വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ പ്രതിവാര സദസിനിടെ ഫ്രാന്‍സിസ് പാപ്പയെ അഭിവാദ്യം ചെയ്ത് റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയിലെ മെത്രാപ്പോലീത്ത. മോസ്‌കോ പാത്രിയാര്‍ക്കേറ്റിന്റെ എക്‌സ്റ്റേണല്‍ ചര്‍ച്ച് റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ചെയര്‍മാനായ ആന്റണി വോളോകോളാംസ്‌ക് മെത്രാപ്പോലീത്തയാണ് മാര്‍പ്പാപ്പയെ കാണാനെത്തിയത്. ഉക്രെയ്‌നിലെ റഷ്യന്‍ അധിനിവേശം അനിശ്ചിതമായി തുടരുന്ന പശ്ചാത്തലത്തില്‍, യുദ്ധം അവസാനിപ്പിക്കണമെന്നും സമാധാനം പുലരണമെന്നും വാദിക്കുന്ന മാര്‍പ്പാപ്പയുമായുള്ള റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയിലെ മെത്രാപ്പോലീത്തയുടെ കൂടിക്കാഴ്ച്ചയ്ക്ക് രാഷ്ട്രീയ മാനങ്ങള്‍ ഏറെയാണ്.
റഷ്യന്‍ ഓര്‍ത്തഡോക്സ് പാത്രിയര്‍ക്കീസിനു പിന്നില്‍ രണ്ടാം സ്ഥാനത്തുള്ള മെത്രാപ്പോലീത്തയാണ് ആന്റണി വോളോകോളാംസ്‌ക്. പാത്രിയാര്‍ക്കീസായ കിറിലാകട്ടെ പുടിന്റെ ഏറ്റവും അടുത്ത വിശ്വസ്തനും ഉക്രെയ്നിലെ റഷ്യന്‍ അധിനിവേശത്തെ പൂര്‍ണമായി പിന്തുണയ്ക്കുന്ന ആത്മീയ നേതാവുമാണ്. ഈ സാഹചര്യത്തിലാണ് സൗഹാര്‍ദപൂര്‍ണമായ കൂടിക്കാഴ്ച്ചയ്ക്ക് പ്രസക്തിയേറുന്നത്. അതേസമയം കൂടിക്കാഴ്ച്ചയുടെ വിശദാംശങ്ങള്‍ വത്തിക്കാന്‍ വെളിപ്പെടുത്തിയിട്ടില്ല. ആന്റണി വോളോകോളാംസ്‌ക് മെത്രാപ്പോലീത്ത മറ്റ് വത്തിക്കാന്‍ ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി.
കൂടിക്കാഴ്ചയുടെ സമാപനത്തില്‍ ഫ്രാന്‍സിസ് പാപ്പ, ഓര്‍ത്തഡോക്സ് മെത്രാപ്പോലീത്തമാര്‍ ധരിക്കുന്ന ദൈവമാതാവിന്റെ ചിഹ്നമുള്ള മെഡലില്‍ (പനാജിയ) ചുംബിച്ചു. തുടര്‍ന്ന് മാര്‍പാപ്പ മെത്രാപ്പോലീത്തക്ക് ഒരു മെഡല്‍ നല്‍കി. ആന്റണി മെത്രാപ്പോലീത്ത മാര്‍പാപ്പയ്ക്കു പനാജിയ സമ്മാനിച്ചു. റോമില്‍ പൗരസ്ത്യ സഭകള്‍ക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റ് ആര്‍ച്ച് ബിഷപ്പ് ക്ലോഡിയോ ഗുജെറോത്തിയുമായും മെത്രാപ്പോലീത്ത കൂടിക്കാഴ്ച നടത്തി.
മോസ്‌കോയിലെ പാത്രിയാര്‍ക്കീസ് കിറിലിന്റെ ആശീര്‍വാദത്തോടെയാണ് ആന്റണി മെത്രാപ്പോലീത്ത ഹ്രസ്വ സന്ദര്‍ശനത്തിനായി ഇറ്റലിയില്‍ എത്തിയതെന്ന് മോസ്‌കോ പാത്രിയാര്‍ക്കേറ്റ്സ് ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ എക്സ്റ്റേണല്‍ ചര്‍ച്ച് റിലേഷന്‍സിന്റെ വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹംഗറിയിലെ തന്റെ ത്രിദിന അപ്പസ്തോലിക സന്ദര്‍ശനം പൂര്‍ത്തിയാക്കി റോമിലേക്കുള്ള മടക്ക യാത്രാവേളയില്‍ ഫ്രാന്‍സിസ് പാപ്പയോട്, ഉക്രെയ്നില്‍ സമാധാനം സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുന്നതിനെക്കുറിച്ച് ചര്‍ച്ചകളുണ്ടായോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചിരുന്നു.
എത്രയും വേഗം സമാധാനം ഉണ്ടാകണമെന്നതാണ് എല്ലാവരുടെയും ആഗ്രഹം എന്ന് മറുപടി പറഞ്ഞ പാപ്പ. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രത്യേക സമാധാന ദൗത്യത്തെക്കുറിച്ച് പരാമര്‍ശിച്ചു. എന്നാല്‍ ഇതു സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ പരസ്യമാക്കാന്‍ സമയമായിട്ടില്ലെന്നും പിന്നീട് വെളിപ്പെടുത്തുമെന്നും പാപ്പ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.