സാന്‍ഫ്രാന്‍സിസ്‌കോ: താന്‍ ട്വിറ്റര്‍ സി.ഇ.ഒ സ്ഥാനം ഒഴിയുകയാണെന്ന് ഇലോണ്‍ മസ്‌ക്. ആറാഴ്ചക്കകം പുതിയ സി.ഇ.ഒ ചുമതലയേല്‍ക്കുമെന്നും മസ്‌ക് ട്വീറ്റിലൂടെ അറിയിച്ചു. എന്‍.ബി.സി യൂണിവേഴ്‌സല്‍ എക്‌സിക്യുട്ടീവ് ലിന്‍ഡ യാക്കരിനോ ആണ് പുതിയ സാരഥിയെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍, മസ്‌ക് തന്റെ ട്വീറ്റില്‍ ലിന്‍ഡയുടെ പേര് പറഞ്ഞിട്ടില്ല. ട്വിറ്ററിന് പുതിയ സി.ഇ.ഒയെ നിയമിച്ചതായി അറിയിക്കുന്നതില്‍ സന്തോഷമുണ്ട്. അവര്‍ ആറ് ആഴ്ചയ്ക്കുള്ളില്‍ ചുമതലയേല്‍ക്കും -എന്നാണ് മസ്‌കിന്റെ ട്വീറ്റ്. ഇനിമുതല്‍ എക്‌സിക്യൂട്ടീവ് ചെയര്‍, സിടിഒ എന്ന പദവിയില്‍ തുടരുമെന്നും മസ്‌ക് അറിയിച്ചു. ലിന്‍ഡ യാക്കരിനോ ട്വിറ്ററിലെത്തുന്ന വാര്‍ത്തയോട് എന്‍.ബി.സി യൂണിവേഴ്‌സല്‍ പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ വര്‍ഷം ട്വിറ്റര്‍ ഏറ്റെടുത്തതിനു ശേഷം കടുത്ത നടപടികളാണ് മസ്‌ക് സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. 44 ബില്യണ്‍ ഡോളറിന് ട്വിറ്റര്‍ ഏറ്റെടുത്തതിനു പിന്നാലെ അന്നത്തെ സി.ഇ.ഒ പരാഗ് അഗര്‍വാളിനെ പുറത്താക്കുകയാണ് മസ്‌ക് ആദ്യം ചെയ്തിരുന്നത്. ജീവനക്കാരെ പിരിച്ചുവിട്ടും പേരെന്റല്‍ ലീവ് അടക്കം വെട്ടിക്കുറിച്ചും മസ്‌ക് നടപടികള്‍ തുടരുകയാണ്. ഹാഷ് ടാഗിന്റെ ഉപജ്ഞാതാവ് ക്രിസ് മെസിനയും ട്വിറ്റര്‍ വിടുകയാണെന്ന വാര്‍ത്തയാണ് ഒടുവില്‍ പുറത്തുവന്നിരുന്നത്.
ഇതിനിടെ, ട്വിറ്റര്‍ നടത്തിക്കൊണ്ടുപോകുന്നത് ബുദ്ധിമുട്ടേറിയ പണിയാണെന്ന് മസ്‌ക് സമ്മതിക്കുകയും ചെയ്തിരുന്നു. യോഗ്യനായ ആള്‍ വാങ്ങാന്‍ വന്നാല്‍ വില്‍ക്കാന്‍ തയാറാണെന്നും മസ്‌ക് ബി.ബി.സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.