അരിക്കൊമ്പന്‍ പെരിയാര്‍ കടുവ സങ്കേതത്തിലേക്ക്; കുമളി പഞ്ചായത്തില്‍ നിരോധനാജ്ഞ

അരിക്കൊമ്പന്‍ പെരിയാര്‍ കടുവ സങ്കേതത്തിലേക്ക്; കുമളി പഞ്ചായത്തില്‍ നിരോധനാജ്ഞ

ചിന്നക്കനാല്‍: മണിക്കൂറുകള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ പിടികൂടിയ അരിക്കൊമ്പന്‍ പെരിയാര്‍ കടുവ സങ്കേതത്തിലേക്ക്. പെരിയാര്‍ കടുവ സങ്കേതത്തിനുള്ളിലെ സീനിയറോട വന മേഖലയാണ് നാടിനെ വിറപ്പിച്ച് വിളയാടിയ അരിക്കൊമ്പന്റെ പുതിയ വാസ സ്ഥലം.

മൂന്നാര്‍-തേക്കടി സംസ്ഥാന പാതയില്‍ നെടുങ്കണ്ടം-കുമളി-വള്ളക്കടവ് റൂട്ടിലൂടെയാണ് അരിക്കൊമ്പനെ പെരിയാര്‍ വന്യജീവി സങ്കേതത്തിലേക്ക് കൊണ്ടുപോകുന്നത്. യാത്രയ്ക്ക് തടസമുണ്ടാകാതിരിക്കുന്നതിന് കുമളി പട്ടണത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

കുമളിയില്‍ നിന്ന് 22 കിലോമീറ്റര്‍ അകലെയാണ് സീനിയറോട. ജനവാസകേന്ദ്രത്തില്‍ നിന്ന് 21 കിലോമീറ്റര്‍ അകലെയായതിനാല്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല എന്ന നിഗമനത്തിലാണ് വനംവകുപ്പ് അധികൃതര്‍. ആനയ്ക്ക് റേഡിയോ കോളര്‍ ഘടിപ്പിച്ചിട്ടുണ്ട്.

ശക്തമായ മഴയും കാറ്റും കോടമഞ്ഞും ദൗത്യം ദുഷ്‌കരമാക്കിയിരുന്നു. നാല് കുങ്കിയാനകള്‍ ചേര്‍ന്ന് ആനയെ തള്ളിക്കയറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് മഴ പെയ്തത്. അനിമല്‍ ആംബുലന്‍സിന്റെ സമീപത്താണ് അരിക്കൊമ്പന്‍ നിന്നിരുന്നത്.

ഏഴ് ഡോസ് മയക്കുവെടികള്‍ ഏറ്റിട്ടും ശൗര്യം വിടാത്ത കൊമ്പനെ കനത്ത വെല്ലുവിളികള്‍ക്കിടയിലും അനിമല്‍ ആംബുലന്‍സില്‍ കയറ്റുകയായിരുന്നു. വളരെ പ്രതികൂല സാഹചര്യത്തിലാണ് അരിക്കൊമ്പനെ പിടികൂടുന്നതിനായി ദൗത്യസംഘം പ്രവര്‍ത്തിച്ചതെന്ന് മന്ത്രി പറഞ്ഞു. ധീരമായ നടപടിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായത്. ഉദ്യോഗസ്ഥരെയും വെറ്റിനറി ഡോക്ടറെയും അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.

ചിന്നക്കനാലില്‍ സിമന്റ് പാലത്തിന് സമീപത്തു വച്ചാണ് അരിക്കൊമ്പനെ മയക്കുവെടി വച്ചത്. ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലായിരുന്നു ആദ്യ ഡോസ് മയക്കു വെടിവച്ചത്. വനം വകുപ്പ് ജീവനക്കാര്‍, ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ വെറ്ററിനറി സര്‍ജന്‍മാര്‍, കുങ്കിയാനകളുടെ പാപ്പാന്മാര്‍ എന്നിവരുള്‍പ്പെടെ 150 പേരാണ് മിഷന്‍ അരിക്കൊമ്പനില്‍ പങ്കെടുക്കുത്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.