വത്തിക്കാൻ സിറ്റി: ഉക്രൈൻ പോലുള്ള സ്ഥലങ്ങളിൽ യുദ്ധം നടക്കുന്ന സമയത്ത് ഭക്ഷണത്തിന്റെ ലഭ്യത ഉറപ്പാക്കുന്നതിനുള്ള ആഗോള ശ്രമങ്ങൾ വർദ്ധിപ്പിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ. 'ഭക്ഷണവും മാനുഷിക പ്രതിസന്ധികളും: അവയുടെ പ്രതിരോധത്തിനും ലഘൂകരണത്തിനുമുള്ള ശാസ്ത്രവും നയങ്ങളും' എന്ന വിഷയത്തിൽ പൊന്തിഫിക്കൽ അക്കാദമി ഓഫ് സയൻസസ് നടത്തിയ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു മാർപ്പാപ്പ. യുദ്ധം പോലുള്ള പ്രതിസന്ധികൾ ഉള്ളപ്പോൾ ആരോഗ്യകരമായ ഭക്ഷണം ആവശ്യക്കാരിലേക്ക് എത്തിക്കുക എന്നത് തികച്ചും വെല്ലുവിളി നിറഞ്ഞ കാര്യമാണ്. അതിനായി പ്രയ്ത്നിക്കുന്നവരെ മാർപ്പാപ്പ അഭിനന്ദിച്ചു.
ഉക്രെയ്നിലെ യുദ്ധം
ഭക്ഷണവുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകളും കോൺഫറൻസുകളും പഠനത്തിനുവേണ്ടി മാത്രമാകരുത്. പല തരത്തിൽ കഷ്ടപ്പാടുകൾ അനുഭവിക്കുന്നവർക്ക് അതിൽ നിന്ന് മോചനം ലഭിക്കാനുള്ള മാർഗങ്ങൾ കണ്ടെത്തേണ്ടതുണ്ട്. ഉക്രൈൻ പോലുള്ള യുദ്ധ സ്ഥലങ്ങളിൽ ഈ വെല്ലുവിളി വളരെ ശക്തമാണ്. പലതരം പ്രശ്നങ്ങളാണ് അവിടെ അഭിമുഖിക്കേണ്ടി വരുന്നത്. ഭക്ഷ്യ വസ്തുക്കളുടെ ഉൽപ്പാദനമില്ലായ്മയും കാർഷിക സംവിധാനങ്ങളുടെ പ്രതിരോധശേഷി കുറവും പോഷകാഹാര വിതരണത്തെ മോശമായി ബാധിക്കുമെന്ന് മാർപ്പാപ്പ അടിവരയിട്ട് പറഞ്ഞു
സാഹോദര്യ ഐക്യദാർഡ്യം
കോവിഡ് -19 വൈറസ് പ്രതിസന്ധികൾ സാഹോദര്യ ഐകൃദാർഡ്യം കൂടുതൽ വഷളാക്കിയതായി മാർപ്പാപ്പ നിരീക്ഷിച്ചു. സ്വാർത്ഥത കാരണം സാഹോദര്യ ഐക്യദാർഢ്യം കുറഞ്ഞു. നിലവിലെ സാമ്പത്തിക പ്രശ്നങ്ങൾ ഇതിന് ഉദാഹരണമാണ്. ഒരു പ്രതിസന്ധി എന്നത് മുൻകാല തെറ്റുകളിൽ നിന്ന് പഠിക്കാനുള്ള അവസരമായി മാറണം.
സാങ്കേതിക പരിഹാരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക മാത്രമല്ല, എല്ലാറ്റിനുമുപരിയായി സാർവത്രിക ഐക്യദാർഢ്യത്തിന്റെ മനോഭാവം വളർത്തിയെടുക്കേണ്ടതും കൂടിയുണ്ട്. നാം ഇപ്പോൾ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളിൽ നിന്ന് കരകയറാൻ സാഹോദര്യം, സ്നേഹം, പരസ്പര ധാരണ പോലുള്ള ഗുണങ്ങൾ എല്ലാവരെയും സഹായിക്കുമെന്നും മാർപാപ്പ പറഞ്ഞു.
സഭയുടെ പിന്തുണ
ദൈവത്തോടും അയൽക്കാരോടും യേശുവിന്റെ സന്ദേശം അനുസരിച്ച് നാം അനുവർത്തിക്കണം. നമ്മുടെ സഹോദരീ സഹോദരന്മാരുമായി നമുക്കുള്ളത് പങ്കുവെക്കണം. ജനങ്ങൾക്കിടയിൽ നീതിയും അന്താരാഷ്ട്ര ഐക്യദാർഢ്യവും നില നിർത്താനായി പ്രവർത്തിക്കുന്ന എല്ലാവരെയും സഭ പിന്തുണക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്നും മാർപ്പാപ്പ സൂചിപ്പിച്ചു.
പൊന്തിഫിക്കൽ അക്കാദമി ഓഫ് സയൻസസുമായി സഹകരിച്ചുള്ള യുവാക്കളുടെ വിലയേറിയ സേവനത്തിന് പരിശുദ്ധ പിതാവ് നന്ദി അറിയിക്കുകയും ഭക്ഷണത്തിന്റെയും മറ്റ് മാനുഷിക പ്രതിസന്ധികളുടെയും ഫലമായുണ്ടാകുന്ന നിരവധി പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള അവരുടെ പ്രവർത്തനം ഫലം കാണുമെന്നും മാർപ്പാപ്പ ഉറപ്പ് നൽകി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.