വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഈ മാസം പസഫിക് ദ്വീപ് രാജ്യമായ പാപുവ ന്യൂ ഗിനിയ സന്ദര്‍ശിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. മേയ് 24-ന് ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ നടക്കുന്ന ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പോകും വഴിയാണ് ജോ ബൈഡന്റെ പാപ്പുവ ന്യൂ ഗിനിയ സന്ദര്‍ശനം. ഇത് ആദ്യമായാണ് ഒരു അമേരിക്കന്‍ പ്രസിഡന്റ് ഇവിടെ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്നത്.
അമേരിക്കയും പസഫിക് ദ്വീപ് രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം നിര്‍ണായകമാണെന്നു വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീന്‍ ജീന്‍-പിയറി പറഞ്ഞു. പാപുവ ന്യൂ ഗിനിയ പ്രധാനമന്ത്രി ജെയിംസ് മറാപെയുമായും മറ്റ് പസഫിക് ഐലന്‍ഡ് ഫോറം നേതാക്കളുമായും ബൈഡന്‍ കൂടിക്കാഴ്ച നടത്തുമെന്നും ജീന്‍ പിയറി അറിയിച്ചു.
മേയ് 22ന് നടക്കുന്ന ഫോറം ഫോര്‍ ഇന്ത്യ - പസഫിക് ഐലന്‍ഡ്‌സ് കോ-ഓപ്പറേഷന്‍ ഉച്ചകോടിയില്‍ ബൈഡനും പങ്കെടുക്കുമെന്നാണു റിപ്പോര്‍ട്ടുകള്‍. ഇന്ത്യയും കുക്ക് ഐലന്‍ഡ്‌സ്, ഫിജി, കിരിബാത്തി, മാര്‍ഷല്‍ ഐലന്‍ഡ്‌സ്, മൈക്രൊനേഷ്യ, നൗറു, നിയുവെ, സമോവ, സോളമന്‍ ഐലന്‍ഡ്‌സ്, പലാവു, പാപുവ ന്യൂ ഗിനിയ, ടോംഗ, ടൂവാലു, വാനുവാറ്റു എന്നീ 14 പസഫിക് ദ്വീപ് രാജ്യങ്ങളും ചേര്‍ന്ന സംഘടനയാണ് ഫോറം ഫോര്‍ ഇന്ത്യ - പസഫിക് ഐലന്‍ഡ്‌സ് കോ-ഓപ്പറേഷന്‍.
പസഫിക് മേഖലയില്‍ വളരുന്ന ചൈനീസ് സ്വാധീനം ചെറുക്കാന്‍ പാപുവ ന്യൂഗിനിയയടക്കമുള്ള ദ്വീപുകളുമായുള്ള ബന്ധം ശക്തമാക്കാനുള്ള ശ്രമങ്ങളിലാണ് ബൈഡന്‍ ഭരണകൂടം. അതിനായി സോളമന്‍ ദ്വീപുകള്‍, കിരിബാത്തി, വാനുവാറ്റു എന്നിവിടങ്ങളിലെ പുതിയ എംബസികളുടെ പ്രഖ്യാപനങ്ങള്‍ ഉള്‍പ്പെടെ, പസഫിക് ദ്വീപ് രാഷ്ട്രങ്ങളുമായുള്ള ബന്ധം ശക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് അമേരിക്ക.
കഴിഞ്ഞ വര്‍ഷം യു.എസ് സന്ദര്‍ശനത്തിനെത്തിയ പാപുവ ന്യൂഗിനി പ്രധാനമന്ത്രി ജെയിംസ് മറാപെ ബൈഡനെ രാജ്യത്തേക്ക് ക്ഷണിച്ചിരുന്നു.
ഓസ്‌ട്രേലിയയിലേക്കുള്ള യാത്രയ്ക്ക് മുമ്പ് മെയ് 19 മുതല്‍ 21 വരെ ജപ്പാനിലെ ഹിരോഷിമയില്‍ നടക്കുന്ന ജി 7 നേതാക്കളുടെ ഉച്ചകോടിയിലും ജോ ബൈഡന്‍ പങ്കെടുക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.