൺവീനറും നോർക്ക ഡയറക്ടറുമായ ഒ വി മുസ്തഫ അധ്യക്ഷനായി.351 അംഗ സ്വാഗത സംഘത്തിന്‍റെ നിർദേശപ്രകാരമുള്ള പ്രവർത്തനങ്ങൾ വിവിധ കമ്മറ്റികളും സംഘടനകളും ഇതിനകം ആരംഭിച്ചതായും പ്രവർത്തക സമിതി യോഗം വിലയിരുത്തി.

നോർക്കയുടെ നേതൃത്വത്തിൽ ദുബായിലും മറ്റ് വടക്കൻ എമിറേറ്റുകളിലുമുള്ള വിവിധ മലയാളി സംഘടനകളെ ചേർത്തുകൊണ്ട് ഒരുക്കുന്ന സ്വീകരണ പരിപാടിയിൽ യുവജനങ്ങളും തൊഴിലാളികളും കുടുംബങ്ങളും അടക്കം സമൂഹത്തിന്‍റെ വിവിധ മേഖലകളിൽ നിന്നുള്ള 3000 ലേറെ മലയാളികൾ പങ്കെടുക്കും.വിവിധ തൊഴിലാളി മേഖലകളിൽ നിന്ന് പരിപാടിയിൽ പങ്കടുക്കാൻ ആഗ്രഹിക്കുന്നവർക്കായി വാഹന സൗകര്യം ഒരുക്കിയതായും പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അതാത് സംഘടനകളുമായി ബന്ധപ്പെട്ട് തങ്ങളുടെ പാസുകൾ ഉറപ്പാക്കണമെന്നും സംഘാടകർ അറിയിച്ചു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.