സംസ്ഥാനത്ത് സമാധാനം വേണം; 'കേരള സ്‌റ്റോറി' നിരോധിച്ച് ബംഗാള്‍ സര്‍ക്കാര്‍: കേരളത്തെ അധിക്ഷേപിക്കുന്ന ചിത്രമെന്ന് മമത

സംസ്ഥാനത്ത് സമാധാനം വേണം; 'കേരള സ്‌റ്റോറി' നിരോധിച്ച് ബംഗാള്‍ സര്‍ക്കാര്‍: കേരളത്തെ അധിക്ഷേപിക്കുന്ന ചിത്രമെന്ന് മമത

കൊല്‍ക്കത്ത: വിവാദ സിനിമ കേരള സ്‌റ്റോറിയുടെ പ്രദര്‍ശനം നിരോധിച്ച് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. സംസ്ഥാന സെക്രട്ടേറിയറ്റിലാണ് മുഖ്യമന്ത്രി മമത ബാനര്‍ജി ചിത്രം നിരോധിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്തെ ഒരു തീയേറ്ററിലും കേരള സ്‌റ്റോറി പ്രദര്‍ശിപ്പിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. 

ബംഗാളില്‍ സമാധാനം നിലനിര്‍ത്താനും വിദ്വേഷ ആക്രമണങ്ങളും കുറ്റകൃത്യങ്ങളും തടയാനാണ് നിരോധനമെന്ന് മമത ബാനര്‍ജി അറിയിച്ചു. 'ഒരുവിഭാഗത്തെ അപമാനിക്കാനാണ് അവര്‍ കശ്മീര്‍ ഫയല്‍സ് എന്ന ചിത്രം നിര്‍മിച്ചത്. അവരിപ്പോള്‍ കേരളത്തേയും അധിക്ഷേപിക്കുകയാണ്. വളച്ചൊടിക്കപ്പെട്ട കഥയാണ് കേരള സ്‌റ്റോറിയുടേത്' എന്നും മമത ആരോപിച്ചു.

അതേസമയം നിരോധനത്തിനെതിരെ നിയമവഴി തേടുമെന്ന് ചിത്രത്തിന്റെ നിര്‍മാതാവ് വിപുല്‍ ഷാ പറഞ്ഞു. നിയമപ്രകാരം സാധ്യമായതെല്ലാം ചെയ്യും. നിരോധനത്തിനെതിരെ പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തേ തമിഴ്‌നാട്ടിലും ചിത്രത്തിന്റെ പ്രദര്‍ശനം അവസാനിപ്പിച്ചിരുന്നു. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കുന്നതിനും പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലുമാണ് നടപടി. സംഘര്‍ഷസാധ്യത കാരണം ആളുകള്‍ സിനിമ കാണാന്‍ തീയറ്ററില്‍ എത്താന്‍ മടിച്ചു. ക്രമസമാധാനപ്രശ്‌നം പരിഗണിച്ച് പ്രദര്‍ശനം ഞായറാഴ്ചത്തോടെ അവസാനിപ്പിക്കുകയാണെന്ന് തമിഴ്‌നാട് മള്‍ട്ടിപ്ലക്‌സ് അസോസിയേഷന്‍ അറിയിക്കുകയായിരുന്നു.

കേരളത്തില്‍ 20 തിയറ്ററുകളിലാണ് സിനിമ പ്രദര്‍ശിപ്പിച്ചത്. എറണാകുളം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ പ്രതിഷേധമുണ്ടായി. സംസ്ഥാനത്തെങ്ങും പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.