ഇമ്രാനെ വിട്ടയക്കുംവരെ പ്രക്ഷോഭം തുടരുമെന്ന് പിടിഐ; സൈനിക മന്ദിരങ്ങള്‍ കൊള്ളയടിച്ചും പൊലീസ് വാഹനങ്ങള്‍ക്ക് തീയിട്ടും കലാപകാരികള്‍

ഇമ്രാനെ വിട്ടയക്കുംവരെ പ്രക്ഷോഭം തുടരുമെന്ന് പിടിഐ; സൈനിക മന്ദിരങ്ങള്‍ കൊള്ളയടിച്ചും പൊലീസ് വാഹനങ്ങള്‍ക്ക് തീയിട്ടും കലാപകാരികള്‍

ഇസ്ലാമാബാദ്: അറസ്റ്റ് ചെയ്ത പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ വിട്ടയക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്ന് സൂചന നല്‍കി പാക്കിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് (പിടിഐ) പാര്‍ട്ടി. പിടിഐയുടെ അധ്യക്ഷന്‍കൂടിയായ ഇമ്രാന്‍ ഖാനെ പിന്തുണയ്ക്കുന്നവരോട് ഇസ്ലാമാബാദിലെ ജുഡീഷ്യല്‍ കോംപ്ലെക്‌സില്‍ എത്തിച്ചേരണമെന്ന് പിടിഐ സീനിയര്‍ വൈസ് പ്രസിഡന്റ് ഫവാദ് ചൗധരി നിര്‍ദേശിച്ചു.

ഇമ്രാനെ പുറത്ത് വിടുന്നതുവരെ നിലവിലെ പ്രക്ഷോഭം രാജ്യവ്യാപകമായി തുടരുമെന്ന് ട്വിറ്ററിലൂടെ പാര്‍ട്ടി വ്യക്തമാക്കി. ഇമ്രാന്‍ ഖാന്റെ അറസ്റ്റ് ശരിവച്ച ഇസ്ലാമാബാദ് ഹൈക്കോടതിയുടെ വിധിക്കെതിരെ സുപ്രീം കോടതിയെ ഇന്ന് സമീപിക്കാനിരിക്കുകയാണ് പിടിഐ.

അതേസമയം ഇമ്രാന്റെ അറസ്റ്റിനെ തുടര്‍ന്ന് രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട കലാപം അതിരൂക്ഷമായി തുടരുകയാണ്. പ്രതിഷേധക്കാര്‍ റാവല്‍പിണ്ടിയിലെ സൈനിക ആസ്ഥാനത്തേക്ക് ഇരച്ചുകയറി. സൈനിക കേന്ദ്രത്തിന് നേരെ കല്ലെറിഞ്ഞു. ലഹോറിലെ സൈനിക കമാന്‍ഡര്‍മാരുടെ വീടിന്റെ കോംപൗണ്ടിലേക്കും ഇവര്‍ കടന്നുകയറിയതായി വിവിധ പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പ്രതിഷേധക്കാര്‍ പല സ്ഥലങ്ങളിലും വ്യാപകമായ അക്രമം അഴിച്ചുവിടുകയാണ്. സൈനിക മന്ദിരങ്ങള്‍ കൊള്ളയടിച്ചും പൊലീസ് വാഹനങ്ങള്‍ക്ക് തീയിട്ടും പ്രതിഷേധിക്കുന്നത് വലിയ ക്രമസമാധാന പ്രശ്‌നത്തിന് കാരണമായിട്ടുണ്ട്. നിരവധി അക്രമസംഭവങ്ങള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇസ്‌ലാമാബാദില്‍ നടന്ന പ്രതിഷേധത്തില്‍ അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു.

പ്രതിഷേധം വ്യാപകമാകാതിരിക്കാന്‍ രാജ്യത്ത് യൂട്യൂബ്, ട്വിറ്റര്‍, ഫെയ്‌സ്ബുക് തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ നിരോധിച്ചിരുന്നു. പിന്നാലെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പൂര്‍ണമായി റദ്ദാക്കി. ആഭ്യന്തര മന്ത്രാലയത്തില്‍നിന്നുള്ള നിര്‍ദേശപ്രകാരമാണിതെന്ന് ടെലികോം അധികൃതര്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.