മാനന്തവാടി രൂപതയുടെ സുവര്‍ണ ജൂബിലി ആഘോഷം; സമാപനം മെയ് ഒന്നിന്

മാനന്തവാടി രൂപതയുടെ സുവര്‍ണ ജൂബിലി ആഘോഷം; സമാപനം മെയ് ഒന്നിന്

മാനന്തവാടി: മാനന്തവാടി രൂപതയുടെ ഒരു വര്‍ഷം നീണ്ട സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് മെയ് ഒന്നിന് സമാപനം. അന്നേ ദിവസം രാവിലെ ഒമ്പതിന് നടക്കുന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനയില്‍ സീറോ മലബാര്‍ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികനാകും.

തലശേരി അതിരൂപതാ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി അധ്യക്ഷത വഹിക്കുകയും വചനസന്ദേശം നല്‍കുകയും ചെയ്യും. മാനന്തവാടി രൂപത സഹായമെത്രാന്‍ മാര്‍ അലക്സ് താരാമംഗലം സ്വാഗതം പറയും. 11.15 ന് പൊതുസമ്മേളനം ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ് ലിയോപോള്‍ദോ ജിറേല്ലി ഉദ്ഘാടനം ചെയ്യും. കേന്ദ്ര വിദേശകാര്യ-പാര്‍ലമെന്ററികാര്യ മന്ത്രി വി. മുരളീധരന്‍ മുഖ്യപ്രഭാഷണം നടത്തും.

വികാരി ജനറാള്‍ മോണ്‍. പോള്‍ മുണ്ടോളിക്കല്‍, സുവര്‍ണ ജൂബിലി കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഫാ.ബിജു മാവറ, പിആര്‍ഒ ടീം അംഗങ്ങളായ ഫാ. ജോസ് കൊച്ചറക്കല്‍, സെബാസ്റ്റ്യന്‍ പാലംപറമ്പില്‍, സാലു ഏബ്രഹാം മേച്ചേരില്‍, ജൂബിലി പബ്ലിസിറ്റി കമ്മിറ്റി പ്രതിനിധി ബാബു നമ്പുടാകം എന്നിവര്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ഫാ.ബിജു മാവറ ജൂബിലിവര്‍ഷ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. നീലഗിരി സ്വാന്ത്വനം പാലിയേറ്റീവ് ആന്‍ഡ് ആംബുലന്‍സ് സേവനം ഉദ്ഘാടനം ജല വിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. ഡയാലിസിസ് സെന്റര്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ബിഷപ്പ് ഇമ്മാനുവേല്‍ പോത്തനാമുഴി സ്‌കോളര്‍ഷിപ് പദ്ധതി തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തും ഉദ്ഘാടനം ചെയ്യും.

പാസ്റ്ററല്‍ പ്ലാന്‍ പ്രസിദ്ധീകരണം മാനന്തവാടി രൂപതാ പ്രഥമ മെത്രാന്‍ ആര്‍ച്ച് ബിഷപ് എമിരിറ്റസ് മാര്‍ ജേക്കബ് തൂങ്കുഴി നിര്‍വഹിക്കും. വീടുകളുടെ താക്കോല്‍ദാനം മാനന്തവാടി എംഎല്‍എ ഒ.ആര്‍. കേളുവും സൗജന്യ ഡയാലിസിസ് ടോക്കണ്‍ വിതരണം ബത്തേരി എംഎല്‍എ ഐ.സി. ബാലകൃഷ്ണനും നിര്‍വഹിക്കും. ഉപജീവനം, കര്‍ഷക പാക്കേജ് കല്‍പ്പറ്റ എംഎല്‍എ അഡ്വ. ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്യും.

ആര്‍ച്ച് ബിഷപ് എമിരിറ്റസ് മാര്‍ ജേക്കബ് തൂങ്കുഴി, തലശേരി അതിരൂപതാധ്യക്ഷനായിരുന്ന മാര്‍ ജോര്‍ജ് ഞരളക്കാട്ട് എന്നിവരെയും വൈദികര്‍, സന്യസ്തര്‍, ദേവാലയ ശുശ്രൂഷികള്‍, മതാധ്യാപകര്‍ എന്നിവരിലെ സുവര്‍ണ ജൂബിലിക്കാരെയും ആദരിക്കും. പേരാവൂര്‍ എംഎല്‍എ അഡ്വ. സണ്ണി ജോസഫ്, ഗൂഡല്ലൂര്‍ എംഎല്‍എ പൊന്‍ ജയശീലന്‍, രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളായ എന്‍.ഡി അപ്പച്ചന്‍, ബീന കരിമ്പനാക്കുഴി, പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ആന്‍മേരി എസ്എബിഎസ്, കുട്ടികളുടെ പ്രതിനിധി അഥേല ബിനീഷ് എന്നിവര്‍ പ്രസംഗിക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, തലശേരി അതിരൂപത ആര്‍ച്ച് ബിഷപ് എമിരിറ്റസ് മാര്‍ ജോര്‍ജ് വലിയമറ്റം, ഗുവാഹത്തി ആര്‍ച്ച് ബിഷപ് മാര്‍ ജോണ്‍ മൂലച്ചിറ, കോഴിക്കോട് രൂപത ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍, ബത്തേരി രൂപതാ ബിഷപ് ജോസഫ് മാര്‍ തോമസ്, താമരശേരി രൂപതാ ബിഷപ് മാര്‍ റെമിജിയുസ് ഇഞ്ചനാനിയില്‍, മാണ്ഡ്യ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, ഭദ്രാവതി ബിഷപ് മാര്‍ ജോസഫ് അരുമച്ചാടത്ത്, ഊട്ടി ബിഷപ് മാര്‍ അരുളപ്പന്‍ അമല്‍രാജ്, കണ്ണൂര്‍ ബിഷപ് മാര്‍ അലക്സ് വടക്കുംതല, കോട്ടയം രൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സി.കെ രത്നവല്ലി, എടവക പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി പ്രദീപ്, വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്സണ്‍ കെ.സി. റോസക്കുട്ടി, കേരള സെറാമിക്സ് ചെയര്‍മാന്‍ കെ.ജെ ദേവസ്യ, വിവിധ രൂപതകളില്‍നിന്നുള്ള വികാരി ജനറാള്‍മാര്‍, വൈദികര്‍, സന്യസ്തര്‍, അത്മായ പ്രതിനിധികള്‍, മാനന്തവാടി രൂപതയുടെ എല്ലാ ഇടവകകളില്‍നിന്നുമുള്ള പ്രതിനിധികള്‍, വൈദികര്‍, സമര്‍പ്പിതര്‍ തുടങ്ങിയവര്‍ സന്നിഹിതരാകും.

മാനന്തവാടി രൂപതാ ബിഷപ് മാര്‍ ജോസ് പൊരുന്നേടം സ്വാഗതവും പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോസ് മാത്യു പുഞ്ചയില്‍ നന്ദിയും പറയും. രൂപതാ ഗാനാലാപനം, സ്നേഹവിരുന്ന് എന്നിവ ഉണ്ടാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26