കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി കൊണ്ടുവരുമ്പോള്‍ സന്ദീപ് പരസ്പര ബന്ധമില്ലാതെ സംസാരിക്കുന്നുണ്ടായിരുന്നു എന്ന് ആശുപത്രി ജീവനക്കാര്‍. എന്നാല്‍ അടിപിടി കേസില്‍ കസ്റ്റഡിലെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടു വരുന്ന സമയത്ത് പ്രതി അക്രമാസക്തനായിരുന്നില്ല. മുറിവ് തുന്നിക്കെട്ടുന്നതിന് ഡ്രസിങ് റൂമിലേക്ക് കൊണ്ടുപോയ സമയത്താണ് യുവാവ് അക്രമാസക്തനായതെന്നും ജീവനക്കാര്‍ പറയുന്നു.
ഡ്രസിങ്ങിനിടെ ഇറങ്ങിയോടിയ സന്ദീപ് മുറിക്ക് പുറത്ത് നിന്നിരുന്ന പൊലീസുകാര്‍ അടക്കമുള്ളവരെയാണ് ആദ്യം ആക്രമിച്ചത്. ഡ്രസിങ് റൂമില്‍ നിന്ന് എടുത്തതെന്ന് കരുതുന്ന കത്രിക ഉപയോഗിച്ചായിരുന്നു ആക്രമണം. തുടര്‍ന്ന് തൊട്ടടുത്ത മുറിയില്‍ നിന്നിരുന്ന ഡോക്ടര്‍ വന്ദനാ ദാസിനെ ആക്രമിക്കുകയായിരുന്നു. രോഗികളെ നിരീക്ഷിക്കുന്നതിനുള്ള മുറിയിലായിരുന്നു വന്ദനാ ദാസ്. തലയ്ക്കും നെഞ്ചിലും കഴുത്തിലും കുത്തുന്നതാണ് കണ്ടതെന്ന് സംഭവത്തിന്റെ ദൃക്സാക്ഷികളായ ആശുപത്രി ജീവനക്കാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
യുവാവിന്റെ അതിക്രമം കണ്ട് പരിഭ്രാന്തരായ ജീവനക്കാര്‍ അടക്കമുള്ളവര്‍ ഓടിമാറി. അതിനിടെ ശബ്ദം കേട്ട് ഓടിയെത്തിയ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരും ആംബുലന്‍സ് ഡ്രൈവറും പൊലീസുകാരും ചേര്‍ന്നാണ് യുവാവിനെ പിടികൂടിയത്.
വനിതാ ഡോക്ടര്‍ വന്ദനാ ദാസിനെ പ്രതി ആറുതവണ കുത്തി. കോട്ടയം കടുത്തുരുത്തിയിലെ വ്യാപാരിയായ മോഹന്‍ദാസിന്റെ ഏകമകളാണ് കുത്തേറ്റ് മരിച്ച വന്ദന. പ്രതി പൂയപ്പള്ളി സ്വദേശി സന്ദീപ് സ്‌കൂള്‍ അധ്യാപകനാണ്. നെടുമ്പന യുപി സ്‌കൂള്‍ അധ്യാപകനായ സന്ദീപ് ഇപ്പോള്‍ സസ്പെന്‍ഷനിലാണ്. ലഹരിക്ക് അടിമയായതിന് പിന്നാലെയാണ് സസ്പെന്‍ഷന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്നലെ വൈകിട്ടാണ് സന്ദീപ് വീടിന് സമീപമുള്ളവരുമായി അടിപിടി കൂടിയത്. യുവാവ് തന്നെയാണ് പൊലീസിനെ വിളിച്ചുവരുത്തിയത്. കാലിന് പരിക്കേറ്റ സന്ദീപിനെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്കായാണ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ ഡോക്ടറെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരിക്ക് ഗുരുതരമായതിനാല്‍ വെന്റിലേറ്റിലേക്ക് മാറ്റിയ വന്ദനാ ദാസ് മണിക്കൂറുകള്‍ക്ക് ശേഷം ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മരിക്കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.