ക്രിമിനല്‍ കേസില്‍ നാല് വര്‍ഷം തടവ്; പ്രതിപക്ഷ നിരയില്‍ ഒരാള്‍ക്കൂടി അയോഗ്യനാക്കപ്പെടും: രാമനവമി സംഘര്‍ഷത്തില്‍ മുന്‍ ബിജെപി എംഎല്‍എ അറസ്റ്റില്‍

ക്രിമിനല്‍ കേസില്‍ നാല് വര്‍ഷം തടവ്; പ്രതിപക്ഷ നിരയില്‍ ഒരാള്‍ക്കൂടി അയോഗ്യനാക്കപ്പെടും: രാമനവമി സംഘര്‍ഷത്തില്‍ മുന്‍ ബിജെപി എംഎല്‍എ അറസ്റ്റില്‍

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്ക് പിന്നാലെ പ്രതിപക്ഷ നിരയിലെ ഒരാള്‍ക്കൂടി അയോഗ്യനാക്കപ്പെടും. കൊലക്കേസില്‍ ശിക്ഷിച്ചതിന് പിന്നാലെ ബിഎസ്പി നേതാവ് അഫ്‌സല്‍ അന്‍സാരിക്കാണ് എംപി സ്ഥാനം നഷ്ടപ്പെടുക. ബിജെപി എംഎല്‍എ കൃഷ്ണാനന്ദ് റായെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിലാണ് അഫ്‌സല്‍ അന്‍സാരിയെ കോടതി നാല് വര്‍ഷം തടവിന് ശിക്ഷിച്ചത്. ഒരു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.

രണ്ട് വര്‍ഷമോ അതില്‍ കൂടുതലോ തടവിന് വിധിക്കപ്പെട്ടാല്‍ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെടുമെന്നാണ് പാര്‍ലമെന്റ് ചട്ടം. അതിനാല്‍ രാഹുല്‍ ഗാന്ധിയ്ക്ക് സമാനമായി അഫ്‌സല്‍ അന്‍സാരിയ്‌ക്കെതിരെയും പാര്‍ലമെന്റെ സെക്രട്ടറിയേറ്റ് നടപടി സ്വീകരിക്കും. നിലവില്‍ ഗാസിപൂരില്‍ നിന്നുള്ള എംപിയാണ് അഫ്‌സല്‍ അന്‍സാരി.

2011 ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ തട്ടിക്കൊണ്ടു പോകല്‍. കൊലപാതകം എന്നീ വകുപ്പുകള്‍ പ്രകാരമാണ് അഫ്‌സല്‍ അന്‍സാരിയെ കോടതി ശിക്ഷിച്ചത്. അദ്ദേഹത്തിന്റെ സഹോദരന്‍ മുഖ്താര്‍ അന്‍സാരിയെ ഇതേ കേസില്‍ പത്ത് വര്‍ഷം തടവിന് കോടതി ശിക്ഷിച്ചു.

അതേസമയം ബീഹാറില്‍ രാമനവമി ദിവസമുണ്ടായ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് മുന്‍ ബിജെപി എംഎല്‍എ ജവഹര്‍ പ്രസാദിനെ പൊലീസ് അറസ്റ്റു ചെയ്തു. സസാറാം ജില്ലയില്‍ നടന്ന അക്രമങ്ങളിലാണ് ബിജെപി നേതാവിനെ അറസ്റ്റ് ചെയ്തത്.

സംഘര്‍ഷങ്ങളില്‍ ജവഹര്‍ പ്രസാദിന്റെ പങ്ക് തെളിഞ്ഞ സാഹചര്യത്തിലാണ് അറസ്റ്റെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു. ആക്രമണങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ രാഷ്ട്രീയ ബന്ധങ്ങള്‍ നോക്കാതെ കേസെടുത്തിട്ടുണ്ടെന്നും നിതീഷ് കുമാര്‍ വ്യക്തമാക്കി.

അറസ്റ്റിനെതിരെ ബിജെപിയും രംഗത്തെത്തി. രാമനവമി ഘോഷയാത്രയെ തുടര്‍ന്നുണ്ടായ അക്രമങ്ങളില്‍ ബിജെപിയെ പ്രതിക്കൂട്ടിലാക്കാന്‍ മാത്രമാണ് പ്രസാദിനെ അറസ്റ്റ് ചെയ്തതെന്ന് മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോഡി ആരോപിച്ചു. എന്നാല്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ബിജെപി വര്‍ഗീയ ധ്രുവീകരണം നടത്തുകയാണെന്ന് ആര്‍ജെഡി വക്താവ് ഇജാസ് അഹമ്മദും കുറ്റപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.