മാധ്യമപ്രവര്‍ത്തകന്‍ എസ്.വി.പ്രദീപ് വാഹന അപകടത്തില്‍ മരിച്ചു; മരണത്തിൽ ദുരൂഹത

മാധ്യമപ്രവര്‍ത്തകന്‍ എസ്.വി.പ്രദീപ് വാഹന അപകടത്തില്‍ മരിച്ചു; മരണത്തിൽ ദുരൂഹത

വാക്കുകൾകൊണ്ട് മൂർച്ചയുള്ള ആയുധങ്ങൾ മെനഞ്ഞ ശക്തനായ മാധ്യമ പ്രവര്‍ത്തകന്‍ എസ്.വി.പ്രദീപ് വാഹനാപകടത്തില്‍ മരിച്ചു. വൈകിട്ട് മൂന്നരയോടെ തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തുണ്ടായ വാഹനാപകടത്തിലാണ് എസ്.വി. പ്രദീപ് മരിച്ചത്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ.

മനോരമ ന്യൂസ്, കൈരളി ടിവി, മീഡിയ വൺ, ന്യൂസ് 18 കേരളം, മംഗളം ടിവി, തുടങ്ങി വിവിധ മാധ്യമങ്ങളിൽ എസ്.വി പ്രദീപ് പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ ഓൺലൈൻ മാധ്യമങ്ങളിലും പ്രദീപ് ജോലി ചെയ്തിരുന്നു. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന പ്രദീപിനെ അതേദിശയിൽ വന്ന വാഹനം ഇടിച്ചുതെറിപ്പിച്ചെന്നും അപകടത്തിന് ശേഷം  നിർത്താതെ പോയെന്നുമാണ് പൊലീസ് പറയുന്നത്.

വാഹനാപകടത്തിൽ ദുരൂഹതയുണ്ടെന്നു പ്രദീപിന്റെ കുടുംബം ആരോപിച്ചു. സമൂഹമാധ്യമങ്ങളിലടക്കം നിരവധി ഭീഷണി പ്രദീപിന് ഉണ്ടായിരുന്നതായി അമ്മ വസന്തകുമാരി പറഞ്ഞു.  ‌അപകടമരണത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. തിരുവനന്തപുരം ഫോർട്ട് അസി. കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക.

മാധ്യമപ്രവർത്തകൻ എസ്. വി പ്രദീപിന്റെ ദുരൂഹ മരണത്തിൽ സമഗ്ര അന്വേഷണം നടത്തി സത്യം പുറത്തു കൊണ്ടുവരണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ ആവശ്യപ്പെട്ടു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയ ഡിജിപിയുടെ നടപടി സ്വാഗതാർഹമാണ്. ധീരനായ മാധ്യമപ്രവർത്തകൻ എന്ന നിലയിൽ ശ്രദ്ധേയനായ എസ്. വി പ്രദീപിന്റെ അകാല വിയോഗത്തിൽ യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.പി റെജിയും ജനറൽ സെക്രട്ടറി ഇ.എസ് സുഭാഷും ദുഃഖം പ്രകടിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.