നിരോധനം മറികടന്ന് ബംഗാളില്‍ 'ദി കേരള സ്റ്റോറി' പ്രദര്‍ശിപ്പിച്ചു; ബിജെപി ഓഫീസുകളിലെ പ്രദര്‍ശനം കണ്ടത് പാര്‍ട്ടി പ്രവര്‍ത്തകര്‍

നിരോധനം മറികടന്ന് ബംഗാളില്‍ 'ദി കേരള സ്റ്റോറി' പ്രദര്‍ശിപ്പിച്ചു; ബിജെപി ഓഫീസുകളിലെ പ്രദര്‍ശനം കണ്ടത് പാര്‍ട്ടി പ്രവര്‍ത്തകര്‍

കൊല്‍ക്കത്ത: നിരോധനം മറികടന്ന് വിവാദ സിനിമ 'ദി കേരള സ്റ്റോറി'യുടെ പ്രത്യേക പ്രദര്‍ശനം ബംഗാളില്‍ നടന്നു. ബിജെപിയുടെ ബരുയിപൂര്‍ ജില്ലാ ഓഫീസിലാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. ബിജെപിയുടെ നോര്‍ത്ത് പര്‍ഗാനാസ് ജില്ലാ പ്രസിഡന്റ് ഫാല്‍ഗുനി പത്രയും പാര്‍ട്ടിയുടെ വനിതാ വിഭാഗം പ്രവര്‍ത്തകരും പ്രദര്‍ശനത്തില്‍ പങ്കെടുത്തു.

ചിത്രത്തിന്റെ പ്രദര്‍ശനം നിരോധിച്ചുകൊണ്ടുള്ള മമത സര്‍ക്കാരിന്റെ ഉത്തരവ് മറികടന്നാണ് ബിജെപി പ്രദര്‍ശനം സംഘടിപ്പിച്ചത്. സിനിമയ്ക്ക് സംസ്ഥാന വ്യാപകമായി ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനം പാലിച്ച് സ്വകാര്യമായാണ് പ്രദര്‍ശനം നടത്തിയതെന്ന് പത്ര പറഞ്ഞു.

മതത്തിന്റെയും ജാതിയുടെയും പേരില്‍ ഭിന്നിപ്പുണ്ടാക്കുകയും ധ്രുവീകരണ രാഷ്ട്രീയം പ്രചരിപ്പിക്കുകയുമാണ് ബിജെപിയുടെ അജണ്ടയെന്ന് ബംഗാള്‍ വ്യവസായ മന്ത്രി ഡോ.ശശി പഞ്ച പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെക്കുറിച്ചുളള ബിബിസി ഡോക്യുമെന്ററി സമാനമായ രീതിയില്‍ പ്രദര്‍ശിപ്പിക്കാനും ടിഎംസി നേതാവ് ബിജെപിയെ വെല്ലുവിളിച്ചു.

കേരളത്തില്‍ നിന്നുള്ള സ്ത്രീകളെ നിര്‍ബന്ധിത മതം മാറ്റത്തിന് വിധേയമാക്കി ഭീകര സംഘടനകളുടെ ഭാഗമാക്കുന്നത് പ്രമേയമായ ചിത്രത്തിന്റെ പ്രദര്‍ശനം ബംഗാളില്‍ നിരോധിക്കുകയും തമിഴ്‌നാട്ടിലെ മള്‍ട്ടിപ്ലക്‌സുകളില്‍ നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു. അതേസമയം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഹരിയാന എന്നിവിടങ്ങളില്‍ ചിത്രം നികുതിരഹിതമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.