യൂറോപ്യന്‍ പാര്‍ലമെന്റില്‍ ക്രിസ്തുവിനെയും ശിഷ്യരെയും അവഹേളിച്ച് ഫോട്ടോ പ്രദര്‍ശനം; പ്രതിഷേധവുമായി അംഗങ്ങള്‍

യൂറോപ്യന്‍ പാര്‍ലമെന്റില്‍ ക്രിസ്തുവിനെയും ശിഷ്യരെയും അവഹേളിച്ച്  ഫോട്ടോ പ്രദര്‍ശനം; പ്രതിഷേധവുമായി അംഗങ്ങള്‍

ബ്രസല്‍സ് (ബെല്‍ജിയം): യൂറോപ്യന്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ യേശുക്രിസ്തുവിനെ അപമാനിക്കുന്ന വിധത്തില്‍ നടത്തിയ ഫോട്ടോഗ്രാഫി പ്രദര്‍ശനത്തിനെതിരേ പ്രതിഷേധം ശക്തമാകുന്നു. സ്വീഡിഷ് ആര്‍ട്ടിസ്റ്റും ലെസ്ബിയന്‍ ഫോട്ടോഗ്രാഫറുമായ എലിസബത്ത് ഓള്‍സണിന്റെ ചിത്രമാണ് വിവാദത്തിനു തിരികൊളുത്തിയിരിക്കുന്നത്. പാര്‍ലമെന്റിലെ നിരവധി അംഗങ്ങളാണ് വിഷയത്തില്‍ പ്രതിഷേധവുമായി രംഗത്തുവന്നിരിക്കുന്നത്.

സ്വവര്‍ഗാനുരാഗികളായും സാഡോമസോക്കിസം എന്ന മാനസിക വൈകൃതം ബാധിച്ചവരുമായി ചിത്രീകരിച്ച ശിഷ്യന്മാരാല്‍ ചുറ്റപ്പെട്ട യേശുവിനെ ചിത്രീകരിക്കുന്ന ഫോട്ടോയാണ് എലിസബത്ത് ഓള്‍സണ്‍ പ്രദര്‍ശനത്തിനു വച്ചിരിക്കുന്നത്. അന്യരെ പീഡിപ്പിക്കുന്നതിലും സ്വയം പീഡനം അനുഭവിക്കുന്നതിലും ആനന്ദം കണ്ടെത്തുന്ന മാനസിക വൈകൃതമാണ് Sadomasochism എന്ന് അറിയപ്പെടുന്നത്.

കഴിഞ്ഞ നാലു ദിവസം നീണ്ടു നിന്ന ഫോട്ടോഗ്രാഫി പ്രദര്‍ശനത്തിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. പാര്‍ലമെന്ററി ജീവനക്കാരും രാഷ്ട്രീയ നേതാക്കളും മാത്രമാണ് പ്രദര്‍ശനം കണ്ടത്.

തന്റെ ഫോട്ടോകളിലൂടെ ലൈംഗിക ന്യൂനപക്ഷ അജണ്ടകള്‍ ഉയര്‍ത്തിപ്പിടിക്കുന്നില്‍ കുപ്രസിദ്ധയാണ് എലിസബത്ത് ഓള്‍സണ്‍. ഇവരുടെ ചിത്രങ്ങള്‍ മുന്‍പും വിവാദത്തിലായിട്ടുണ്ട്. എല്‍ജിബിടിക്യൂ സമൂഹത്തിന്റെ അവകാശങ്ങളെ സ്‌നേഹിക്കുന്ന യേശുവിനെയാണ് താന്‍ ചിത്രീകരിച്ചതെന്നാണ് എലിസബത്തിന്റെ വാദം.

ഇറ്റലിയില്‍ നിന്നും പോളണ്ടില്‍ നിന്നുമുള്ള വലതുപക്ഷ രാഷ്ട്രീയക്കാര്‍ പ്രദര്‍ശനത്തെ ശക്തമായി അപലപിച്ചു. ചിത്രം തികഞ്ഞ അശ്ലീലവും ദൈവത്തോടുള്ള അനാദരവുമാണെന്ന് അവര്‍ വിശേഷിപ്പിച്ചു.

ഇടതുപക്ഷ, ലിബറല്‍ പാര്‍ട്ടികളുടെ പങ്കാളിത്തത്തോടെ യൂറോപ്യന്‍ പാര്‍ലമെന്റ് എല്‍ജിബിടിക്യൂ ലോബിയുടെ സ്ഥലമായി മാറ്റിയെടുത്തതായി വലതുപക്ഷ പാര്‍ട്ടിയില്‍ നിന്നുള്ള ജോര്‍ജ് ബക്സാഡെ കുറ്റപ്പെടുത്തി. യൂറോപ്പിലുടനീളം ദശലക്ഷക്കണക്കിന് വിശ്വാസികളോടുള്ള അവഹേളനമാണിതെന്ന് ഇറ്റലിയില്‍നിന്നുള്ള മരിയ വെറോണിക്ക റോസി വിമര്‍ശിച്ചു.

'യൂറോപ്യന്‍ യൂണിയന്‍ അതിന്റെ മൂല്യങ്ങളില്‍ നിന്ന് വ്യതിചലിക്കുകയും നമ്മുടെ സംസ്‌കാരത്തെ നിഷേധിക്കുകയും ചെയ്യുന്നതായി ഫ്രാന്‍സില്‍നിന്നുള്ള മുന്‍ അംഗം ഫിലിപ്പ് ഡിവില്ലിയേഴ്‌സ് ട്വിറ്ററില്‍ കുറിച്ചു.

നേരത്തെ ലിയാനാഡോ ഡാവിഞ്ചിയുടെ 'അന്ത്യ അത്താഴ'ത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് എലിസബത്ത് ഓള്‍സണ്‍ വരച്ച ചിത്രം വന്‍ വിവാദമായിരുന്നു. ഗേ, ലെസ്ബിയന്‍, ട്രാന്‍സ്സെക്ഷ്വല്‍ ശിഷ്യന്‍മാര്‍ എന്നിവരാല്‍ ചുറ്റപ്പെട്ട യേശുവിനെയാണ് അതില്‍ ചിത്രീകരിച്ചത്. ഫോട്ടോയ്‌ക്കെതിരേ വന്‍ പ്രതിഷേധം ഉയര്‍ന്നതിനെതുടര്‍ന്ന് പ്രദര്‍ശനത്തിന് 2000 പോലീസുകാരുടെ കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.