ഗാസയില്‍നിന്നുള്ള റോക്കറ്റ് ജറുസലേമിനു സമീപം പതിച്ചു; തിരിച്ചടിച്ച് ഇസ്രായേല്‍

ഗാസയില്‍നിന്നുള്ള റോക്കറ്റ് ജറുസലേമിനു സമീപം പതിച്ചു; തിരിച്ചടിച്ച് ഇസ്രായേല്‍

ജറുസലേം: നാലു ദിവസമായി തുടരുന്ന സംഘര്‍ഷത്തിനിടെ ഗാസയില്‍നിന്നുള്ള റോക്കറ്റ് ജറുസലേമിനു സമീപം പതിച്ചു. ജറുസലേമില്‍നിന്ന് 16 കിലോമീറ്റര്‍ അകലെ അധിനിവേശ വെസ്റ്റ് ബാങ്കിലെ ബാത് അയ്ന്‍ എന്ന ജൂത പാര്‍പ്പിട മേഖലയ്ക്ക് സമീപമാണ് റോക്കറ്റ് പതിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ നിലവില്‍ പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തിരിച്ചടിയെന്നോണം ഗാസയിലെ റോക്കറ്റ് കേന്ദ്രം ആക്രമിച്ചതായി ഇസ്രായേല്‍ വ്യക്തമാക്കി. ഇരു വിഭാഗങ്ങളും തമ്മില്‍ വെടിനിര്‍ത്തലിനുള്ള ശ്രമങ്ങള്‍ ഈജിപ്ത് ഊര്‍ജിതമാക്കിയിരിക്കെയാണ് പുതിയ ആക്രമണം.

ചൊവ്വാഴ്ച ആക്രമണം ആരംഭിച്ചതിനു ശേഷം ഇന്നു രാവിലെ എട്ടു മണി വരെ ഗാസ മുനമ്പില്‍നിന്ന് ഇസ്രായേലിലേക്ക് 1,099 റോക്കറ്റുകള്‍ വിക്ഷേപിച്ചതായി ഇസ്രായേല്‍ പ്രതിരോധ സേന പറഞ്ഞു. ഇസ്ലാമിക് ജിഹാദിന്റെ 325 കേന്ദ്രങ്ങള്‍ക്കെതിരെ ആക്രമണം നടത്തിയതായി സൈന്യം അറിയിച്ചു.

ഇസ്രായേല്‍ ആക്രമണത്തില്‍ ഇതുവരെ 31 പലസ്തീനികളാണ് ഗാസയില്‍ കൊല്ലപ്പെട്ടത്. ജറുസലേമിലേക്കുള്ള റോക്കറ്റ് വര്‍ഷം ഒരു സന്ദേശമാണെന്ന് പലസ്തീനിയന്‍ ഇസ്‌ലാമിക് ജിഹാദ് പറഞ്ഞു. എല്ലാവരും ഇതിന്റെ ലക്ഷ്യം മനസിലാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. 2021 മേയില്‍ നടന്ന 10 ദിവസത്തെ സംഘര്‍ഷത്തിനുശേഷം ആദ്യമായാണ് ഗാസയില്‍നിന്നുള്ള റോക്കറ്റ് ജറുസലേമിനു സമീപം എത്തുന്നത്.

വെള്ളിയാഴ്ച രാവിലെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു സൈനിക, ഇന്റലിജന്‍സ് മേധാവികളുമായി ചര്‍ച്ച നടത്തി. ഇതുവരെ ഇസ്‌ലാമിക് ജിഹാദിന്റെ ആറ്‌ മുതിര്‍ന്ന നേതാക്കളെ വധിച്ചതായി ഇസ്രായേല്‍ അവകാശപ്പെട്ടു.

ഈജിപ്ത്, ഖത്തര്‍, യു.എന്‍ എന്നിവയാണ് സമാധാന ശ്രമങ്ങളുമായി രംഗത്തുള്ളത്. ഹമാസുമായും ഇസ്‌ലാമിക് ജിഹാദുമായും നിരന്തരം ബന്ധപ്പെട്ട് സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഈജിപ്ത് സജീവമാക്കിയതായി ഹമാസ് നേതാക്കള്‍ അറിയിച്ചു. അതേസമയം, സമാധാന ചര്‍ച്ചകളോട് സമ്മിശ്ര പ്രതികരണമാണ് ഇസ്‌ലാമിക് ജിഹാദ് നടത്തിയിട്ടുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.