'ദയവായി ഇക്കാര്യങ്ങളും പറയൂ': പ്രധാനമന്ത്രിയോട് ചോദ്യങ്ങളുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര

'ദയവായി ഇക്കാര്യങ്ങളും പറയൂ': പ്രധാനമന്ത്രിയോട് ചോദ്യങ്ങളുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിന്റെ നൂറാം അധ്യായത്തിന് മുമ്പായി ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. ഗുസ്തി താരങ്ങളുടെ സമരവും അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണങ്ങളും ഉന്നയിച്ചാണ് ട്വിറ്ററിലൂടെ പ്രധാനമന്ത്രിയോട് ചോദ്യമുന്നയിക്കുന്നത്.

'ബഹുമാനപ്പെട്ട പ്രിയ മോഡിജി ഇന്ന് യുഎന്‍ ആസ്ഥാനത്ത് തത്സമയം സംപ്രേക്ഷണം ചെയ്യുന്നത് മന്‍ കി ബാത്തിന്റെ നൂറാം എപ്പിസോഡാണ്. ദയവായി ഞങ്ങളുടെ രണ്ട് ചോദ്യത്തിന് മറുപടി പറയൂവെന്നാണ് പറയുന്നത്.

1. എന്തുകൊണ്ട് ഇന്ത്യയിലെ കായിക താരങ്ങളെ ശക്തരായ ബിജെപി വേട്ടക്കാരില്‍ നിന്ന് സംരക്ഷിക്കാന്‍ കഴിയുന്നില്ല. 2. എന്തുകൊണ്ടാണ് സെബിക്ക് സുപ്രീം കോടതി നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ അദാനി വിഷയത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല മഹുവ ട്വിറ്ററില്‍ കുറിച്ചു.

ബിജെപി എംപിയും ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റുമായ ബ്രിജ് ഭൂഷനെതിരെ നടപടി ആവശ്യപ്പെട്ട് ഞായറാഴ്ച മുതല്‍ ഗുസ്തി താരങ്ങള്‍ ജന്തര്‍ മന്ദറില്‍ സത്യാഗ്രഹം നടത്തിവരികയാണ്. അദാനി ഗ്രൂപ്പിനെതിരെയുള്ള ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടത്തുന്ന അന്വേഷണം പൂര്‍ത്തിയാക്കാന്‍ ആറുമാസം കൂടി സമയം ആവശ്യപ്പെട്ട് സെബി സുപ്രീംകോടതിയില്‍ കഴിഞ്ഞ ദിവസം അപേക്ഷ നല്‍കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.