ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സിനെ ആറ്റം ബോംബുമായി താരതമ്യം ചെയ്ത് ശതകോടീശ്വരന്‍ വാറന്‍ ബഫറ്റ്

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സിനെ ആറ്റം ബോംബുമായി താരതമ്യം ചെയ്ത് ശതകോടീശ്വരന്‍ വാറന്‍ ബഫറ്റ്

വാഷിങ്ടണ്‍: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സിനെ അണു ബോംബുമായി താരതമ്യം ചെയ്ത് അമേരിക്കന്‍ ശതകോടീശ്വരനും ബെര്‍ക്ക്ഷെയര്‍ ഹാത്ത്വേയുടെ സി.ഇ.ഒയുമായ വാറന്‍ ബഫറ്റ്. എഐയുടെ ഭാവിയില്‍ ആശങ്കയുണ്ടെന്നും എഐ അണുബോബിന്റെ കണ്ടുപിടുത്തം പോലെയാകുമെന്നും ബഫറ്റ് പറഞ്ഞു. നെബ്രാസ്‌കയിലെ ഒമാഹയില്‍ കമ്പനിയുടെ വാര്‍ഷിക യോഗത്തില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ബഫറ്റ്.

മനുഷ്യര്‍ ചിന്തിക്കുന്നതും പെരുമാറുന്നതുമൊഴിച്ചാല്‍ ലോകത്തിലെ ബാക്കി എല്ലാം എഐക്ക് ചെയ്യാന്‍ കഴിയുമെന്ന് ബഫറ്റ് പറയുന്നു. രണ്ടാം ലോക മഹായുദ്ധത്തില്‍ വളരെ നല്ലൊരു ഉദ്ദേശത്തോടെയാണ് ആണവ ബോംബ് കണ്ടുപിടിച്ചത്. എന്നാല്‍ അതിന്റെ അനന്തര ഫലങ്ങള്‍ വിനാശകരമായിരുന്നുവെന്ന് ബഫറ്റ് വ്യക്തമാക്കി.

അണുബോംബിന്റെ കണ്ടുപിടിത്തത്തിനു ശേഷം ഐന്‍സ്റ്റീന്‍ പറഞ്ഞത് മനുഷ്യന്‍ ചിന്തിക്കുന്ന രീതിയൊഴിച്ച് എല്ലാം ഇതു മാറ്റിമറിച്ചിരിക്കുകയാണെന്നാണ്. ഇതുതന്നെയാണ് എ.ഐയുടെ കാര്യത്തിലും തനിക്ക് പറയാനുള്ളത്. എ.എ എല്ലാം മാറ്റിമറിക്കും. എ.ഐയ്ക്ക് മനുഷ്യന്‍ ചിന്തിക്കുന്നതും പെരുമാറുന്നതുമെങ്ങനെ എന്നാഴിച്ചാല്‍ ലോകത്തെ എല്ലാത്തിലും മാറ്റം വരുത്താന്‍ കഴിയും. അതൊരു വലിയ ചുവടുവെപ്പാണ്' - ബഫറ്റ് പറഞ്ഞു.

ബില്‍ ഗേറ്റ്സ് ആണ് എ.ഐ ഉപയോഗിച്ചുള്ള ചാറ്റ്ബോട്ട് സെര്‍ച്ച് എന്‍ജിനായ 'ചാറ്റ്ജിപിടി' വാറന്‍ ബഫറ്റിനു പരിചയപ്പെടുത്തുന്നത്. ചാറ്റ്ജിപിടിയുടെ വിശാലമായ സാധ്യതകളില്‍ താന്‍ ആകൃഷ്ടനായെന്ന് അദ്ദേഹം വെളിപ്പെടുത്തി. തുടര്‍ന്നായിരുന്നു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ മറ്റൊരു തലത്തെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തല്‍.

എഐ ദശലക്ഷക്കണക്കിന് ജോലികള്‍ ഇല്ലാതാക്കുമെന്ന ശക്തമായ ആശങ്കകളും ഉണ്ട്. ഇലോണ്‍ മസ്‌ക് ഉള്‍പ്പെടെയുള്ള നിരവധി സാങ്കേതിക സംരംഭകര്‍ അതിന്റെ വ്യാപനത്തിനെതിരെ ശബ്ദമുയര്‍ത്തിയിരുന്നു.

ഒട്ടേറെ വിദഗ്ധര്‍ക്ക് ഇതേ അഭിപ്രായമാണ്. ബ്രിട്ടീഷ് കംപ്യൂട്ടര്‍ സയന്‍സ് പ്രഫസറായ സ്റ്റുവര്‍ട്ട് റസല്‍ എ.ഐയെ ചെര്‍ണോബില്‍ ദുരന്തവുമായി താരതമ്യം ചെയ്യുന്നു. ശ്രദ്ധിച്ചില്ലെങ്കില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സൃഷ്ടിക്കുന്നത് ഒരു ദുരന്തമായിരിക്കുമെന്നാണ് റസല്‍ അവകാശപ്പെടുന്നത്. ജിപിടി 4നേക്കാള്‍ കൂടുതല്‍ നൂതനമായ എഐ മോഡലുകള്‍ വികസിപ്പിക്കുന്നത് നിര്‍ത്താന്‍ ഓപ്പണ്‍എഐ, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികളോട് ആവശ്യപ്പെടുന്ന ഒരു നിവേദനത്തില്‍ റസലും ഒപ്പുവെച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.