പെറുവില്‍ സ്വര്‍ണഖനിയില്‍ തീപിടിത്തം; മരണം 27 കടന്നു

പെറുവില്‍ സ്വര്‍ണഖനിയില്‍ തീപിടിത്തം; മരണം 27 കടന്നു

ലിമ: തെക്കൻ പെറുവിലെ സ്വര്‍ണ ഖനിയിലുണ്ടായ തീപിടിത്തത്തിൽ മരണ സഖ്യ വർദ്ധിക്കുന്നു. 27 തൊഴിലാളികള്‍ക്കാണ് ഇതിനോടകം ജീവൻ നഷ്ടമായത്. തെക്കന്‍ അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമാണിതെന്ന് അധികൃതര്‍ പറഞ്ഞു. അരെക്വിപ മേഖലയിലെ ലാ എസ്‌പെറാൻസ 1 ഖനിക്കുള്ളിലെ തുരങ്കത്തിലാണ് തീപിടിത്തമുണ്ടായത്.
തീ പടർന്നത് ഷോർട്ട് സർക്യൂട്ട് മൂലമാണെന്ന് പൊലീസും പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസും സ്ഥിരീകരിച്ചു.

സ്‌ഫോടനത്തിൽ യാനാക്വിഹുവ പട്ടണത്തിലെ ഖനിക്കുള്ളിലെ തടികൊണ്ടുള്ള താങ്ങുകൾക്ക് തീപിടിച്ചു. മരിച്ചവരുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചതിന് ശേഷം ഞായറാഴ്ച മാത്രമാണ് തീപിടിത്തത്തെക്കുറിച്ചുള്ള വാർത്ത പുറത്തുവിട്ടത്.
മരിച്ചവരുടെ മൃതദേഹം പുറത്തെടുക്കുന്നതിന് മുമ്പ് രക്ഷാ പ്രവർത്തകർ ഖനി സുരക്ഷിതമാക്കാൻ ശ്രമിച്ചു.

തീപിടിത്തം ഉണ്ടായ സമയത്ത് ഖനിയിൽ എത്ര പേർ ഉണ്ടായിരുന്നു എന്നതിനെ കുറിച്ചോ രക്ഷപ്പെട്ടവരെക്കുറിച്ചോ സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഖനിത്തൊഴിലാളികളിൽ ഭൂരിഭാഗവും ശ്വാസം മുട്ടലും പൊള്ളലും മൂലമാണ് മരിക്കുന്നതെന്ന് യാനാക്വിഹുവ മേയർ ജെയിംസ് കാസ്‌ക്വിനോ ആൻഡീന വാർത്താ ഏജൻസിയോട് പറഞ്ഞു.

പെറുവിയന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് സ്വര്‍ണ ഖനി. ജിഡിപിയുടെ എട്ട് ശതമാനത്തിലധികം വരും.ഖനന-ഊർജ്ജ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് കഴിഞ്ഞ വർഷം ഖനനവുമായി ബന്ധപ്പെട്ട അപകടങ്ങളിൽ 39 പേർ മരിച്ചിട്ടുണ്ട്. 2020ൽ അരെക്വിപയിലെ ഒരു ഖനി തകർന്ന് നാല് തൊഴിലാളികൾ മരിച്ചിരുന്നു. വെള്ളി, ചെമ്പ്, സിങ്ക് എന്നിവയുടെ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഉത്പാദകരാണ് പെറു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.