കണ്‍മുന്നില്‍ ദേവാലയങ്ങള്‍ക്ക് നേരേ ആക്രമണം; മണിപ്പൂരിലെ നടുക്കുന്ന ഓര്‍മകളുമായി ബിഷപ്പ് ജോസ് മുകാല

കണ്‍മുന്നില്‍ ദേവാലയങ്ങള്‍ക്ക് നേരേ ആക്രമണം; മണിപ്പൂരിലെ നടുക്കുന്ന ഓര്‍മകളുമായി ബിഷപ്പ് ജോസ് മുകാല

ലിന്‍സി ഫിലിപ്പ്‌സ്

കൊഹിമ: 'കണ്‍മുന്നില്‍ ദേവാലയങ്ങള്‍ക്ക് നേരേ ഒരുകൂട്ടം ആളുകളെത്തി ആക്രമണം നടത്തുന്നു. എന്തുചെയ്യണമെന്നറിയാതെ പകച്ചുപോയ നിമിഷയങ്ങള്‍' മണിപ്പൂരിലെ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നേരെ നടന്ന ആക്രമണം നേരിട്ടു കണ്ട കൊഹിമ മുന്‍ ബിഷപ്പും പാലാ രൂപതാംഗവുമായ ബിഷപ് ജോസ് മുകാലയുടെ വാക്കുകളാണിത്.

മെയ് മൂന്നിന് മണിപ്പൂരില്‍ നടന്ന ആക്രമണത്തെക്കുറിച്ച് സീന്യൂസ് ലൈവുമായി ബിഷപ് അനുഭവം പങ്കുവെച്ചു. ബിഷപ്പും അഞ്ചു വൈദികരും നാലു കന്യാസ്ത്രീകളും പാസ്റ്ററല്‍ സെന്ററില്‍ സംസാരിച്ചു കൊണ്ടിരിക്കെയാണ് കഴിഞ്ഞ ബുധനാഴ്ച്ച ആക്രമണകാരികള്‍ പാസ്റ്ററല്‍ സെന്ററിനു സമീപത്തുള്ള സെന്റ് പോള്‍സ് ദേവാലയത്തിലേക്ക് പാഞ്ഞടുത്തത്. തുടര്‍ന്ന് അവര്‍ ദേവാലയം തീയിട്ടു നശിപ്പിച്ചു.

പള്ളി ആക്രമിച്ച സംഘം വൈദികരും കന്യാസ്ത്രീകളും താമസിച്ച സ്ഥലത്തേയ്ക്ക് കടന്നുവരാത്തത് ഏറെ ആശ്വാസമായതായി ബിഷപ് പറഞ്ഞു. അന്നു രാത്രിയില്‍ പാസ്റ്ററല്‍ സെന്ററില്‍ പ്രാര്‍ഥനയോടെ കഴിഞ്ഞു. തുടര്‍ന്ന് നാഗാലാന്‍ഡിലേയ്ക്ക് സുരക്ഷിതമായി എത്തി. മണിപ്പൂരിലെ സ്ഥിതി പൊതുവെ ശാന്തമെന്നു പറയാമെങ്കിലും അസ്വസ്ഥതകള്‍ പൂര്‍ണമായും തീര്‍ന്നിട്ടില്ല.

ഭരണകൂടത്തിന്റെ പിന്തുണയോടെ നടന്ന ആക്രമണങ്ങള്‍ ഏറെ ഭീതിപ്പെടുത്തുന്നതായും ബിഷപ് കൂട്ടിച്ചേര്‍ത്തു. തന്റെ ഓര്‍മയില്‍ ഇത്തരത്തില്‍ ഒരു ആക്രമണം ഇതിനു മുമ്പ് ഉണ്ടായിട്ടില്ല. മണിപ്പൂരിലെ ജനജീവിതം എത്രയും വേഗം പൂര്‍വ സ്ഥിതിയിലേക്ക് എത്തിച്ചേരണമെന്ന പ്രാര്‍ഥനയാണ് ഇപ്പോഴുള്ളത്. സമാധാന അന്തരീക്ഷം തിരികെ കൊണ്ടുവരാന്‍ അധികാരികള്‍ ശക്തമായി ഇടപെടണം.

പ്രശ്നങ്ങള്‍ വഷളാക്കാതെ കൈകാര്യം ചെയ്യുന്നതില്‍ ഉത്തരവാദിത്വപ്പെട്ടവര്‍ക്ക് പാളിച്ച സംഭവിച്ചതാണ് സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കാന്‍ ഇടയായതെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു. 1997 മുതല്‍ 2009 വരെയുള്ള കാലഘട്ടത്തിലാണ് ബിഷപ് ജോസ് മുകാല കൊഹിമ ബിഷപ്പായി സേവനം അനുഷ്ഠിച്ചത്. മണിപ്പൂരില്‍ കത്തോലിക്കാ സഭയുടെ കീഴിലുള്ള പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരു വര്‍ഷമായി ബിഷപ് ജോസ് മുകാല അധ്യാപകനായി പ്രവര്‍ത്തിച്ചു വരുന്നു. 

സീന്യൂസ് ലൈവിനുവണ്ടി ബിഷപ്പിനോട് സംസാരിക്കുമ്പോള്‍ ഓരോ വാക്കുകളിലും ആ ഭീകര രംഗങ്ങള്‍ കണ്ടതിന്റെ ഭീതിയും ദുഖവും നിഴലിച്ചിരുന്നു. നേരിട്ട് ആക്രമണം കണ്ടതിന്റെ ഭയപാട് ഇപ്പോഴും ബിഷപ്പിന് മാറിയിട്ടില്ല. ആ നടുക്കം, ഒച്ചപ്പാട് ഇവയില്‍ നിന്നൊക്കെ ആശ്വാസത്തിന്റെ നിമിഷങ്ങളിലേക്ക് കടക്കുമ്പോഴും ആ രാത്രി ഇന്നും അദേഹത്തിന്റെ മനസില്‍ നൊമ്പരം തീര്‍ക്കുകയാണ്...


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.