സ്വന്തമാക്കിയത് മൂന്ന് ബിരുദങ്ങൾ, എന്നാൽ ബിരുദദാന ചടങ്ങിൽ പങ്കെടുത്തത് 99-ാം വയസിൽ

സ്വന്തമാക്കിയത് മൂന്ന് ബിരുദങ്ങൾ, എന്നാൽ ബിരുദദാന ചടങ്ങിൽ പങ്കെടുത്തത്  99-ാം  വയസിൽ

ടെക്സസ്: പ്രായം ഒന്നിനും ഒരു തടസമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് 99കാരനായ വിമുക്ത ഭടൻ ലൂ ഗ്രിഫിത്ത്. യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് ഓസ്റ്റിനിലെ കോക്രെൽ സ്കൂൾ ഓഫ് എഞ്ചിനീയറിംഗിലെ ബിരുദദാന ചടങ്ങിൽ 150 ഓളം വരുന്ന എഞ്ചിനിയയറിം​ഗ് വിദ്യാർത്ഥികൾക്കൊപ്പം പങ്കെടുത്ത് ​ഗ്രിഫിത്ത് ശ്രദ്ധേയനായി. സ്റ്റേജിൽ പ്രത്യേകം തയാറാക്കിയ ഇരിപ്പിടത്തിൽ വിശിഷ്ട വ്യക്തികളോടൊപ്പം വിശേഷ സ്ഥാനം കൊടുത്താണ് അദ്ദേഹത്തെ സ്കൂൾ ആദരിച്ചത്.

ലൂ ഗ്രിഫിത്ത് മാസ്റ്റേഴ്‌സ് ഉൾപ്പെടെ മൂന്ന് ബിരുദങ്ങൾ നേടിയിട്ടുണ്ടെങ്കിലും 99 വയസുള്ളപ്പോഴാണ് ആ​ദ്യമായി ഒരു ബിരുദദാന ചടങ്ങിൽ പങ്കെടുക്കുന്നത്. അമേരിക്കൻ മിലിട്ടറിയിൽ ഏകദേശം 30 വർഷത്തെ സേവന മികവുള്ള ​ഗ്രിഫിത്തിന് രണ്ടാം ലോകമഹായുദ്ധം, കൊറിയ, വിയറ്റ്നാം യുദ്ധം തുടങ്ങിയവ ബിരുദദാന ചടങ്ങിന് പങ്കെടുക്കുന്നതിന് പലപ്പോഴും തടസം സൃഷ്ടിച്ചു. എന്നാൽ ഈ വർഷം ലോകത്തിലെ മികച്ച കോളേജുകളിലൊന്നായ കോക്രെൽ സ്‌കൂൾ സംഘടിപ്പിച്ച ചടങ്ങിൽ ഗ്രിഫിത്തിന് പങ്കെടുക്കാനും ആദരം ഏറ്റുവാങ്ങാനും സാധിച്ചു. അക്കാദമിക് റാങ്കിം​ഗ് ഓഫ് വേൾഡ് യൂണിവേഴ്സിറ്റി പട്ടികയിൽ പത്താം സ്ഥാനത്താണ് കോക്രെൽ സ്കൂൾ ഓഫ് എഞ്ചിനീയറിം​ഗിന്റെ സ്ഥാനം.

1942-ൽ പഠന കാലത്ത് ഏതാനും മാസങ്ങൾ രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുക്കാൻ ലൂ ​ഗ്രിഫിത്ത് പോയിരുന്നു. പഠനത്തിനു ശേഷം ബി -25 ബോംബർ പൈലറ്റായി. 21 വയസ്സുള്ളപ്പോൾ, ഇറ്റലിയിലും ഓസ്ട്രിയയിലും 42 ദൗത്യങ്ങൾ പറത്തി ആറ് എയർ മെഡലുകൾ കരസഥമാക്കി. B-25 മിച്ചലും ഗ്രിഫിത്ത് പറത്തി.

പിന്നീട് സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം നേടി. എന്നാൽ ബിരുദം നേടുന്നതിന് തൊട്ടുമുമ്പ്, 1951 ലെ കൊറിയൻ യുദ്ധകാലത്ത് അമേരിക്കൻ എയർഫോഴ്സിൽ സേവനമനുഷ്ഠിക്കാൻ ക്ഷണം ലഭിക്കുകയും പോവുകയും ചെയ്തു. രണ്ടാം ലോക മഹായുദ്ധത്തിലെ അനുഭവവും വിദ്യാഭ്യാസവും കാരണം, എഞ്ചിനീയർ എന്ന പദവി ഉപയോ​ഗിക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. പിന്നീട് ജർമ്മനിയിലേക്ക് പോയ ​ഗ്രിഫിത്ത് 1956 ൽ അമേരിക്കയിലേക്ക് മടങ്ങി.

സാനിറ്ററി എഞ്ചിനീയറിംഗിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി. പിന്നീട് പ്രൊഫഷണൽ എഞ്ചിനീയർ സർട്ടിഫിക്കറ്റും സ്വന്തമാക്കി. എന്നാൽ വീണ്ടും ജോലിയിൽ പ്രവേശിക്കേണ്ടി വന്നതിനാൽ ബെർക്ക്ലിയിൽ നടന്ന ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ചടങ്ങിന് മുമ്പ് അദ്ദേഹത്തെ സ്ഥലം മാറ്റി.

1960 കളിൽ വിയറ്റ്നാമിലെ എഞ്ചിനീയറിംഗ് ജോലിക്ക് നിരവധി അം​ഗീകാരങ്ങൾ ലഭിച്ചു. 1970-ൽ ഗ്രിഫിത്ത് സൈന്യത്തിൽ നിന്ന് വിരമിച്ചു. റിട്ടയർമെന്റിന് ശേഷം ഗ്രിഫിത്ത് ടെക്സാസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് സോളിഡ് വേസ്റ്റ് മാനേജ്‌മെന്റിൽ ജോലിയിൽ പ്രവേശിക്കുകയും, സാനിറ്ററി എഞ്ചിനീയറിംഗിലുള്ള കഴിവ് പ്രകടമാക്കുകയും ചെയ്തു.

അമേരിക്കയിലെ സേവനത്തിന് ഗ്രിഫിത്തിനെ അടുത്തിടെയും ആദരിച്ചിട്ടുണ്ട്. ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ മാർക്ക് മില്ലിയും ഭാര്യയും ഗ്രിഫിത്തിന്റെ 98-ാം ജന്മദിനം വാഷിംഗ്ടൺ ഡി.സി.യിൽ വെച്ച് ആഘോഷമാക്കിയിരുന്നു. ആ സമയത്ത്, ആർലിംഗ്ടൺ സെമിത്തേരിയിലടക്കം ചെയ്യപ്പെട്ട അജ്ഞാത പട്ടാളക്കാരന്റെ ശവ കുടീരത്തിൽ റീത്ത് വച്ചു. കഴിഞ്ഞ പേൾ ഹാർബർ ദിനത്തിൽ വൈറ്റ് ഹൗസിൽ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തിയ ഓസ്റ്റിൻ-ഏരിയ രണ്ടാം ലോക മഹായുദ്ധ സേനാനികളുടെ സംഘത്തിന്റെ ഭാഗം കൂടിയായിരുന്നു ഗ്രിഫിത്ത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.