ഓസ്ട്രേലിയയില്‍ മത്സ്യബന്ധനത്തിനിടെ കാണാതായ വയോധികന്റെ ശരീരഭാഗങ്ങള്‍ മുതലയുടെ വയറ്റില്‍ കണ്ടെത്തി

ഓസ്ട്രേലിയയില്‍ മത്സ്യബന്ധനത്തിനിടെ കാണാതായ വയോധികന്റെ ശരീരഭാഗങ്ങള്‍ മുതലയുടെ വയറ്റില്‍ കണ്ടെത്തി

സിഡ്നി: മത്സ്യബന്ധനത്തിനിടെ കാണാതായ ഓസ്ട്രേലിയന്‍ പൗരന്റെ മൃതദേഹാവശിഷ്ടം മുതലയുടെ വയറ്റില്‍ കണ്ടെത്തി. ക്വീന്‍സ്ലന്‍ഡിലെ ഗ്രാമീണ പട്ടണമായ ലൗറയില്‍ താമസിക്കുന്ന കെവിന്‍ ഡാര്‍മോഡി എന്ന 65 വയസുകാരന്റെ ശരീരാവശിഷ്ടമാണ് മുതലയുടെ വയറ്റില്‍ കണ്ടെത്തിയത്. ക്വീന്‍സ്ലന്‍ഡിലെ വിദൂര മേഖലയിലുള്ള നദിയില്‍ മത്സ്യബന്ധനത്തിനിടെ ഇയാളെ കാണാതാകുകയായിരുന്നു.

ശനിയാഴ്ചയാണ് കെവിന്‍ ഉള്‍പ്പെടുന്ന സംഘം മത്സ്യബന്ധനത്തിനായി ക്വീന്‍സ്ലാന്‍ഡിലെ റിനിയിരു (ലേക്ക്ഫീല്‍ഡ്) ദേശീയ പാര്‍ക്കിലെത്തുന്നത്. മുതലകളുടെ ആവാസ സ്ഥലമായ കെന്നഡി നദിക്കരയിലാണ് അവസാനമായി കെവിനെ കണ്ടത്.

മുതലകള്‍ അടുത്തെത്തിയെങ്കിലും ഇവയെ ഓടിച്ച് ഇവര്‍ മത്സ്യബന്ധനം തുടരുകയായിരുന്നെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഇതിനിടെ കെവിന്‍ വെള്ളത്തില്‍ വീഴുകയും കാണാതാകുകയുമായിരുന്നു.

ഏറെ നേരത്തെ തിരച്ചിലിനു ശേഷവും കെവിനെ കാണാതായതോടെ അന്വേഷണം രണ്ടു മുതലകളിലേക്കെത്തുകയായിരുന്നു. രണ്ടു മുതലകള്‍ ചേര്‍ന്നാണ് കെവിനെ ആക്രമിച്ചത്. റേഞ്ചര്‍മാര്‍ രണ്ടു മുതലകളെ വെടിവെച്ചു കൊന്ന ശേഷം നടത്തിയ പരിശോധനയില്‍ ഒരു മുതലയുടെ വയറ്റിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. 14 അടിയാണ് ഒരു മുതലയുടെ വലിപ്പം. രണ്ടാമത്തേതിന് ഒമ്പതടി വലിപ്പമുണ്ട്.

ദാരുണമായ അന്ത്യം എന്നാണ് സംഭവത്തെ പൊലീസ് ഉദ്യോഗസ്ഥന്‍ വിശേഷിപ്പിച്ചത്. സംഭവത്തിനു പിന്നാലെ ജാഗ്രത പാലിക്കണമെന്ന് ക്യൂന്‍സ്ലന്‍ഡ് സ്റ്റേറ്റ് വൈല്‍ഡ് ലൈഫ് ഓഫീസര്‍ മൈക്കല്‍ ജോയ്സ് ജനങ്ങളോട് അഭ്യര്‍ഥിച്ചു.

ഓസ്ട്രേലിയയുടെ ഉഷ്ണമേഖലാ വടക്കന്‍ ഭാഗത്ത് മുതലകള്‍ സാധാരണമാണ്, എന്നാല്‍ ആക്രമണങ്ങള്‍ വളരെ അപൂര്‍വ്വമാണ്. 1985-നു ശേഷം ക്വീന്‍സ്ലന്‍ഡില്‍ നടക്കുന്ന 13-ാമത്തെ മാരകമായ ആക്രമണമാണിത്.

2021-ല്‍ ക്വീന്‍സ്ലന്‍ഡിലെ ഹിഞ്ചിന്‍ബ്രൂക്ക് ദ്വീപില്‍ സമാനമായ സാഹചര്യത്തില്‍ ഒരു മത്സ്യത്തൊഴിലാളിയെ മുതല കൊന്നു. 2017 ലും 2016 ലും സംസ്ഥാനത്തിന്റെ വടക്കന്‍ ഭാഗത്ത് മാരകമായ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

1974-ല്‍ വേട്ടയാടല്‍ നിരോധിച്ച ശേഷം ക്വീന്‍സ്ലന്‍ഡില്‍ മുതലകളുടെ എണ്ണം 5,000-ത്തില്‍ നിന്ന് 30,000 ആയി ഉയര്‍ന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26