ഫ്ലാറ്റിൽ നിന്നു വീണ് വീട്ടുജോലിക്കാരിക്ക് ഗുരുതര പരിക്കേറ്റ സംഭവം: വീണ്ടും ഫ്ലാറ്റുടമയുടെ മൊഴിയെടുക്കും

ഫ്ലാറ്റിൽ നിന്നു വീണ് വീട്ടുജോലിക്കാരിക്ക് ഗുരുതര പരിക്കേറ്റ സംഭവം: വീണ്ടും ഫ്ലാറ്റുടമയുടെ മൊഴിയെടുക്കും

കൊച്ചി: കൊച്ചിയിൽ ഫ്ലാറ്റിൽ നിന്നുവീണ് വീട്ട് ജോലിക്കാരിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തിൽ ഫ്ളാറ്റുടമ ഇംത്യാസ് അഹമ്മദിന്‍റെ മൊഴി പോലീസ് വീണ്ടുമെടുക്കും. പരിക്കേറ്റ് ചികിത്സയിലുള്ള കുമാരിയുടെ ഭർത്താവിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. മൊഴി നൽകിയപ്പോൾ ഫ്ലാറ്റ് ഉടമയുടെ പേര് പറയാത്തതിനാലാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ ഇംത്യാസിന്‍റെ പേര് ചേർക്കാത്തതെന്നും പോലീസ് വ്യക്തമാക്കി.

ഇക്കഴിഞ്ഞ നാലാം തീയതിയാണ് സേലം സ്വദേശി ശ്രീനിവാസന്‍റെ ഭാര്യ കുമാരിയെ മറൈൻ ഡ്രൈവിലെ ലിങ്ക് ഹൊറൈസൻ ഫ്ലാറ്റിന് താഴെ വീണ് രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. ദുരൂഹമായ ഈ അപകടത്തിന് കാരണം ഫ്ലാറ്റ് ഉടമയാണെന്നാണ് കുമാരിയുടെ ഭർത്താവിന്‍റെ പരാതി. അഭിഭാഷകനായ ഇംത്യാസ് അഹമ്മദിന്‍റെ ഫ്ലാറ്റിൽ വീട്ടുജോലിക്കാരിയായ കുമാരി അദ്ദേഹത്തിൽ നിന്ന് 10000 രൂപ അഡ്വാൻസ് വാങ്ങിയിരുന്നു. അടിയന്തര ആവശ്യത്തിന് വീട്ടിൽ പോകാൻ അനുവാദം ചോദിച്ചപ്പോൾ അഡ്വാൻസ് തിരിച്ച് നൽകാതെ പോകാൻ പറ്റില്ലെന്ന് പറഞ്ഞ് പൂട്ടിയിട്ടെന്ന് പരാതിക്കാരൻ മൊഴി നൽകിയിട്ടുണ്ട്.

എന്നാൽ ആദ്യ ഘട്ട ചോദ്യം ചെയ്യലിൽ താൻ കുമാരിയെ തടഞ്ഞുവിച്ചിട്ടില്ലെന്നാണ് ഇംത്യാസും ഭാര്യയും മൊഴി നൽകിയിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് ഫ്ലാറ്റ് ഉടമയെ വീണ്ടും ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനിച്ചിട്ടുള്ളത്. നിലവിൽ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തി മാത്രമാണ് പോലീസ് കേസെടുത്തിട്ടുള്ളത്. എഫ്ഐആറിൽ പ്രതി ആരെന്ന് രേഖപ്പെടുത്തിയിട്ടുമില്ല. എന്നാൽ ശ്രീനിവാസൻ നൽകിയ മൊഴിയിൽ ഫ്ലാറ്റ് ഉടമ എന്ന് മാത്രമാണുള്ളതെന്നും ആരുടെയും പേര് പരാതിക്കാരൻ പറയാത്തതിനാലാണ് അങ്ങനെ ചെയ്തതെന്നും പോലീസ് വിശദീകരിക്കുന്നു. തുടരന്വേഷണം നടത്തി പ്രതിയെ കണ്ടെത്തി പേരുൾപ്പെടുത്തിയുള്ള റിപ്പോർട്ട് കോടതിയിൽ നൽകുമെന്നും പോലീസ് അറയിച്ചു. കുമാരിയുടെ ആരോഗ്യ നിലയിൽ നേരിയ മാറ്റം ഉണ്ടെന്നും മൊഴി രേഖപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.