തൂക്കിക്കൊല്ലുന്നത് മനുഷ്യത്വരഹിതം: പകരം വേദന കുറഞ്ഞ ബദല്‍ മാര്‍ഗം; നിര്‍ണായക ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

തൂക്കിക്കൊല്ലുന്നത് മനുഷ്യത്വരഹിതം: പകരം വേദന കുറഞ്ഞ ബദല്‍ മാര്‍ഗം; നിര്‍ണായക ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: തൂങ്ങിമരണം മനുഷ്യത്വ രഹിതവും വേദനാജനകവുമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജി സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിഷയത്തില്‍ നിലപാട് വ്യക്തമാക്കാനും തൂക്കിക്കൊലയ്ക്ക് പകരം വേദന കുറഞ്ഞ ബദല്‍ മാര്‍ഗങ്ങളുടെ സാധ്യതകള്‍ തേടാനും കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.

അതേസമയം തൂക്കിക്കൊലയല്ലാതെ മറ്റ് വഴികളില്ലെന്നാണ് ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.

അഭിഭാഷകനായ ഋഷി മല്‍ഹോത്ര 2017 ലാണ് വധശിക്ഷ നടപ്പാക്കാന്‍ കൂടുതല്‍ മാന്യമായ മാര്‍ഗം ആവശ്യപ്പെട്ട് പൊതു താല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്തത്. അന്തസുള്ള മരണം മനുഷ്യന്റെ മൗലിക അവകാശമാണെന്നും തൂക്കിലേറ്റുമ്പോള്‍ ഈ അന്തസ് ഹനിക്കപ്പെടുന്നുവെന്നുമാണ് ഹര്‍ജിയില്‍ പറഞ്ഞത്.

1973 ലെ ക്രിമിനല്‍ നടപടി ചട്ടം സെക്ഷന്‍ 354(5) ന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്തായിരുന്നു ഹര്‍ജി. തൂക്കിലേറ്റുന്നതിന് പകരം വെടിവച്ചു കൊല്ലുക, ഇന്‍ജക്ഷന്‍ നല്‍കിയുളള കൊല, ഇലക്ട്രിക് കസേര തുടങ്ങിയ ബദല്‍ വധശിക്ഷാ മാര്‍ഗങ്ങളും ഹര്‍ജിയില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

തൂക്കിലേറ്റുമ്പോഴുണ്ടാകുന്ന ആഘാതവും വേദനയും സംബന്ധിച്ച് എന്തെങ്കിലും തരത്തിലുള്ള പഠനമോ വിവര ശേഖരണമോ നടന്നിട്ടുണ്ടോയെന്നും ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് ആരാഞ്ഞു. ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ട രമണിയ്ക്ക് കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.