എറണാകുളം-അങ്കമാലി അതിരൂപത തര്‍ക്കം; മാര്‍ ആലഞ്ചേരിയും സ്ഥിരം സിനഡ് അംഗങ്ങളും ഇന്ന് വത്തിക്കാനില്‍

എറണാകുളം-അങ്കമാലി അതിരൂപത തര്‍ക്കം; മാര്‍ ആലഞ്ചേരിയും സ്ഥിരം സിനഡ് അംഗങ്ങളും ഇന്ന് വത്തിക്കാനില്‍

കൊച്ചി: സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിയും സ്ഥിരം സിനഡ് അംഗങ്ങളായ നാല് ആര്‍ച്ച് ബിഷപ്പുമാരും ഇന്ന് വത്തിക്കാനില്‍. നാളെ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയുമായും പൗരസ്ത്യ തിരുസംഘം അധ്യക്ഷനുമായും കൂടിക്കാഴ്ച നടത്തും. സീറോ മലബാര്‍ സഭ എറണാകുളം-അങ്കമാലി അതിരൂപത വിഭജിക്കാന്‍ നീക്കമെന്ന അഭ്യൂഹത്തിനു പിന്നാലെയാണ് മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ നേതൃത്വത്തിലുള്ള സംഘം വത്തിക്കാനിലെത്തിയത്.

എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഇന്നലെ വൈകിട്ടു വത്തിക്കാനിലേക്കു തിരിച്ചിരുന്നു. കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി ഇന്നെത്തും.

എറണാകളും-അങ്കമാലി അതിരൂപതയിലെ പ്രതിസന്ധി പരിഹരിക്കാനുള്ള ശുപാര്‍ശകള്‍ മെത്രാന്മാര്‍ വത്തിക്കാനെ അറിയിക്കും. എറണാകുളം- അങ്കമാലി അതിരൂപതയെ രണ്ടായി വിഭജിക്കുന്നതുള്‍പ്പെടെയുള്ള ശുപാര്‍ശകളാണ് പരിഗണിക്കുന്നത്. കാക്കനാട് മൗണ്ട് സെന്റ് തോമസിനോടു ചേര്‍ന്നുള്ള പ്രദേശത്തെ ഏതാനും പള്ളികള്‍ ഉള്‍പ്പെടുത്തി മേജര്‍ ആര്‍ച്ചു ബിഷപ്പിന്റെ സ്ഥാനിക രൂപത എന്ന നിലയില്‍ പുതിയ രൂപത രൂപീകരിക്കാനാണ് നിര്‍ദേശമുള്ളത്.

എറണാകുളം ആര്‍ച്ച് ബിഷപ്‌സ് കൂരിയ അതിരൂപതയുടെ ആസ്ഥാനം സെന്റ് മേരീസ് ബസലിക്കയും പുതിയ രൂപതയുടെ ആസ്ഥാനം കാക്കനാട് സെന്റ് തോമസ് മൗണ്ട് ആയിരിക്കും. എറണാകുളം-അങ്കമാലി അതിരൂപത വിഭജിക്കുന്നതോടെ നിലവിലെ പ്രശ്‌നങ്ങള്‍ക്കു പരിഹാരമാകുമെന്നാണ് ഒരു വിഭാഗത്തിന്റെ കണക്കുകൂട്ടല്‍. പുതിയ രൂപതയ്ക്ക് എറണാകുളമെന്നു പേരിടാനും സാധ്യതയുണ്ട്. എന്നാല്‍, ഈ നീക്കത്തെ എന്തു വിലകൊടുത്തും തടയുമെന്നാണ് അതിരൂപതയിലെ വൈദികരുടെ മുന്നറിയിപ്പ്.

അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് വിഭജന നീക്കത്തെക്കുറിച്ച് ആലോചനാ സമിതിയില്‍ പരാമര്‍ശിച്ചുവെന്നാണ് വിവരം. എന്നാല്‍ ഈ നീക്കത്തെ തടയുമെന്നാണ് വിമത വൈദീകരുടെ മുന്നറിയിപ്പ്.

സീറോ മലബാര്‍ സഭയിലെ പൊതുധാരയോടു കലഹിച്ചു നില്‍ക്കുന്ന എറണാകുളം-അങ്കമാലി അതിരൂപതയെ വിഭജിച്ചു ശക്തി ക്ഷയിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ആരോപണം. എറണാകുളം-അങ്കമാലി, ചങ്ങനാശേരി, തലശേരി, തൃശൂര്‍ അടക്കമുള്ള അതിരൂപതകളെ വിഭജിച്ചു പുതിയ രൂപതകള്‍ സ്ഥാപിക്കാന്‍ മുമ്പും ആലോചനയുണ്ടായിരുന്നു. പ്രത്യേക സാഹചര്യത്തെ തുടര്‍ന്ന് തീരുമാനം മാറ്റിവെച്ചിരിക്കുകയായിരുന്നു.

വിശുദ്ധ കുര്‍ബ്ബാന ഏകീകരണം, ഭൂമി വിവാദം എന്നിങ്ങനെയുള്ള വിഷയങ്ങളില്‍ സീറോ മലബാര്‍ സഭയിലെ പൊതുധാരയോടു കലഹിച്ചു നില്‍ക്കുന്ന എറണാകുളം-അങ്കമാലി അതിരൂപത മാര്‍പ്പാപ്പ നിയമിച്ച അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്ററെ പോലും അംഗീകരിക്കാന്‍ തയ്യാറായില്ല. പൊലീസ് സംരക്ഷണത്തോടെയാണ് അദ്ദേഹം അതിരൂപത ആസ്ഥാനത്ത് വന്നിരുന്നത്.

സ്ഥിരം സിനഡിന്റെ റോമാ യാത്രയോടെ എറണാകുളം-അങ്കമാലി അതിരൂപതയില്‍ സമാധാനം സ്ഥാപിക്കപ്പെടുമെന്നാണ് വിശ്വാസികളുടെ പ്രതീക്ഷ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.