അപകീര്‍ത്തി കേസ്: രാഹുലിന്റെ അപ്പീലില്‍ വാദം തുടരും; കേസ് വീണ്ടും ചൊവ്വാഴ്ച പരിഗണിക്കും

അപകീര്‍ത്തി കേസ്: രാഹുലിന്റെ അപ്പീലില്‍ വാദം തുടരും; കേസ് വീണ്ടും ചൊവ്വാഴ്ച  പരിഗണിക്കും

അഹമ്മദാബാദ്: അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധി ഗുജറാത്ത് ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലില്‍ വാദം തുടരും. കേസ് വീണ്ടും ചൊവ്വാഴ്ച പരിഗണിക്കും. അപ്പീലില്‍ മറുപടി സമര്‍പ്പിക്കാന്‍ പൂര്‍ണേഷ് മോഡിക്ക് കോടതി സമയം നല്‍കി. അപ്പീല്‍ ഹര്‍ജി ചൊവ്വാഴ്ച തന്നെ തീര്‍പ്പാക്കാം എന്നും കോടതി പറഞ്ഞു.

മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിങ്‌വിയാണ് രാഹുലിനായി ഹാജരായത്. രാഹുലിന് എതിരായ കേസ് ഗുരുതര സ്വഭാവമുള്ളതല്ലെന്ന് അദേഹം വാദിച്ചിരുന്നു. എവിഡന്‍സ് ആക്ട് പ്രകാരം നിലനില്‍ക്കുന്ന തെളിവുകള്‍ ഹാജരാക്കപ്പെട്ടിട്ടില്ല.

കേസ് നിയമപരമായി നിലനില്‍ക്കുന്നതല്ല. രാഹുലിന് ഉണ്ടാവുന്ന നഷ്ടം ഏറെ വലുതാണ്. ജനങ്ങള്‍ തിരഞ്ഞെടുത്ത എംപിയെ ജനങ്ങളെ സേവിക്കാന്‍ അനുവദിക്കണമെന്നും സിങ്‌വി പറഞ്ഞു.

രാഹുല്‍ സ്ഥാനം മറന്നുകൂടെന്നും പരാമര്‍ശങ്ങളും പ്രസ്താവനകളും നടത്തുമ്പോള്‍ അത് ഓര്‍ക്കണമെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ഹേമന്ദ് പ്രച്ഛക് ആണ് ഹര്‍ജി പരിഗണിച്ചത്.

രാഹുലിന്റെ അപ്പീല്‍ നേരത്തെ ജസ്റ്റിസ് ഗീതാ ഗോപിയുടെ ബെഞ്ചിന് മുന്നിലാണ് വന്നതെങ്കിലും കാരണം വ്യക്തമാക്കാതെ അവര്‍ പിന്മാറിയിരുന്നു. തുടര്‍ന്നാണ് പുതിയ ബെഞ്ചിന് മുന്നിലേക്ക് അപ്പീല്‍ എത്തിയത്.

അപകീര്‍ത്തി കേസില്‍ കുറ്റക്കാരനെന്ന വിധിക്ക് സ്റ്റേ ആവശ്യപ്പെട്ടാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്. മജിസ്‌ട്രേറ്റ് കോടതിയുടെ വിധി സെഷന്‍സ് കോടതിയും സ്റ്റേ ചെയ്യാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്.

സ്റ്റേ ലഭിച്ചാല്‍ ലോക്‌സഭാ എംപി സ്ഥാനം പുനസ്ഥാപിക്കപ്പെടും. എംപി സ്ഥാനത്ത് നിന്നും അയോഗ്യനായതോടെ കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി ഔദ്യോഗിക വസതി ഒഴിഞ്ഞിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.