പായ് വഞ്ചിയില്‍ ചരിത്രമെഴുതി അഭിലാഷ് ടോമി; ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ രണ്ടാം സ്ഥാനം; രാജ്യത്തിന് അഭിമാനം

പായ് വഞ്ചിയില്‍ ചരിത്രമെഴുതി അഭിലാഷ് ടോമി; ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ രണ്ടാം സ്ഥാനം; രാജ്യത്തിന് അഭിമാനം

ദക്ഷിണാഫ്രിക്കന്‍ വനിത ക്രിസ്റ്റീന്‍ നോയ്ഷെയ്ഫറാണ് ഒന്നാം സ്ഥാനത്തെത്തിയത്.

പാരിസ്: ഗോള്‍ഡന്‍ ഗ്ലോബ് റേസ് പായ്വഞ്ചിയോട്ട മത്സരത്തില്‍ രണ്ടാം സ്ഥാനത്തെത്തി രാജ്യത്തിന് അഭിമാനമായി മലയാളി നാവികന്‍ അഭിലാഷ് ടോമി. ഫിനിഷിങ് പോയിന്റായ ഫ്രഞ്ച് തീരത്ത് അഭിലാഷ് പായ്വഞ്ചിയുമായി എത്തിച്ചേര്‍ന്നു.

236 ദിവസവും 14 മണിക്കൂറും 46 മിനിറ്റുമെടുത്താണ് അഭിലാഷ് ഫിനിഷ് ചെയ്തത്. 48,000 കിലോമീറ്ററാണ് അതി സാഹസികമായി അഭിലാഷ് പായ്വഞ്ചിയില്‍ തനിയെ കടലില്‍ സഞ്ചരിച്ചത്. നോര്‍ത്ത് അറ്റ്‌ലാന്റിക്കിന്റെ കരയിലെ പടിഞ്ഞാറന്‍ ഫ്രഞ്ച് തുറമുഖമായ ലെ സാബ്ലെ ദെലോനില്‍ നിന്ന് 2022 സെപ്റ്റംബറിലാണ് അഭിലാഷ് യാത്ര തുടങ്ങിയത്.


മത്സരം പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍, ഏഷ്യന്‍ താരമെന്ന അപൂര്‍വ നേട്ടവും താരം സ്വന്തമാക്കി. സെപ്റ്റംബര്‍ നാല് മുതലാണ് അഭിലാഷ് ബയാനത് എന്നു പേരുള്ള പായ്വഞ്ചിയുമായി മത്സരം തുടങ്ങിയത്.

16 പേരാണ് മത്സരം തുടങ്ങിയത്. അഭിലാഷടക്കം രണ്ട് പേര്‍ മാത്രമാണ് ഫിനിഷ് ചെയ്തത്. ദക്ഷിണാഫ്രിക്കന്‍ വനിത ക്രിസ്റ്റീന്‍ നോയ്ഷെയ്ഫറാണ് ഒന്നാം സ്ഥാനത്തെത്തിയത്. മത്സരത്തില്‍ അവശേഷിക്കുന്ന ഓസ്ട്രിയന്‍ നാവികന്‍ മൈക്കല്‍ ഗുഗന്‍ ബര്‍ഗര്‍ വളരെ പിന്നിലാണ്. ഇദ്ദേഹം ഫിനിഷ് ചെയ്യാന്‍ 15 ദിവസത്തിലേറെ എടുത്തേക്കുമെന്നാണ് വിവരം.

യുഎഇ കമ്പനി ബയാനത് ആണ് അഭിലാഷ് ടോമിയുടെ സ്‌പോണ്‍സര്‍മാര്‍. കോഴിക്കോട് സ്വദേശി കൗശിക് കൊടിത്തൊടികയുടെ ഉടമസ്ഥതയിലുള്ള ജെല്ലിഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സ് സഹ സ്‌പോണ്‍സറാണ്.


പായ് വഞ്ചിയുമായി കടലില്‍ ആശയ വിനിമയങ്ങള്‍ സങ്കേതങ്ങള്‍ കുറച്ചു മാത്രം ഉപയോഗിച്ചുള്ള യാത്രയാണ് മത്സരത്തിന്റെ സവിശേഷത. പ്രകൃതിയുടെ വെല്ലുവിളികളും ശരീരിക മാനസിക വെല്ലുവിളികള്‍ അതിജീവിച്ചും ഫിനിഷ് ചെയ്യുക എന്നത് ഏറെ ദുഷ്‌കരമാണ്. സമുദ്ര സാഹസികതയുടെ എവറസ്റ്റ് എന്നാണ് ഗോള്‍ഡന്‍ ഗ്ലോബ് റേസ് അറിയപ്പെടുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.