ടെക്സസില്‍ അയല്‍വാസിയുടെ വെടിയേറ്റ് കുട്ടി ഉള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു; പ്രതിക്കായി തെരച്ചില്‍

ടെക്സസില്‍ അയല്‍വാസിയുടെ വെടിയേറ്റ് കുട്ടി ഉള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു; പ്രതിക്കായി തെരച്ചില്‍

ടെക്സാസ്: അമേരിക്കയിലെ ടെക്സാസിലുണ്ടായ വെടിവയ്പ്പില്‍ എട്ട് വയസുള്ള കുട്ടിയടക്കം അഞ്ചുപേര്‍ കൊല്ലപ്പെട്ടു. ടെക്സാസിലെ ക്ലീവ് ലാന്‍ഡില്‍ പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി 11:30 നാണ് നടുക്കുന്ന സംഭവം ഉണ്ടായത്. വെടിയൊച്ച ശല്യമാവുന്നുവെന്ന് പരാതിപ്പെട്ട അയല്‍ക്കാരനെയും കുടുംബത്തെയുമാണ് ടെക്‌സസ് സ്വദേശി ഫ്രാന്‍സിസ്‌കോ ഒറോപേസ വെടിവച്ച് കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ മൂന്നു പേര്‍ക്ക് പരുക്കേറ്റു. കൊലപാതകത്തിന് ശേഷം മദ്യപിച്ച് സംഭവ സ്ഥലത്ത് നിന്ന് മുങ്ങിയ 38 വയസുകാരനായ ഫ്രാന്‍സിസ്‌കോ ഒറോപേസയ്ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. അഞ്ച് കൊലപാതക കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

വീടിന് പുറത്ത് തന്റെ തോക്കുപയോഗിച്ച് വെടിയുതിര്‍ത്ത് കളിക്കുകയായിരുന്ന ഫ്രാന്‍സിസ്‌കോ ഒറോപേസയോട് കുഞ്ഞ് ഉറങ്ങുകയാണെന്നും ശബ്ദമുണ്ടാക്കരുതെന്നും അയല്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. ഇത് തന്റെ വീടാണെന്നും ഇഷ്ടമുള്ളത് ചെയ്യുമെന്നുമായിരുന്നു പ്രതികരണം. ശേഷം ഒറോപേസ അയല്‍വീട്ടില്‍ ചെന്ന് എട്ട് വയസുള്ള കുട്ടിയെ അടക്കം അഞ്ചുപേരെ വെടിവച്ച് കൊല്ലുകയായിരുന്നു.

രണ്ട് സ്ത്രീകളുടെ മൃതദേഹം കിടന്നിരുന്നത് എട്ടുവയസുള്ള കുട്ടിയുടെ ശരീരത്തിന് മുകളിലായിരുന്നു. കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചതായിരുന്നു ഇതെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.

കൊല്ലപ്പെട്ടവരുടെയെല്ലാം കഴുത്തിലാണ് വെടിയേറ്റത്. വീട്ടിലുണ്ടായിരുന്ന 10 പേരില്‍ നാലുപേര്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. ആശുപത്രിയിലെത്തിച്ച ശേഷമാണ് എട്ട് വയസുള്ള കുട്ടി മരിച്ചത്. ഹോണ്ടുറാസ് സ്വദേശികളാണ് കൊല്ലപ്പെട്ടവരെല്ലാം. കൊലപാതകിയായ ഫ്രാന്‍സിസ്‌കോ ഒറോപേസ മെക്സിക്കയില്‍ നിന്ന് യുഎസിലെത്തിയയാളാണ്. കുറ്റക്കാര്‍ക്കെതിരെ നിയമത്തിന്റെ മുഴുവന്‍ സാധ്യതകളും ഉപയോഗപ്പെടുത്തണമെന്ന് ഹോണ്ടുറാസ് വിദേശകാര്യ മന്ത്രി എഡ്വേര്‍ഡോ എന്റിക് റീന ആവശ്യപ്പെട്ടു.

19 വിദ്യാര്‍ഥികളും രണ്ട് അധ്യാപകരും കൊല്ലപ്പെട്ട ടെക്സാസിലെ എലിമെന്ററി സ്‌കൂളില്‍ നടന്ന കൂട്ട വെടിവയ്പ്പിന് ഒരു വര്‍ഷത്തിനുള്ളിലാണ് അമേരിക്കയെ നടുക്കിയ അടുത്ത സംഭവമുണ്ടായത്.

140 ലധികം കൂട്ടവെടിവയ്പ്പുകളാണ് ഈ വര്‍ഷം മാത്രം അമേരിക്കയില്‍ നടന്നത്. തോക്ക് നിയന്ത്രണത്തിനുള്ള ആഹ്വാനം പ്രസിഡന്റ് ജോ ബൈഡന്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയെങ്കിലും അതൊന്നും പ്രാബല്യത്തില്‍ വരുത്താന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.