കേന്ദ്ര സര്‍ക്കാരിന് വന്‍ തിരിച്ചടി; ഡല്‍ഹിയില്‍ ഭരണപരമായ അധികാരം സംസ്ഥാന സര്‍ക്കാരിനെന്ന് സുപ്രീം കോടതി

കേന്ദ്ര സര്‍ക്കാരിന് വന്‍ തിരിച്ചടി; ഡല്‍ഹിയില്‍ ഭരണപരമായ അധികാരം സംസ്ഥാന സര്‍ക്കാരിനെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഭരണപരമായ അധികാരം ഡല്‍ഹി സര്‍ക്കാരിനെന്ന് സുപ്രീം കോടതി. കേന്ദ്ര സര്‍ക്കാരുമായുള്ള ഏറ്റുമുട്ടലിനിടെയാണ് സുപ്രധാന വിധി വന്നത്. പൊലീസ്, ലാന്‍ഡ്, പബ്ലിക് ഓര്‍ഡര്‍ എന്നിവ ഒഴിച്ചുള്ള അധികാരങ്ങള്‍ സംസ്ഥാനത്തിനാണെന്ന് സുപ്രീം കോടതി വിധിയില്‍ പറയുന്നു.

ഡല്‍ഹിയിലെ ഭരണ നിര്‍വഹണം സംബന്ധിച്ച് അരവിന്ദ് കേജരിവാള്‍ സര്‍ക്കാരും ലഫ്റ്റ്‌നന്റ് ഗവര്‍ണറും തമ്മില്‍ വര്‍ഷങ്ങളായി തുടരുന്ന തര്‍ക്കത്തിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ നിര്‍ണായക വിധി വന്നിരിക്കുന്നത്.

ലഫ്റ്റനന്റ് ഗവര്‍ണറെ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹിയിലെ ഉദ്യോഗസ്ഥരെ നിയന്ത്രിക്കുകയാണെന്ന് ആരോപിച്ച് ഡല്‍ഹി സര്‍ക്കാരാണ് കോടതിയെ സമീപിച്ചത്. ഐഎഎസ് ഓഫിസര്‍മാരുടെ അടക്കം നിയമനം റദ്ദാക്കി. നിര്‍ണായകമായ ഫയലുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നില്ല. അടിസ്ഥാനപരമായ ഭരണകാര്യങ്ങളില്‍ തീരുമാനങ്ങളെടുക്കുന്നത് തടയുന്നു തുടങ്ങിയ വാദങ്ങളും ഡല്‍ഹി സര്‍ക്കാര്‍ കോടതിക്കു മുന്നില്‍ നിരത്തി.

ഡല്‍ഹിയുടെ യഥാര്‍ഥ അധികാരം തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനാണെന്ന് 2019 ലും സുപ്രീം കോടതി വിധിച്ചിരുന്നു. രാജ്യ തലസ്ഥാനത്തിന്റെ ഭരണത്തലവന്‍ ലഫ്റ്റനന്റ് ഗവര്‍ണറാണെന്ന ഹൈക്കോടതി വിധിക്കെതിരെ ആംആദ്മി പാര്‍ട്ടി നല്‍കിയ കേസിലാണ് അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി പറഞ്ഞത്.

ലഫ്റ്റനന്റ് ഗവര്‍ണറെക്കാള്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനാണ് കൂടുതല്‍ അധികാരമെന്ന് വ്യക്തമാക്കിയ കോടതി, പൊതു ഉത്തരവുകള്‍, പൊലീസ്, ഭൂമി എന്നിവയില്‍ മാത്രമായി ലഫ്.ഗവര്‍ണറുടെ അധികാരം പരിമിതപ്പെടുത്തി. മന്ത്രിസഭയുടെ ഉപദേശപ്രകാരം വേണം ലഫ്. ഗവര്‍ണര്‍ പ്രവര്‍ത്തിക്കാനെന്നും കോടതി നിര്‍ദേശിച്ചു.

എന്നാല്‍ ഉദ്യോഗസ്ഥ നിയമനം ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ ഡല്‍ഹി സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം തുടര്‍ന്നു. ഈ തര്‍ക്കവുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ 2019 ഫെബ്രുവരി 14 ന് സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് ഭിന്ന വിധിയെഴുതിയതോടെ വിഷയം മൂന്നംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വരികയായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം കൂടി പരിഗണിച്ചായിരുന്നു ഇത്. എന്നാല്‍ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ഹര്‍ജിയില്‍ വാദം കേള്‍ക്കവെ വിഷയം ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിടണമെന്ന ആവശ്യവും കേന്ദ്ര സര്‍ക്കാര്‍ ഉന്നയിച്ചിരുന്നു.

രാജ്യതലസ്ഥാനവും സമ്പൂര്‍ണ സംസ്ഥാന പദവിയില്ലാത്തതുമായ ഡല്‍ഹിയുടെ ഭരണത്തലവന്‍ ലഫ്. ഗവര്‍ണറാണെന്നു ഡല്‍ഹി ഹൈക്കോടതി 2016 ഓഗസ്റ്റിലാണ് വിധിച്ചത്. സംസ്ഥാന മന്ത്രിസഭയുടെ ഉപദേശങ്ങള്‍ക്കനുസരിച്ചു ലഫ്. ഗവര്‍ണര്‍ പ്രവര്‍ത്തിക്കണമെന്ന ആവശ്യം തള്ളുകയും ചെയ്തു.
രാഷ്ട്രപതിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും പ്രതിനിധിയായ ലഫ്. ഗവര്‍ണറുടെ അനുമതിയില്ലാതെ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന ഏതു തീരുമാനവും അസാധുവാണെന്നാണു കേന്ദ്രത്തിന്റെ വാദം. എന്നാല്‍ മറ്റു കേന്ദ്ര ഭരണപ്രദേശങ്ങളില്‍ നിന്നും ഡല്‍ഹിയുടെ സാഹചര്യം വ്യത്യസ്തമാണെന്ന് എഎപി സര്‍ക്കാര്‍ വാദിക്കുന്നു. ഡല്‍ഹിക്കു പ്രത്യേക പദവി ലക്ഷ്യമിട്ടു പാര്‍ലമെന്റ് പാസാക്കിയ നിയമത്തിലെ 239 എഎ വകുപ്പാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.