തിരുവനന്തപുരം: വിജയ ചരിത്രത്തില്‍ പുതിയൊരു അധ്യായം കൂടി എഴുതിച്ചേര്‍ത്ത് ഇന്ത്യന്‍ സ്‌പെയ്‌സ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐ.എസ്.ആര്‍.ഒ).
ഉപഗ്രഹ റോക്കറ്റുകളുടെ ശേഷി ഇരട്ടിയാക്കാന്‍ ഐ.എസ്.ആര്‍.ഒ വികസിപ്പിച്ച മണ്ണെണ്ണ ചേര്‍ത്ത ഇന്ധനത്തിന്റെയും അതുപയോഗിച്ചുള്ള സെമി ക്രയോജനിക് എന്‍ജിന്റെയും പരീക്ഷണം വന്‍ വിജയം.
ഇതോടെ നിലവില്‍ 4,000 കിലോ ഉപഗ്രഹ വിക്ഷേപണ ശേഷിയുള്ള ബാഹുബലി എന്ന ജി.എസ്.എല്‍.വി. മാര്‍ക്ക് ത്രീ റോക്കറ്റിന്റെ ശേഷി 6,000 മുതല്‍ 10,000 കിലോഗ്രാം വരെ വര്‍ധിപ്പിക്കാം. തമിഴ്‌നാട്ടിലെ മഹേന്ദ്രഗിരി പ്രൊപ്പല്‍ഷന്‍ കോംപ്‌ളക്‌സില്‍ പുതുതായി നിര്‍മ്മിച്ച ടെസ്റ്റ് സെന്ററിലാണ് 15 മണിക്കൂര്‍ നീണ്ട പരീക്ഷണം നടത്തിയത്.
എന്‍ജിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണ വിജയമായിരുന്നു. ഉയര്‍ന്ന മര്‍ദ്ദത്തിലും താഴ്ന്ന മര്‍ദ്ദത്തിലും ടര്‍ബോ പമ്പുകള്‍, ഗ്യാസ് ജനറേറ്റര്‍, കണ്‍ട്രോള്‍ സംവിധാനങ്ങള്‍, പ്രൊപ്പലന്റ് ഫീഡ് സിസ്റ്റം തുടങ്ങിയവ പരീക്ഷിച്ചു.
തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക് എന്‍ജിനാണ് ജിഎസ്എല്‍വി മാര്‍ക്ക് മൂന്നില്‍ ഉപയോഗിച്ചത്. ദ്രവീകരിച്ച ഹൈഡ്രജനും ഓക്‌സിജനുമാണ് ഇന്ധനം. സെമി ക്രയോജനിക് എന്‍ജിനില്‍ ഹൈഡ്രജന് പകരം ശുദ്ധീകരിച്ച മണ്ണെണ്ണയാണ്. ഇതിന് ഇസ്രോസീന്‍ എന്നാണ് ശാസ്ത്രജ്ഞര്‍ നല്‍കിയ പേര്.
ഇതോടെ റോക്കറ്റിന്റെ ത്രസ്റ്റ് 725 കിലോ ന്യൂട്ടണില്‍ നിന്ന് 2000കിലോ ന്യൂട്ടണായി വര്‍ധിക്കും. അതിന്റെ ടര്‍ബോ പവര്‍ 36 മെഗാവാട്ടായും ഉയരും.നിലവിലുള്ള റോക്കറ്റുകളുടെ വികാസ് എന്‍ജിന് അഞ്ച് മെഗാവാട്ടാണ് ടര്‍ബോ പവര്‍. റഷ്യയും അമേരിക്കയും ശുദ്ധീകരിച്ച ഏവിയേഷന്‍ ഗ്രേഡ് മണ്ണെണ്ണയാണ് റോക്കറ്റുകളില്‍ ഉപയോഗിക്കുന്നത്.
ചന്ദ്ര ദൗത്യത്തില്‍ തുടര്‍ച്ചയായി പരാജയപ്പെട്ട അമേരിക്ക വിജയിച്ചത് ശുദ്ധീകരിച്ച മണ്ണെണ്ണ ഇന്ധനമായി ഉപയോഗിച്ചപ്പോഴാണ്. മണ്ണെണ്ണയോ ഹൈഡ്രസിനോ മികച്ചതെന്ന ആശയകുഴപ്പത്തില്‍ ഏതാനും വര്‍ഷം പാഴാക്കിയ സോവിയറ്റ് യൂണിയന് ബഹിരാകാശമേഖലയില്‍ ഒന്നാം സ്ഥാനം നഷ്ടമാകുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.