വി യൗസേപ്പ് പിതാവിന്റെ വർഷം : പത്രിസ് കൊദ്രെ പ്രകാശനം ചെയ്തുകൊണ്ട് ഫ്രാൻസിസ് പാപ്പാ

വി യൗസേപ്പ് പിതാവിന്റെ വർഷം : പത്രിസ് കൊദ്രെ പ്രകാശനം ചെയ്തുകൊണ്ട് ഫ്രാൻസിസ് പാപ്പാ

വത്തിക്കാൻ സിറ്റി :വി യൗസേപ് പിതാവിനെ ആഗോളസഭയുടെ മധ്യസ്ഥനായി പ്രഖ്യാപിച്ചതിന്റെ 150ആം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി 'പത്രിസ്‌ കൊദ്രെ ' ( പിതാവിന്റെ ഹൃദയം ) എന്ന അപ്പസ്തോലിക ലേഖനം ഫ്രാൻസിസ് മാർപാപ്പ പ്രകാശനം ചെയ്തു .അമലോത്ഭവ തിരുന്നാളായിരുന്ന ഡിസംബർ 8ന് ആയിരുന്നു പ്രകാശനം നിർവഹിച്ചത് . ഒൻപതാം പിയുസ്‌ മാർപാപ്പ 1870ൽ ആണ് വി യൗസേപ്പ് പിതാവിനെ ആഗോളസഭയുടെ മധ്യസ്ഥനായി പ്രഖ്യാപിച്ചത്‌. 2020 ഡിസംബർ 8 മുതൽ 2021 ഡിസംബർ 8 വരെ വി യൗസേപ്പ് പിതാവിന്റെ വർഷമായി ആചരിക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു .

സുവിശേഷങ്ങള്‍ വ്യക്തമാക്കുന്ന പ്രകാരം നസ്രത്തിലെ ജോസഫ് പിതൃഹൃദയത്തോടെ യേശുവിനെ സ്നേഹിച്ചുവെന്ന് പാപ്പാ പ്രസ്താവിക്കുന്നു . യേശുവിന്‍റെ വളര്‍ത്തു പിതാവിനെ സംബന്ധിച്ചു സുവിശേഷങ്ങള്‍ രേഖപ്പെടുത്തുന്ന പരിമിതമായ ഭാഗങ്ങള്‍ ഉദ്ധരിച്ചുകൊണ്ടും, രക്ഷണീയ പദ്ധതിയില്‍ വിശുദ്ധ യൗസേപ്പിതാവിനുള്ള അതുല്യമായ പങ്ക് രേഖപ്പെടുത്തിക്കൊണ്ടുമാണ് ഫ്രാന്‍സിസ് പാപ്പാ തന്‍റെ ലിഖിതം ആരംഭിക്കുന്നത്. രക്ഷാകര ചരിത്രത്തില്‍ യൗസേപ്പിതാവിന്റെ നിശബ്ദമായ സേവനം സകല വിശ്വാസികളും മാതൃകയാക്കണമെന്നു ഫ്രാന്‍സിസ് മാർപാപ്പ ഉദ്‌ബോധിപ്പിച്ചു. ആഗോള സഭയുടെ മധ്യസ്ഥൻ, തൊഴിലാളികളുടെ മധ്യസ്ഥൻ , രക്ഷകന്റെ സംരക്ഷകൻ, നൽമരണത്തിന്റെ മധ്യസ്ഥൻ തുടങ്ങിയ സ്ഥാനപ്പേരുകൾ എടുത്തു പറഞ്ഞുകൊണ്ട് യൗസേപ്പിതാവിന്റെ വ്യക്തിത്വത്തിന്റെ സവിശേഷതകൾ തന്റെ ലേഖനത്തിൽ പാപ്പാ എടുത്തു പറയുന്നു.

പൊതുസമൂഹത്തിന് മുൻപിൽ പ്രത്യക്ഷപ്പെടാതെ നിശബ്ദമായി സഹിക്കുന്നവരെയും നിശബ്ദ സേവനവുമായി കഴിഞ്ഞുകൂടുന്ന മെഡിക്കല്‍ മേഖലയിലെ ജീവനക്കാരെയും രോഗീപരിചാരകരെയും അനുസ്മരിച്ചുകൊണ്ടാണ് താന്‍ ഈ അപ്പസ്തോലിക ലിഖിതം കുറിക്കുന്നതെന്ന് ഫ്രാന്‍സിസ് പാപ്പാ പറയുന്നു. പാപ്പയുടെ ലേഖനത്തിൽ വി യൗസേപ്പിതാവിന്റെ 
താഴെപ്പറയുന്ന വിശേഷണങ്ങള്‍ എടുത്തു പറയുന്നു.

വാത്സല്യമുള്ള പിതാവ്

മൃദലമായ സ്നേഹവും ലാളിത്യവുമുള്ള അപ്പൻ

അനുസരണയുടെ മാതൃകയായ കുടുംബനാഥന്‍

 മറിയത്തെ  നിരുപാധീകമായി  അംഗീകരിച്ച വിരക്തനായ ഭര്‍ത്താവ്

വിശുദ്ധനിലെ ആത്മധൈര്യം

 ക്രിയാത്മകതയുള്ള വ്യക്തി

നിശ്ശബ്ദസേവനം ചെയ്തുകൊണ്ടു പിന്നണിയിൽ പ്രവർത്തിക്കുന്ന കഠിനാദ്ധ്വാനിയായ പിതാവ്

ഈ ആത്മീയ വിശേഷണങ്ങള്‍ കോർത്തിണക്കി, വിശുദ്ധ യൗസേപ്പിനോടുള്ള മനോഹരമായ പ്രാര്‍ത്ഥനയോട് കൂടി , “പിതാവിന്റെ ഹൃദയം” എന്ന അപ്പസ്തോലിക ലിഖിതം പാപ്പാ ഉപസംഹരിക്കുന്നു. മറ്റെല്ലാ നോമ്പുകാല സന്ദേശങ്ങളിലും എന്നപോലെ തന്നെ, 'മാനസാന്തരം' എന്ന കൃപ വി യൗസേപ്പ്പിതാവിനോട് പ്രാർത്ഥിക്കണം എന്ന് പാപ്പാ എടുത്തുപറഞ്ഞു. അതുമാത്രമാണ് എന്നും നാം യാചിക്കേണ്ടത് എന്ന് പാപ്പാ ഓർമ്മിപ്പിച്ചു. സ്വന്തമായി രചിച്ച തിരുക്കുടുംബ പാലകനോടുള്ള പ്രാര്‍ത്ഥന രേഖപ്പെടുത്തിക്കൊണ്ട്, പാപ്പാ അപ്പസ്തോലിക ലിഖിതം ഉപസംഹരിച്ചു.


യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

'ദിവ്യരക്ഷകന്‍റെ പ്രിയ കാവല്‍ക്കാരാ, അങ്ങു വാഴ്ത്തപ്പെടട്ടേ! പരിശുദ്ധ കന്യകാനാഥയുടെ ഭര്‍ത്താവേ, അങ്ങേ കരങ്ങളില്‍ ദൈവം തന്‍റെ ഏകജാതന്‍ യേശുവിനെ ഭരമേല്പിച്ചു. പരിശുദ്ധ മറിയം അങ്ങില്‍ ഏറെ വിശ്വാസമര്‍പ്പിച്ചു. അങ്ങയോടുകൂടെയും അങ്ങിലും ക്രിസ്തു ഒരു സമ്പൂര്‍ണ്ണ മനുഷ്യനായി. വിശുദ്ധ യൗസേപ്പിതാവേ, ഞങ്ങള്‍ അങ്ങില്‍ അഭയം തേടുന്നു. ജീവിതപാതയില്‍ അങ്ങു ഞങ്ങള്‍ക്കു തുണയായിരിക്കണമേ. ഞങ്ങള്‍ക്കായി കൃപയും കാരുണ്യവും ആത്മധൈര്യവും നേടിത്തരണമേ. എല്ലാ തിന്മകളില്‍നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ, ആമേന്‍.'


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.