ഉദരത്തിലെ കണ്‍മണികള്‍ സയാമിസ് ഇരട്ടകള്‍; ഗര്‍ഭച്ഛിദ്രത്തിന് വിട്ടുകൊടുക്കാതെ വളര്‍ത്താനുറച്ച് കത്തോലിക്ക ദമ്പതികള്‍

ഉദരത്തിലെ കണ്‍മണികള്‍ സയാമിസ് ഇരട്ടകള്‍; ഗര്‍ഭച്ഛിദ്രത്തിന് വിട്ടുകൊടുക്കാതെ വളര്‍ത്താനുറച്ച് കത്തോലിക്ക ദമ്പതികള്‍

മിഷിഗണ്‍: ഉദരത്തില്‍ ഉരുവായ ആദ്യത്തെ കണ്‍മണിക്കു വേണ്ടിയുള്ള കാത്തിരിപ്പ് മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം ഏറ്റവും മനോഹരമായ അനുഭവമാണ്. അത് ഇരട്ടകളാണെന്നറിയുമ്പോള്‍ ആഹ്‌ളാദവും ഇരട്ടിയാകും. അങ്ങനെ കാത്തിരിക്കുമ്പോഴാണ് അമേരിക്കന്‍ സ്വദേശിനിയായ നിക്കോള്‍ ലെബ്ലാങ്കും ഭര്‍ത്താവ് ഓസ്റ്റിനും വേദനയോടെ അറിഞ്ഞത് ഉദരത്തിലുള്ള തങ്ങളുടെ മക്കള്‍ സയാമിസ് ഇരട്ടകളാണെന്ന്. അതായത് ഹൃദയവും കരളും ഉള്‍പ്പെടെയുള്ള പല ആന്തരീകാവയവങ്ങളും പങ്കിടുന്ന സയാമിസ് ഇരട്ടകള്‍.

ഡോക്ടറുടെ വാക്കുകള്‍ ഞെട്ടിച്ചെങ്കിലും അടിയുറച്ച ദൈവവിശ്വാസിയായ നിക്കോള്‍ തളര്‍ന്നില്ല. കാരണം താന്‍ പഠിച്ചു വളര്‍ന്ന ക്രിസ്തീയ മൂല്യങ്ങള്‍ അവളില്‍ അത്രയ്ക്കു വേരുറപ്പിച്ചിരുന്നു. കുരുന്നു ജീവനെ നശിപ്പിക്കുന്നത് പാപമാണെന്നും ഗര്‍ഭാശയം കൊലക്കളമാകാന്‍ അനുവദിക്കരുതെന്നും ഉറച്ചുവിശ്വസിക്കുന്ന ആ അമ്മ തന്റെ പൊന്നോമനകള്‍ക്ക് ജന്മമേകാനുള്ള തീരുമാനത്തിലാണ്. ജീവന്‍ ദൈവത്തിന്റെ ദാനമാണെന്ന് ഉറച്ചുവിശ്വസിക്കുന്ന ജീവിത പങ്കാളിയുടെ പിന്തുണയും അവള്‍ക്ക് കരുത്തായുണ്ട്.



അമേരിക്കയിലെ മിഷിഗണിലാണ് കത്തോലിക്കാ ദമ്പതികളായ നിക്കോള്‍ ലെബ്ലാങ്കും ഭര്‍ത്താവ് ഓസ്റ്റിനും താമസിക്കുന്നത്. ഗര്‍ഭിണിയാണെന്നറിഞ്ഞ് നടത്തിയ സ്‌കാനിങ്ങിലാണ് തങ്ങളുടെ കുഞ്ഞുങ്ങള്‍ സമാമിസ് ഇരട്ടകളാണെന്ന് അവര്‍ അറിഞ്ഞത്. മാത്രമല്ല, കുഞ്ഞുങ്ങള്‍ ഒരു ഹൃദയവും ഒരു കരളും ഒരു ഡയഫ്രവും (ഉദരവും ശ്വാസകോശവും വേര്‍തിരിക്കുന്ന മാംസപേശി) ഒരു കുടലും പങ്കിടുന്നവരാണെന്ന നടുക്കുന്ന സത്യവും തിരിച്ചറിഞ്ഞു.

ഗര്‍ഭാവസ്ഥ സങ്കീര്‍ണമാണെന്ന് അറിയിച്ച ഡോക്ടര്‍മാര്‍ അബോര്‍ഷന് നിര്‍ദേശിച്ചിട്ടും ഗര്‍ഭച്ഛിദ്രത്തിന് നിക്കോള്‍ തയാറായില്ല. ത്യാഗപൂര്‍ണമായ ഒരു ജീവിതത്തിലേക്കുള്ള ദൈവവിളി അവള്‍ തിരിച്ചറിയുകയായിരുന്നു.

ദൈവം നല്‍കിയ കുഞ്ഞുങ്ങളെ സ്നേഹത്തോടെ സ്വീകരിക്കാനായിരുന്നു ഇവരുടെ തീരുമാനം. 'എന്റെ ഉദരത്തിലുള്ള കുഞ്ഞുങ്ങള്‍ ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും പൂര്‍ണമായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അവര്‍ക്ക് ഈ ഭൂമിയില്‍ ജീവിക്കാന്‍ സാധിച്ചില്ലെങ്കിലും അവരുടെ ജീവിതം സ്വാധീനം ചെലുത്തുന്നതാകുമെന്ന് ഞാന്‍ കരുതുന്നു. എന്റെ കുഞ്ഞുങ്ങള്‍ ജീവിച്ചിരിപ്പുണ്ടെന്ന് ആളുകള്‍ അറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു' - നിക്കോള്‍ ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ പറഞ്ഞു.

ഇരുവര്‍ക്കുമായി ഒരു ഹൃദയം മാത്രമേ ഉള്ളെങ്കിലും ഇരട്ടക്കുട്ടികള്‍ അവരുടെ ഗര്‍ഭകാലത്തിന് അനുയോജ്യമായ രീതിയില്‍ വളരുന്നതിനെ കുറിച്ച് നിക്കോള്‍ പങ്കുവെച്ചതും ശ്രദ്ധേയമാണ്: 'ഞങ്ങളുടെ കുഞ്ഞുങ്ങളുമായി എത്ര സമയം ചെലവഴിക്കാനാകുമെന്ന് ഞങ്ങള്‍ക്കറിയില്ല. സാഹചര്യങ്ങള്‍ പൂര്‍ണമായി ദൈവത്തിന് വിട്ടുകൊടുത്തിരിക്കുകയാണ്. ജൂണില്‍ 35-ാമത്തെ ആഴ്ചയില്‍ സിസേറിയന് വിധേയമാകും. 25 ആഴ്ച പ്രായമുള്ള ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് നിലവില്‍ ഹൃദയസ്തംഭനത്തിന്റെ ലക്ഷണങ്ങളൊന്നുമില്ല.'

വിശുദ്ധ കുര്‍ബാനയിലും ദിവസവും ഒരുമിച്ചുള്ള ജപമാല പ്രാര്‍ത്ഥനയിലും ആശ്വാസവും ശക്തിയും കണ്ടെത്തുന്ന നിക്കോള്‍-ഓസ്റ്റിന്‍ ദമ്പതികള്‍ അടിയുറച്ച കത്തോലിക്കാ വിശ്വാസികളാണ്. ഈ അനുഭവം വിശ്വാസത്തിന്റെ ഒരു പരീക്ഷണമാണെന്നാണ് ഓസ്റ്റിന്‍ വിശ്വസിക്കുന്നത്. 'ദൈവത്തിന് എല്ലാത്തിനും ഒരു പദ്ധതിയും ലക്ഷ്യവുമുണ്ടെന്നു തിരിച്ചറിയുകയാണ് ഞങ്ങള്‍' - ഓസ്റ്റിന്‍ കൂട്ടിച്ചേര്‍ത്തു.

നിരവധി വിശുദ്ധന്മാരും ബൈബിളിലെ വ്യക്തികളും നിക്കോളിനെ സ്വാധീനിച്ചിട്ടുണ്ട്. അതുകൊണ്ട് ഇരട്ട പെണ്‍മക്കള്‍ക്ക് പേരും നിശ്ചയിച്ചു കഴിഞ്ഞു - മരിയ തെരേസ്, റേച്ചല്‍ ക്ലെയര്‍.

തങ്ങള്‍ പ്രോ ലൈഫ് തലമുറയാണെന്നും ഗര്‍ഭച്ഛിദ്രത്തില്‍നിന്ന് കഴിയുന്നത്ര കുഞ്ഞുങ്ങളെ രക്ഷിക്കേണ്ട ദൗത്യം തങ്ങളുടെ കുടുംബത്തിനുണ്ടെന്നും വാക്കുകൊണ്ടും ജീവിതംകൊണ്ടും തെളിയിക്കുകയാണ് ഈ ദമ്പതികള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.