ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായത്തോടെ ലക്ഷണങ്ങൾ കാണുന്നതിനു മുമ്പെ കാൻസർ കണ്ടെത്താം; പുത്തൻ കണ്ടുപിടിത്തവുമായി ബ്രിട്ടീഷ് ശാസ്ത്രജ്ഞർ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായത്തോടെ ലക്ഷണങ്ങൾ കാണുന്നതിനു മുമ്പെ കാൻസർ കണ്ടെത്താം; പുത്തൻ കണ്ടുപിടിത്തവുമായി ബ്രിട്ടീഷ് ശാസ്ത്രജ്ഞർ

ലണ്ടൻ: അടുത്തിടെയായി ഏറ്റവും അധികം ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മനുഷ്യനെ മാറ്റിസ്ഥാപിക്കുന്ന ഒരു ദിവസം വരുമോ എന്ന ആശങ്കയിലാണ് ഭൂരിഭാഗം പേരും. വൈദ്യശാസ്ത്ര രംഗത്ത് എഐയ്ക്ക് ഒരുപാട് കാര്യങ്ങൾ സംഭാവന ചെയ്യാനാകുമെന്നാണ് വിലയിരുത്തൽ. ഇത് തെളിയിക്കുന്ന നിരവധി വാർത്തകളും പുറത്തു വന്നിരുന്നു.

ഇപ്പോഴിതാ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ കാൻസർ നിർണ്ണയം നടത്താനാകുമെന്ന് പറയുകയാണ് ശാസ്ത്രഞ്ജരും ഡോക്ടർമാരും. രോഗ ലക്ഷണങ്ങൾ പ്രകടമാക്കുന്നതിന് മുൻപാണ് എഐയുടെ സഹായത്തോടെ രോഗനിർണ്ണയം നടത്തിയിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമ്മിതി ബുദ്ധിയിൽ പ്രവർത്തിക്കുന്ന ഈ സംവിധാനത്തിന് നിലവിലെ മറ്റേതൊരു പരിശോധനാ രീതികളേക്കാൾ കൂടുതൽ കൃത്യമായി ഫലം പ്രഖ്യാപിക്കാൻ കഴിയുമെന്നും പഠനം വെളിപ്പെടുത്തുന്നു.

റോയൽ മാഴ്സ്ഡൻ എൻ എച്ച് എസ് ട്രസ്റ്റ്, ഇൻസ്റ്റിറ്റിയുട്ട് ഓഫ് കാൻസർ റിസർച്ച്, ഇംപീരിയൽ കോളേജ് ലണ്ടൻ എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ദ്ധർ സംയുക്തമായി വികസിപ്പിച്ചെടുത്ത ഈ എ ഐ ടൂളിന്, സി ടി സ്‌കാനിൽ കണ്ടെത്തുന്ന അസാധാരണ വളർച്ചകൾ കാൻസർ ആണോ എന്ന് എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കും. ലോകത്താകമാനമായി ഓരോ വർഷവും ഏകദേശം ഒരു കോടിയോളം ആളുകളാണ് കാൻസർ മൂലം മരണമടയുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നു.

സി ടി സ്‌കാനിൽ അസാധാരണ വളർച്ച ദൃശ്യമായതും വലിയ ലംഗ് മോഡ്യുൾ ഉള്ളവരുമായ 500 രോഗികളുടെ സി ടി സ്‌കാൻ ഉപയോഗിച്ചാണ് ഈ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അൽഗൊരിതം വികസിപ്പിച്ചത്. സാധാരണ മനുഷ്യ നേത്രങ്ങൾക്ക് കണ്ടെത്താൻ ബുദ്ധിമുട്ടുള്ള സുപ്രധാന വിവരങ്ങൾ വരെ, ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഒരു മെഡിക്കൽ ഇമേജിൽ നിന്നും കണ്ടെത്താൻ കഴിയും.

നേരത്തേ കണ്ടെത്തിയാൽ മിക്ക കാൻസർ രോ​ഗങ്ങളും ചികിത്സിച്ച് ഭേദമാക്കാവുന്ന നിലയിലുള്ള ആധുനിക ചികിത്സകൾ ഇന്ന് ലഭ്യമാണ്. എന്നാൽ, രോഗം നേരത്തെ കണ്ടെത്തുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. ഈ ഒരു പ്രശ്നത്തിന് വലിയൊരു പരിധിവരെ പരിഹാരം കാണാൻ ഈ പുതിയ പരിശോധന സംവിധാനത്തിന് കഴിയുമെന്നാണ് ആരോഗ്യ രംഗത്തെ പ്രമുഖർ പറയുന്നു. ഭാവിയിൽ രോഗം നേരത്തെ കണ്ടെത്താനും അതുവഴി ഫലപ്രദമായ ചികിത്സ നൽകി മരണനിരക്ക് കുറയ്ക്കുവാനും കഴിയും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.