വത്തിക്കാന്‍ സിറ്റി: ജീവിതം വര്‍ത്തമാനകാലത്തില്‍ തളച്ചിടാതെ മാതൃ ഭവനമായ സ്വര്‍ഗത്തിലേക്കു കണ്ണുകളുയര്‍ത്താനും നിത്യതയില്‍ ദൈവവുമായുള്ള കണ്ടുമുട്ടലിനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നതെന്നും ഓര്‍മിപ്പിച്ച് ഫ്രാന്‍സിസ് പാപ്പാ. ഞായറാഴ്ച്ച സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ വിവിധ രാജ്യങ്ങളില്‍നിന്ന് എത്തിയ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു മാര്‍പ്പാപ്പാ.
ദിവ്യബലി മധ്യേ വായിച്ച യോഹന്നാന്റെ സുവിശേഷം പതിനാലാം അദ്ധ്യായം ഒന്നു മുതല്‍ 12 വരെയുള്ള വാക്യങ്ങളായിരുന്നു പാപ്പയുടെ വിചിന്തനത്തിന് ആധാരം. ഞാനാണ് പിതാവിങ്കലേക്കുള്ള വഴിയെന്നും ഞാന്‍ പിതാവിലും പിതാവ് എന്നിലും ആണെന്നും യേശു ശിഷ്യന്മാരോടു വിശദീകരിക്കുന്ന ഭാഗമായിരുന്നു അത്. (യേശു പറഞ്ഞു: വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല - 14:6).
ക്രിസ്തുവില്‍ നിന്ന് വേര്‍പെടുന്നതില്‍ അസ്വസ്ഥരായിരുന്ന ശിഷ്യന്മാരെ സ്വര്‍ഗാരോപണത്തിനു മുന്‍പ് ക്രിസ്തു ധൈര്യപ്പെടുത്തുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്നു. എങ്ങോട്ട് പോകണം എന്ന് ശിഷ്യന്മാര്‍ ചിന്തിക്കുമ്പോള്‍ യേശു അവര്‍ക്ക് വഴി കാണിക്കുന്നത് എങ്ങനെയെന്ന് ഈ സുവിശേഷ ഭാഗം വിശദീകരിക്കുന്നതായി മാര്‍പ്പാപ്പ ചൂണ്ടിക്കാട്ടുന്നു.
ശിഷ്യരുടെ ദുരിതവും ഭയവും മനസിലാക്കി അവരെ ധൈര്യപ്പെടുത്തുകയും അവര്‍ക്കായി സ്വര്‍ഗത്തില്‍ ഭവനമൊരുക്കി കാത്തിരിക്കുകയും ചെയ്യുന്ന ക്രിസ്തുവിനെ നമുക്കിവിടെ കാണാം. അവിടുന്ന് അവരെ ഉപേക്ഷിക്കുകയല്ല, മറിച്ച് അവര്‍ക്കായി ഒരുക്കുന്ന ഭവനത്തിലേക്ക് എങ്ങനെയാണ് പോകേണ്ടതെന്നു വിശദീകരിക്കുകയും പോകാനുള്ള വഴി അവിടുന്ന് കാട്ടിത്തരുകയും ചെയ്യുന്നു.
ബന്ധങ്ങളുടെയും അടുപ്പത്തിന്റെയും ഉൗഷ്മളത അനുഭവപ്പെടുന്ന ഇടമായ ഭവനത്തിന്റെ പരിചിതമായ ചിത്രമാണ് യേശു കാട്ടിത്തരുന്നത്. അവിടുന്ന് തന്റെ സുഹൃത്തുക്കളോടും നാം ഓരോരുത്തരോടും പറയുന്നു - പിതാവിന്റെ ഭവനത്തില്‍ നിനക്ക് ഇടമുണ്ട്, ഊഷ്മളമായ ആലിംഗനത്താല്‍ നീ സ്വാഗതം ചെയ്യപ്പെടുന്നു. നിനക്കായി ഞാന്‍ സ്വര്‍ഗത്തില്‍ ഒരു സ്ഥലം ഒരുക്കുന്നു'
ഈ വചനം ആശ്വാസത്തിന്റെയും പ്രത്യാശയുടെയും ഉറവിടമാണ്. 'യേശു നമ്മില്‍ നിന്ന് വേര്‍പെടുന്നില്ല, മറിച്ച് നമ്മുടെ അന്തിമ ലക്ഷ്യസ്ഥാനത്തിലേക്കു വഴി കാട്ടുന്നു, അതായത് നിത്യതയില്‍ പിതാവായ ദൈവവുമായുള്ള കൂടിക്കാഴ്ച്ചയ്ക്കായി അവസരമൊരുക്കുന്നു.
നമ്മുടെ ലക്ഷ്യസ്ഥാനത്തു നിന്ന് നാം വ്യതിചലിക്കരുതെന്ന് പാപ്പ മുന്നറിയിപ്പ് നല്‍കുന്നു. എവിടേക്കു പോകും? ജീവിതം ഏതു ദിശയിലേക്കാണ് നീങ്ങുന്നത്? നാം എന്തിനു വേണ്ടിയാണ് ജീവിക്കുന്നത്? തുടങ്ങിയ ചോദ്യങ്ങള്‍ അവഗണിച്ച് ജീവിതത്തെ വര്‍ത്തമാനകാലത്തില്‍ തളച്ചിടുന്നു, വര്‍ത്തമാനകാലം കഴിയുന്നത്ര ആസ്വദിക്കണമെന്ന് ചിന്തിക്കുന്നു. എന്നാല്‍ നമ്മുടെ മാതൃഭവനം സ്വര്‍ഗമാണെന്ന് പാപ്പ ഓര്‍മിപ്പിക്കുന്നു. ആ ലക്ഷ്യസ്ഥാനത്തിന്റെ മഹത്വവും സൗന്ദര്യവും മറന്ന് ജീവിക്കരുതെന്നും വിശ്വാസികളോട് ആഹ്വാനം ചെയ്യുന്നു.
ലക്ഷ്യസ്ഥാനം കണ്ടെത്തിക്കഴിഞ്ഞാല്‍, 'അവിടേക്ക് എങ്ങനെ പോകും' എന്ന് നാം സ്വയം ചോദിക്കുന്നു. ചിലപ്പോള്‍, വലിയ പ്രതിസന്ധികള്‍ നേരിടേണ്ടിവരുമ്പോഴും തിന്മ കൂടുതല്‍ ശക്തമാണെന്ന തോന്നല്‍ ഉണ്ടാകുമ്പോഴും ഞാന്‍ എന്തു ചെയ്യണം, ഏത് പാതയാണ് ഞാന്‍ പിന്തുടരേണ്ടത്? എന്ന ചോദ്യം നമ്മുടെയുള്ളില്‍ ഉയരുന്നു.
ഇവിടെ യേശു അതിന് ഉത്തരം നല്‍കുന്നു. 'വഴിയും സത്യവും ജീവനും ഞാനാണ്' (യോഹന്നാന്‍ 14:6). സത്യത്തില്‍ ജീവിക്കാനും ജീവിതത്തില്‍ സമൃദ്ധി നേടാനും യേശുവിന്റെ പാത പിന്തുടരാം. യേശുവിലുള്ള വിശ്വാസം എന്നത് ആശയങ്ങളുടെ ഒരു 'പാക്കേജല്ല', മറിച്ച് അവിടുത്തോടൊപ്പമുള്ള ഒരു സഞ്ചാരമാണ്.
ജീവിതത്തെ വര്‍ത്തമാനകാലത്തില്‍ തളച്ചിടാതെ സ്വര്‍ഗത്തിലേക്ക് നമുക്ക് കണ്ണുകള്‍ ഉയര്‍ത്താം. നമ്മുടെ ലക്ഷ്യം ഓര്‍ക്കാം, നിത്യതയില്‍ ദൈവവുമായുള്ള കണ്ടുമുട്ടലിനായാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത് എന്നത് മറക്കാതിരിക്കാം. യേശുവിനെ അനുഗമിച്ച് തന്റെ ലക്ഷ്യത്തിലെത്തിയ കന്യകാ മറിയം നമ്മുടെ പ്രത്യാശയെ നിലനിര്‍ത്തട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ടാണ് പാപ്പ സന്ദേശം ഉപസംഹരിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.