മലയാളി പെൺകുട്ടിയെ പ്രണയം നടിച്ച് രാജ്യം കടത്താൻ ശ്രമം; പ്രതി സുഹൈൽ അറസ്റ്റിൽ;പെൺകുട്ടിയെ തൊടുപുഴയിലെത്തിച്ച് പോലീസ്

മലയാളി പെൺകുട്ടിയെ പ്രണയം നടിച്ച് രാജ്യം കടത്താൻ ശ്രമം; പ്രതി സുഹൈൽ അറസ്റ്റിൽ;പെൺകുട്ടിയെ തൊടുപുഴയിലെത്തിച്ച് പോലീസ്

ഇടുക്കി: തൊടുപുഴയിലെ 15കാരിയെ പ്രണയം നടിച്ച് ബംഗാളിലേക്ക് കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ച യുവാവ് പിടിയിൽ. കുട്ടിയെ ബംഗ്ലാദേശിലേക്ക് കടത്തുകയായിരുന്നു യുവാവിന്റെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. ഇയാളെ പിന്തുടർന്ന് കൊൽക്കത്തയിലെത്തിയ തൊടുപുഴ പൊലീസ് അതിസാഹസികമായി പെൺകുട്ടിയെ രക്ഷപെടുത്തി. തൊടുപുഴയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന മൂർഷിദാബാദ് സ്വദേശി സുഹൈൽ ഷെയ്ഖാണ് പെൺകുട്ടിയുമായി നാട്ടുവിട്ടത്. സുഹൈലിനെ അറസ്റ്റ് ചെയ്ത് തൊടുപുഴയിലെത്തിച്ചു. സുഹൈലിന് നാട്ടിൽ ഭാര്യയും മക്കളുമുണ്ടായിരുന്നെന്ന് അന്വേഷണത്തിൽ വ്യക്തമായി.

ഏപ്രിൽ 22നാണ് തൊടുപുഴ വെങ്ങല്ലൂർ സ്വദേശിനിയായ 15കാരിയെയും സുഹൈൽ ഷെയ്ഖിനെയും കാണാതായത്. തുടർന്ന് പെൺകുട്ടിയുടെ രക്ഷിതാക്കൾ തൊടുപുഴ ഡിവൈ എസ് പി മധു ബാബുവിന് പരാതി നൽകി. പെൺകുട്ടിയെ സുഹൈൽ കൂട്ടിക്കൊണ്ടുപോയതാണെന്ന് പ്രാഥമിക അന്വേഷത്തിൽ മനസിലായി. സുഹൈലിൻറെ സുഹൃത്തുക്കളായ ഇതര സംസ്ഥാന തൊഴിലാളികളെ ചോദ്യം ചെയ്തതോടെ ഇക്കാര്യം ഉറപ്പിച്ചു. ഇവർ കടന്നത് കൊൽക്കത്തയിലേക്കെന്നും ബോധ്യമായി.

മൊബൈൽ ഫോൺ ഉപേക്ഷിച്ചിട്ടായിരുന്നു ഇരുവരും പോയത്. ഇത് അന്വേഷണം ദുഷ്കരമാക്കി. പെൺകുട്ടിയുടെ രക്ഷിതാവിനെയും കൂട്ടി തൊടുപുഴ പൊലീസ് വിമാന മാർഗം ബുധനാഴ്ച കൊൽക്കത്തയിലേക്ക് പോയി. ബംഗ്ലാദേശ് അതിർത്തിയിലുള്ള മുർഷിദാബാദ് ജില്ലയിൽ ഇവരുണ്ടെന്ന് പൊലീസ് മനസിലാക്കിയിരുന്നു.

മുർഷിദാബാദിലെ സുഹൈൽ ഷെയ്ഖിൻറെ ബന്ധുവീട്ടിലാണ് പൊലീസ് ആദ്യമെത്തിയത്. പെൺകുട്ടിയെ അവിടെനിന്ന് കിട്ടി. ഡോംഗോൾ പൊലീസിൻറെ സഹായത്തോടെയായിരുന്നു നീക്കം. പെൺകുട്ടിയെ അവിടെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുമ്പാകെ ഹാജരാക്കി ഷെൽട്ടർ ഹോമിലേക്ക് മാറ്റി. പിന്നെ പ്രതി സുഹൈൽ ഷെയ്ഖിനെ അയാളുടെ വീട്ടിൽ നിന്ന് പിടികൂടി. ഇയാളെ ബഹ്‌റാംപൂർ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം തൊടുപുഴയിലുമെത്തിച്ചു.

പ്രതിക്ക് ബംഗ്ലദേശ് ബന്ധമുണ്ടെന്നും എസ്ഐ അജയകുമാർ വെളിപ്പെടുത്തി. പ്രതിയുടെ സഹോദരിയെ വിവാഹം ചെയ്തയച്ചത് ബംഗ്ലദേശിലേക്കാണ്. മാത്രമല്ല, ഇവരുടെ വീടും ബംഗ്ലദേശ് അതിർത്തിയോടു ചേർന്നാണ്. ഇവിടുത്തുകാർക്ക് നിശ്ചിത സമയത്ത് രേഖകളൊന്നും കൂടാതെ തന്നെ ബംഗ്ലദേശിലേക്കു കടക്കാൻ സംവിധാനമുള്ളതിനാൽ, പെൺകുട്ടിയെ ബംഗ്ലദേശിലേക്കു കടുത്താനുള്ള സാധ്യതയുമുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.