'മെയ്‌തേയികള്‍ക്കിടയില്‍ ജീവിക്കാന്‍ കഴിയുന്നില്ല': മണിപ്പൂര്‍ വിഭജിക്കണമെന്ന് 10 കുക്കി എംഎല്‍എമാര്‍

'മെയ്‌തേയികള്‍ക്കിടയില്‍ ജീവിക്കാന്‍ കഴിയുന്നില്ല': മണിപ്പൂര്‍ വിഭജിക്കണമെന്ന്  10 കുക്കി എംഎല്‍എമാര്‍

ഇംഫാല്‍: മണിപ്പൂരില്‍ ക്രൈസ്തവ ഭൂരിപക്ഷമുള്ള ചിന്‍-കുക്കി-സോമി ഗോത്ര വര്‍ഗക്കാരെ സംരക്ഷിക്കുന്നതില്‍ മണിപ്പൂര്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടുവെന്ന് കുക്കി സമുദായാംഗങ്ങളായ 10 എംഎല്‍എമാര്‍.

സമുദായത്തിന്റെ സംരക്ഷണത്തിന് മണിപ്പൂര്‍ സംസ്ഥാനം വിഭജിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ബിരേന്‍ സിംഗ് സര്‍ക്കാരിലെ രണ്ട് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ബിജെപി എംഎല്‍എമാരും നിവേദനത്തില്‍ ഒപ്പിട്ടിട്ടുണ്ട്.

സംസ്ഥാനത്ത് 70 പേര്‍ കൊല ചെയ്യപ്പെട്ട മെയ്‌തേയ്-കുക്കി കലാപത്തിന് പിന്നാലെയാണ് കുക്കി എം.എല്‍.എമാര്‍ പ്രത്യേക സംസ്ഥാനം എന്ന ആവശ്യവുമായി രംഗത്തു വന്നത്. കലാപത്തിന് ശേഷം മെയ്‌തേയികള്‍ക്കിടയില്‍ കുക്കി സമുദായക്കാര്‍ക്ക് ജീവിക്കാന്‍ കഴിയുന്നില്ലെന്നും മരണമാണ് ഇതിനേക്കാള്‍ നല്ലതെന്നാണ് ആളുകള്‍ ചിന്തിക്കുന്നുണ്ടെന്നും എംഎല്‍എമാര്‍ പ്രസ്താവനയില്‍ പറഞ്ഞു.

ബി.ജെ.പി നേതാക്കളായ ലെറ്റ്പാവോ ഹാക്കിപ്, നെംച കിപ്ഗന്‍ എന്നിവരാണ് പ്രസ്താവനയില്‍ ഒപ്പിട്ട മന്ത്രിമാര്‍. മെയ് നാലിന് ഇംഫാലിലുണ്ടായ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ബിജെപി എംഎല്‍എ വുന്‍സഗിന്‍ വാല്‍ട്ടെയും പ്രസ്താവനയില്‍ ഒപ്പിട്ടവരില്‍ ഉള്‍പ്പെടുന്നു.

ഹാക്കോലെറ്റ് കിപ്ജെന്‍, എല്‍എം ഖൗട്ടെ, എന്‍ഗുര്‍ സാംഗ്ലൂര്‍ സനേറ്റ്, ലെറ്റ്സമാങ് ഹയോകിപ്പ്, പൗലിയന്‍ലാല്‍ ഹാക്കിപ് എന്നിവരാണ് ഒപ്പിട്ട മറ്റ് ബിജെപി എംഎല്‍എമാര്‍. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം സര്‍ക്കാര്‍ രൂപീകരണത്തിന് ബിജെപിക്ക് പിന്തുണ നല്‍കിയ കുക്കി പീപ്പിള്‍സ് അലയന്‍സിലെ കിംനിയോ ഹാകിപ് ഹാങ്ഷിംഗ്, ചിന്‍ലുന്താങ് ഹയോകിപ്പ് എന്നിവരും സംസ്ഥാന വിഭനം ആവശ്യപ്പെട്ടിട്ടുണ്ട്.

സമുദായത്തിന്റെ വികാരമാണ് ഞങ്ങള്‍ പ്രതിനിധീകരിക്കുന്നതെന്നും മണിപ്പൂര്‍ സംസ്ഥാനത്തില്‍ നിന്നുള്ള വേര്‍പിരിയലാണ് പരിഹാരമെന്നും അവര്‍ പറഞ്ഞു. വിഭജന ആവശ്യം ശക്തമാക്കാന്‍ തങ്ങളുടെ നിയോജക മണ്ഡലങ്ങളിലെ സമുദായ നേതാക്കളുമായും വിവിധ സംഘടന പ്രതിനിധികളുമായി മെയ് 16 ന് മിസോറാമില്‍ കൂടിക്കാഴ്ച നടത്തും.

അതിനിടെ, കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 71 ആയതായി മുഖ്യമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവ് കുല്‍ദീപ് സിംഗ് പറഞ്ഞു. മൂന്ന് മൃതദേഹങ്ങള്‍ കൂടി കഴിഞ്ഞ ദിവസം കണ്ടെടുത്തു. വ്യാഴാഴ്ച മൂന്ന് മെയ്‌തേയ് സമുദായാംഗങ്ങളെ ബിഷ്ണുപൂര്‍ ജില്ലയിലെ ടോര്‍ബംഗ് ബംഗ്ലയില്‍ നിന്ന് അജ്ഞകാതര്‍ തട്ടിക്കൊണ്ടുപോയിരുന്നു.

ഇവരെ രക്ഷിക്കാനുള്ള ഓപ്പറേഷന്‍ തുടരുകയാണെന്ന് സിംഗ് പറഞ്ഞു. അക്രമത്തെ തുടര്‍ന്ന് മ്യാന്‍മറിലേക്ക് പലായനം ചെയ്ത മുന്നൂറോളം പേരെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളും തുടരുകയാണെന്ന് അദ്ദേഹം അറിയിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.