ഇനി മറ്റ് സഭകളില്‍ നിന്നും വിവാഹം കഴിക്കാം; രക്തശുദ്ധിവാദത്തിന് വിട നല്‍കി ക്നാനായ സഭ

 ഇനി മറ്റ് സഭകളില്‍ നിന്നും വിവാഹം കഴിക്കാം; രക്തശുദ്ധിവാദത്തിന് വിട നല്‍കി ക്നാനായ സഭ

കാസര്‍കോട്: രക്തശുദ്ധിവാദത്തിന് വിടനല്‍കി ക്നാനായ സഭ. കാഞ്ഞങ്ങാട് കൊട്ടോടി സ്വദേശി ജസ്റ്റിന്‍ ജോണ്‍ മംഗലത്തിന്റെ ക്നാനായ സഭാംഗത്വം നിലനിര്‍ത്തി മറ്റൊരു രൂപതയില്‍ നിന്നും വിവാഹം കഴിക്കാന്‍ സഭ അനുമതി നല്‍കിയതോടെയാണ് നിര്‍ണായക തീരുമാനം ഉണ്ടായത്. ഇതോടെ ക്നാനായ സഭയില്‍ നിന്നല്ലാതെ മറ്റ് ക്രിസ്തീയ സഭകളില്‍ നിന്നും വിവാഹം കഴിക്കരുതെന്ന നിയമത്തിന് അവസാനമായിരിക്കുകയാണ്.

ക്നാനായ സഭയില്‍ പെട്ടവര്‍ മറ്റ് സഭകളില്‍ നിന്നും വിവാഹം കഴിച്ചാല്‍ രക്തശുദ്ധി നഷ്ടമാകുമെന്ന വിശ്വാസം നിലവിലുണ്ടായിരുന്നു. ഈ വിശ്വാസ പ്രകാരം മറ്റ് സഭകളില്‍ നിന്നും വിവാഹം കഴിക്കാന്‍ ക്നാനായ സഭയിലെ വിശ്വാസികള്‍ക്ക് അനുമതി ഉണ്ടായിരുന്നില്ല. ഇതിനെതിരെ മജിസ്ട്രേറ്റ് കോടതി മുതല്‍ സുപ്രീം കോടതി വരെ വിധി പുറപ്പെടുവിച്ചിട്ടും നിലപാട് മാറ്റാന്‍ സഭ തയ്യാറായിരുന്നില്ല.

സീറോ മലബാര്‍ സഭയില്‍ പെട്ട വിജിമോളുമായാണ് ജസ്റ്റിന്റെ വിവാഹം നിശ്ചയിച്ചത്. കോടതി വിധി ഉള്ളതിനാല്‍ വിവാഹത്തിന് അനുമതി നല്‍കാന്‍ സഭാ നേതൃത്വം നിര്‍ബന്ധിക്കപ്പെടുകയായിരുന്നു. ഇതോടെ ക്നാനായ സഭയിലെ നവീകരണ പ്രസ്ഥാനമായ കെസിഎന്‍സി നടത്തിയ പോരാട്ടങ്ങളെ സഭ പിന്തുണയ്ക്കേണ്ടി വന്നു.

തലശേരി അതിരൂപതയുടെ കീഴിലുള്ള പള്ളിയില്‍ വെച്ചാണ് ജസ്റ്റിന്റെയും വിജിമോളുടെയും വിവാഹം നിശ്ചയം നടന്നത്. ജസ്റ്റിന്റെ ഇടവകയായ കൊട്ടോടി സെന്റ് ആന്‍സ് പള്ളി വിവാഹത്തിന് അനുമതി നല്‍കി.

ബിജുവിന്റെ കേസ് ഇങ്ങനെ:

1989 ലായിരുന്നു ബിജുവിന്റെ വിവാഹം. ദമ്പതികള്‍ ക്നാനായ വിഭാഗത്തില്‍ നിന്നായിരുന്നിട്ടും ബിജുവിന്റെ മുത്തശി ലാറ്റിന്‍ സമുദായക്കാരിയാണെന്നു പറഞ്ഞ് സഭാ അധികാരികള്‍ വിവാഹക്കുറി നിഷേധിക്കുകയായിരുന്നു. ബിജുവിന്റെ മുത്തശി ലാറ്റിന്‍ വിഭാഗക്കാരിയാണെന്നും അതിനാല്‍ ബിജുവിന് രക്തശുദ്ധി ഇല്ലെന്നുമായിരുന്നു സഭയുടെ വാദം. ഇക്കാര്യം പറഞ്ഞ് കുറി നിഷേധിക്കുകയായിരുന്നു. 35 വര്‍ഷം നീണ്ട നിയമ പോരാട്ടമാണ് ബിജു നടത്തിയത്.

ജസ്റ്റിന്റെ വിവാഹത്തോടെ സഭ കോടതി വിധിക്ക് വഴങ്ങുകയായിരുന്നു.

2021 ലെ കോടതി വിധി

മറ്റ് സഭകളില്‍ നിന്നും വിവാഹം കഴിക്കുന്നവര്‍ സ്വയം പ്രഖ്യാപിത ഭ്രഷ്ട് നേരിട്ടിരുന്നു. സഭയിലെ ഭ്രഷ്ട് ഭയപ്പെട്ട് വിവാഹം കഴിക്കാത്തവരുമുണ്ട്. ഇതിനെതിരെ ശക്തമായ പോരാട്ടം നടത്തിയാണ് കെസിഎന്‍എസ് വിജയം നേടിയത്.

കെസിഎന്‍എസ് സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ 2021 ഏപ്രില്‍ 30 ന് കോട്ടയം അഡീഷണല്‍ സബ് കോടതി മറ്റേതെങ്കിലും രൂപതയില്‍ നിന്നുള്ള ഒരു കത്തോലിക്ക വിശ്വാസിയെ വിവാഹം കഴിച്ചതിന് കോട്ടയം ആര്‍ച്ച്പാര്‍ക്കി അംഗത്വം അവസാനിപ്പിക്കുന്നത് നിരോധിച്ചുകൊണ്ട് സ്ഥിരമായ നിരോധന ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

അപ്പീല്‍ ജില്ലാ കോടതി തള്ളിയതിനെത്തുടര്‍ന്ന് മെട്രോപൊളിറ്റന്‍ ആര്‍ച്ച് ബിഷപ്പും ആര്‍ച്ച്പാര്‍ക്കിയും നിരോധനം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. മാര്‍ച്ച് 10 ന് ജസ്റ്റിസ് എം.ആര്‍ അനിതയുടെ സിംഗിള്‍ ബെഞ്ച് കീഴ്‌ക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ചിരുന്നുവെങ്കിലും ബിഷപ്പിന്റെ ആശങ്കകള്‍ ബെഞ്ച് കേട്ടിരുന്നു.

ഇടക്കാല ക്രമീകരണം അപ്പീല്‍ അന്തിമ തീര്‍പ്പാക്കുന്നതുവരെ തുടരുമെന്ന് ഹൈക്കോടതി അറിയിച്ചു. ഇതനുസരിച്ച് കോട്ടയം ആര്‍ച്ചിപാര്‍ക്കിക്ക് കീഴിലുള്ള ഏതെങ്കിലും സഭയിലെ അംഗങ്ങള്‍ മറ്റൊരു രൂപതയിലെ കത്തോലിക്ക വിശ്വാസിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അയാള്‍ക്ക് ആര്‍ച്ച് ബിഷപ്പിനോടോ ആര്‍ച്ച്പാര്‍ക്കിയോടോ വിവാഹ കുറിയോ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റോ ആവശ്യപ്പെടാം. അഭ്യര്‍ത്ഥന ലഭിച്ചാല്‍ കോട്ടയം ആര്‍ച്ച്പാര്‍ക്കിയിലെ അംഗത്വം ഉപേക്ഷിക്കുന്നതിനുള്ള ഒരു കത്തും ആവശ്യപ്പെടാതെ വിവാഹകുറിയോ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റോ നല്‍കണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.