ലോകബാങ്കിന്റെ തലപ്പത്തേക്ക് ഇന്ത്യന്‍ വംശജന്‍; അജയ് ബംഗ പുതിയ പ്രസിഡന്റായി ജൂൺ രണ്ടിന് ചുമതലയേൽക്കും

ലോകബാങ്കിന്റെ തലപ്പത്തേക്ക് ഇന്ത്യന്‍ വംശജന്‍; അജയ് ബംഗ പുതിയ പ്രസിഡന്റായി ജൂൺ രണ്ടിന് ചുമതലയേൽക്കും

വാഷിംഗ്ടൺ: ലോകബാങ്കിന്റെ തലപ്പത്തേക്ക് ഇന്ത്യന്‍ വംശജന്‍. വ്യവസായിയും മാസ്റ്റർ കാർഡിന്റെ മുൻ സിഇഒയുമായ അജയ് ബംഗ ലോകബാങ്കിന്റെ അടുത്ത പ്രസിഡന്റാകും. ബുധനാഴ്ചയാണ് അജയ് ബംഗ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതായി ലോകബാങ്ക് സ്ഥിരീകരിച്ചത്. 

ആദ്യമായാണ് ഇന്ത്യൻ വംശജനായ ഒരാൾ ലോകബാങ്കിന്റെ തലപ്പത്തേക്ക് എത്തുന്നത്. ബുധനാഴ്ച ചേർന്ന 25 അംഗ വേൾഡ് ബാങ്ക് എക്‌സിക്യൂട്ടീവ് ബോർഡിലാണ് തീരുമാനം. ലോകബാങ്ക് ബോർഡ് അംഗങ്ങൾ തിങ്കളാഴ്ച നാല് മണിക്കൂർ ബംഗയുമായി അഭിമുഖം നടത്തിയതിന് ശേഷമാണ് തിരഞ്ഞെടുപ്പ് നടന്നത്.

എതിരാളികൾ ആരുമില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. അഞ്ച് വർഷമാണ് കാലാവധി. ജൂൺ രണ്ടിന് ചുമതലയേൽക്കും. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനാണ് 63 കാരനായ ബംഗയെ ലോകബാങ്ക് പ്രസിഡന്റായി നിർദ്ദേശിച്ചത്.

കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിടാൻ പ്രാപ്തനായ വ്യക്തി ആണെന്ന് പറഞ്ഞുകൊണ്ടായിരുന്നു അജയ് ബംഗയുടെ പേര് ബൈഡൻ നിർദ്ദേശിച്ചത്. നിരവധി നോബൽ സമ്മാന ജേതാക്കളും ബംഗയെ പിന്തുണച്ചവരിൽ ഉൾപ്പെടുന്നു. ലോകബാങ്കിന്റെ നിലവിലെ പ്രസിഡന്റായ ഡേവിഡ് മാൽപാസ് സ്ഥാനമൊഴിയുന്നതിനാലാണ് പുതിയ നിയമനം.

പൂനെയിൽ ജനിച്ച ബംഗ ഷിംലയിലെ സെന്റ് എഡ്വേർഡ് സ്‌കൂളിൽ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അച്ഛൻ പട്ടാളത്തിൽ ഉദ്യോഗസ്ഥനായിരുന്നു. ഡൽഹി യൂണിവേഴ്‌സിറ്റിയിലെ സെന്റ് സ്റ്റീഫൻസ് കോളജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി. അമേരിക്കൻ പൗരനായ ബംഗ ഏകദേശം 12 വർഷത്തോളം മാസ്റ്റർ കാർഡിന്റെ തലവനായിരുന്നു. 2021 ഡിസംബറിലാണ് ഈ സ്ഥാനത്ത് നിന്ന് അദ്ദേഹം വിരമിച്ചത്.

അമേരിക്കൻ റെഡ് ക്രോസ്, ക്രാഫ്റ്റ് ഫുഡ്സ്, ഡൗ ഇൻക് എന്നിവയുടെ ബോർഡുകളിലും ബംഗ സേവനമനുഷ്ഠിച്ചിട്ടുണ്ട്. യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസിനൊപ്പം പാർട്ണർഷിപ്പ് ഫോർ സെൻട്രൽ അമേരിക്കയുടെ കോ-ചെയർ ആയി അജയ് പ്രവർത്തിച്ചിട്ടുണ്ട്. 

ത്രിരാഷ്ട്ര കമ്മീഷനിലും അംഗമാണ്. അജയ് യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഫോറത്തിന്റെ സ്ഥാപക ട്രസ്റ്റിയും യുണൈറ്റഡ് സ്റ്റേറ്റ്സ്-ചൈന റിലേഷൻസ് ദേശീയ സമിതി അംഗവുമാണ്. അമേരിക്കൻ ഇന്ത്യ ഫൗണ്ടേഷന്റെ ചെയർമാൻ എമിരിറ്റസ് കൂടിയാണ് അദ്ദേഹം. 2016 ൽ രാജ്യം അദ്ദേഹത്തിന് പത്മശ്രീ നൽകി ആദരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.