ഇമ്രാന്‍ ഖാന്റെ അറസ്റ്റില്‍ പാകിസ്ഥാനില്‍ കലാപം; അമേരിക്കയിലും യു.കെയിലും കാനഡയിലും പ്രതിഷേധം

ഇമ്രാന്‍ ഖാന്റെ അറസ്റ്റില്‍ പാകിസ്ഥാനില്‍ കലാപം; അമേരിക്കയിലും യു.കെയിലും കാനഡയിലും പ്രതിഷേധം

വാഷിങ്ടണ്‍: അഴിമതിക്കേസില്‍ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി (പി.ടി.ഐ) ചെയര്‍മാനുമായ ഇമ്രാന്‍ ഖാന്റെ അറസ്റ്റില്‍ വിദേശ രാജ്യങ്ങളിലും പ്രതിഷേധം കടുപ്പിച്ച് പാര്‍ട്ടി അനുഭാവികള്‍. വാഷിങ്ടണ്‍ ഡിസിയിലും ന്യൂയോര്‍ക്ക് സിറ്റിയിലും കാനഡയിലെ ടൊറന്റോയിലും ലണ്ടനിലുമെല്ലാം വന്‍ ജനപങ്കാളിത്തത്തോടെ പ്രതിഷേധ പരിപാടികള്‍ നടന്നു.

എംബസികള്‍ക്ക് മുന്നില്‍ നടന്ന പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പാര്‍ട്ടി അനുകൂലികള്‍ പുറത്തുവിട്ടു. ലണ്ടനില്‍ പാക് മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ വസതിക്ക് മുന്നില്‍ പ്രതിഷേധിക്കുന്ന ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.

ചൊവ്വാഴ്ചയാണ് രണ്ടു കേസുകളില്‍ ഹാജരാകാന്‍ ഇസ്ലാമാബാദ് ഹൈക്കോടതിയിലെത്തിയപ്പോള്‍ ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്തതത്. പ്രധാനമന്ത്രിയായിരിക്കെ വിദേശത്തുനിന്ന് ലഭിച്ച വിലയേറിയ സമ്മാനങ്ങള്‍ കൂടിയ വിലയ്ക്ക് വിറ്റെന്നും ഇതിന്റെ കണക്കുകള്‍ മറച്ചുവച്ച് നികുതി വെട്ടിച്ചെന്നതുമായി ബന്ധപ്പെട്ട തോഷഖാന കേസിലാണ് അറസ്റ്റ്.

അതേസമയം, ഇമ്രാന്‍ ഖാന്റെ അറസ്റ്റിനെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ അശാന്തി ചൂണ്ടിക്കാട്ടി അമേരിക്ക, യുകെ, കാനഡ എന്നീ രാജ്യങ്ങള്‍ പാകിസ്ഥാനിലെ തങ്ങളുടെ പൗരന്മാര്‍ക്ക് പുതിയ യാത്രാ മുന്നറിയിപ്പ് നല്‍കി.

വ്യക്തിഗത സുരക്ഷാ പദ്ധതികള്‍ അവലോകനം ചെയ്യാനും നിയമപാലകരില്‍ നിന്നുള്ള അഭ്യര്‍ത്ഥനകള്‍ പിന്തുടരാനും ചുറ്റുപാടുകളെക്കുറിച്ച് ബോധവാന്മാരായിരിക്കാനും അപ്‌ഡേറ്റുകള്‍ക്കായി പ്രാദേശിക മാധ്യമങ്ങളെ നിരീക്ഷിക്കാനും യു.എസ് എംബസി പൗരന്മാരോട് ആവശ്യപ്പെട്ടു. യു.കെ ഫോറിന്‍ കോമണ്‍വെല്‍ത്ത് ആന്‍ഡ് ഡവലപ്‌മെന്റ് ഓഫീസ് (എഫ്‌സിഡിഒ) പൗരന്മാരോട് രാഷ്ട്രീയ പ്രകടനങ്ങളും വലിയ ജനക്കൂട്ടവും പൊതു പരിപാടികളും ഒഴിവാക്കാന്‍ ഉപദേശിച്ചു.

ഇസ്ലാമാബാദില്‍ പ്രകടനക്കാരും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലുകളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളും യുഎസ് എംബസി നിരീക്ഷിക്കുന്നുണ്ട്.

പാകിസ്ഥാനില്‍ ഇമ്രാന്‍ ഖാന്റെ അറസ്റ്റിനെ തുടര്‍ന്നുണ്ടായ പ്രതിഷേധം കലാപമായി മാറിയിരിക്കുകയാണ്. പ്രധാന നഗരങ്ങളിലെല്ലാം പ്രതിഷേധങ്ങള്‍ പടരുകയാണ്. സംഘര്‍ഷങ്ങളില്‍ ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫിന്റെ ഒരു പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ പുറത്തുവരുന്ന വാര്‍ത്തകളേക്കാള്‍ ഗുരുതരമാണ് പാകിസ്ഥാനിലെ സാഹചര്യമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

പിടിഐയുടെ നേതൃത്വത്തില്‍ ആരംഭിച്ച പ്രതിഷേധമാണ് പാകിസ്ഥാനിലെ പല പ്രധാന നഗരങ്ങളിലും അക്രമാസക്തമായത്. പാക് സൈന്യത്തിന്റെ റാവില്‍ പിണ്ടി ഹെഡ്ക്വട്ടേഴ്‌സില്‍ ഇന്നലെ തന്നെ പ്രതിഷേധക്കാര്‍ കയ്യേറി ആക്രമണം നടത്തിയിരുന്നു. അക്രമസാധ്യത കണക്കിലെടുത്ത് പാകിസ്ഥാനില്‍ ഇന്റര്‍നെറ്റ് സൗകര്യം വിച്ഛേദിച്ചു. പിടിഐ പ്രവര്‍ത്തകരും, പാക് സൈന്യവും നേര്‍ക്കുനേര്‍ വരുന്ന നിലയിലേക്കാണ് പാകിസ്ഥാനിലെ സാഹചര്യങ്ങള്‍ മുന്നോട്ട് പോകുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.