ഇസ്രായേലിന് നേരെ ഗാസയുടെ റോക്കറ്റ് ആക്രമണം; മേഖല വീണ്ടും സംഘര്‍ഷഭരിതം

ഇസ്രായേലിന് നേരെ ഗാസയുടെ റോക്കറ്റ് ആക്രമണം; മേഖല വീണ്ടും സംഘര്‍ഷഭരിതം

ടെല്‍ അവീവ്: ഗാസയില്‍നിന്ന് ഇസ്രായേലിലേക്ക് റോക്കറ്റുകള്‍ വര്‍ഷിച്ച് പലസ്തീന്‍. ചൊവ്വാഴ്ച്ച ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ പലസ്തീനിയന്‍ ഇസ്ലാമിക് ജിഹാദ് പ്രസ്ഥാനത്തിലെ മൂന്ന് മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ 15 പേര്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് സംഘര്‍ഷം ഉടലെടുത്തിരിക്കുന്നത്.

ഇസ്രായേലിന്റെ തെക്കന്‍ മേഖലയിലേക്കാണ് റോക്കറ്റുകള്‍ വിക്ഷേപിച്ചത്. പ്രദേശത്തുടനീളം വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങി. നിലവില്‍ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

നേരത്തെ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഒരു പലസ്തീന്‍കാരന്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇവരുടെ വിശദംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഖാന്‍ യൂനിസ് പ്രദേശത്തായി മറഞ്ഞിരിക്കുന്ന റോക്കറ്റ് ലോഞ്ചര്‍ വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന ഇസ്ലാമിക് ജിഹാദ് പ്രവര്‍ത്തകരെ ലക്ഷ്യമിട്ടാണ് വ്യോമാക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ് (ഐഡിഎഫ്) അറിയിച്ചു. തിരിച്ചടിയായാണ് ഗാസ മുനമ്പില്‍നിന്ന് ഇസ്രയേലിലേക്ക് 60 റോക്കറ്റുകള്‍ തൊടുത്തത്.

ഖാന്‍ യൂനിസില്‍ ഇസ്രയേല്‍ നടത്തിയ ആദ്യ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായി ഗാസയിലെ പലസ്തീന്റെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗാസ നഗരത്തിലും വടക്കന്‍ പട്ടണമായ ബെയ്ത് ലാഹിയയിലും ആക്രമണം നടന്നതായാണ് പലസ്തീന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഗാസയുടെ ചുറ്റളവില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയായിട്ടുള്ള സ്ഡെറോട്ട് പട്ടണത്തിലെ ആളൊഴിഞ്ഞ വീട്ടിലാണ് ഒരു റോക്കറ്റ് പതിച്ചതെന്ന് ഇസ്രയേല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മറ്റൊരു ആക്രമണത്തില്‍ തെക്കന്‍ ഗാസയോട് ചേര്‍ന്നുകിടക്കുന്ന നിരീമിലെ കിബ്ബട്ട്സിലെ കിന്റര്‍ഗാര്‍ഡന്റെ മേല്‍ക്കൂരയില്‍ പതിച്ചെങ്കിലും ആര്‍ക്കും പരിക്കില്ല.

87 ദിവസത്തെ നിരാഹാര സമരത്തിനൊടുവില്‍ പലസ്തീന്‍ പൗരന്‍ ഇസ്രായേല്‍ ജയിലില്‍ മരണത്തിന് കീഴടങ്ങിയതിന് പിന്നാലെയാണ് പലസ്തീന്‍-ഇസ്രായേല്‍ സംഘര്‍ഷം വീണ്ടും കനത്തത്. പലസ്തീന്‍ ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്നും ഭീകരപ്രവര്‍ത്തനത്തില്‍ പങ്കാളിയായെന്നും ചൂണ്ടിക്കാട്ടിയാണ് പലസ്തീന്‍ പൗരനായ ഖാദര്‍ അദ്നാനെ ഇസ്രയേല്‍ സര്‍ക്കാര്‍ ജയിലിലടച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.