സംസ്ഥാനത്ത് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്: കൊട്ടാരക്കര താലൂക്ക് ആശുപത്രി അടച്ചിടും; ഐഎംഎ കേരള ഘടകം പണിമുടക്ക് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്: കൊട്ടാരക്കര താലൂക്ക് ആശുപത്രി അടച്ചിടും; ഐഎംഎ കേരള ഘടകം പണിമുടക്ക് പ്രഖ്യാപിച്ചു

തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രതിയുടെ കുത്തേറ്റ് ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി ഡോക്ടര്‍മാര്‍. കൊട്ടാരക്കര താലൂക്ക് ആശുപത്രി പൂര്‍ണമായും അടച്ചിടും. മറ്റിടങ്ങളില്‍ അടിയന്തര സേവനങ്ങള്‍ മാത്രമായി ചുരുക്കുമെന്ന് കെ.ജി.എം.ഒ.എ അറിയിച്ചു. ഹൗസ് സര്‍ജന്‍മാര്‍ പൂര്‍ണമായ പണിമുടക്കിലേക്ക് കടക്കുകയാണ്.

സംഭവത്തില്‍ പ്രതിഷേധിച്ച് ഐഎംഎ കേരള ഘടകം ഡോക്ടര്‍മാര്‍ 24 മണിക്കൂര്‍ പണിമുടക്ക് പ്രഖ്യാപിച്ചു. സര്‍ക്കാര്‍, സ്വകാര്യ മേഖല, സഹകരണ മേഖല ആശുപത്രികളിലെ ഡോക്ടര്‍മാര്‍ സമരത്തില്‍ പങ്കെടുക്കും. അത്യാഹിത വിഭാഗം ഒഴികെയുള്ള എല്ലാ മേഖലയിലും സമരം നടക്കും. നാളെ രാവിലെ വരെ സമരം തുടരാനാണ് തീരുമാനം.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജീവനക്കാര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. കൊട്ടാരക്കര നഗരത്തിലൂടെയാണ് പ്രതിഷേധം നടക്കുന്നത്. ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെ മുഴുവന്‍ ജീവനക്കാരും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്.

ആശുപത്രികളില്‍ ഡോക്ടര്‍മാരും മറ്റ് ജീവനക്കാരും ആക്രമിക്കപ്പെടുന്നതും ആശുപത്രിക്കു നേരെ ആക്രമണം നടക്കുന്നതും അടുത്തകാലത്ത് സംസ്ഥാനത്ത് പതിവാകുകയാണ്. ആദ്യമായാണ് ഒരു ഡോക്ടര്‍ കൊല്ലപ്പെടുന്നത്.

അതേസമയം പ്രതി സന്ദീപിനെ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ നിന്നും മാറ്റി. തിരുവനന്തപുരം മെഡിക്കല്‍ കോളജ് സെല്ലിലേക്കാണ് മാറ്റിയത്. പ്രതിക്കെതിരെ ആശുപത്രിയില്‍ വലിയ പ്രതിഷേധമാണ് നടക്കുന്നത്. മെഡിക്കല്‍ വിദ്യാര്‍ത്ഥികളടക്കം വലിയ പ്രതിഷേധം ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് നടപടി.

പ്രതിയെ ചികിത്സിക്കില്ലെന്ന നിലപാടിലായിരുന്നു ഡോക്ടര്‍മാര്‍. പിന്നീട് പൊലീസെത്തിയാണ് പ്രതിക്ക് ചികിത്സ നല്‍കിയത്. പ്രതിയെ ഒരുമണിയോടെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. മുദ്രാവാക്യം വിളികളോടെ വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ള പ്രതിഷേധക്കാര്‍ ആംബുലന്‍സും തടഞ്ഞും പ്രതിഷേധിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.