കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക്: സര്‍ക്കാര്‍ രൂപീകരിക്കാന്‍ തിരക്കിട്ട ചര്‍ച്ചകള്‍; തകര്‍ന്നടിഞ്ഞ് ബിജെപി

കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക്: സര്‍ക്കാര്‍ രൂപീകരിക്കാന്‍ തിരക്കിട്ട ചര്‍ച്ചകള്‍; തകര്‍ന്നടിഞ്ഞ് ബിജെപി

ബംഗളുരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തിരക്കിട്ട ചര്‍ച്ചകളുമായി കോണ്‍ഗ്രസ്. വീണ്ടും അധികാരത്തിലെത്താമെന്ന ബിജെപിയുടെ പ്രതീക്ഷകളും കിംഗ് മേക്കര്‍ കളിക്കാമെന്ന ജെഡിഎസിന്റെ പ്രതീക്ഷകളും അസ്ഥാനത്താക്കി മിന്നുന്ന വിജയമാണ് കോണ്‍ഗ്രസ് നേടിയത്.

വോട്ടെണ്ണല്‍ അവസാന ലാപ്പില്‍ എത്തി നില്‍ക്കുമ്പോള്‍ 136 സീറ്റില്‍ കോണ്‍ഗ്രസ് വിജയം ഉറപ്പിച്ചുവെന്നാണ് ലഭ്യമാകുന്ന വിവരം. ബിജെപി 64 സീറ്റുകളിലും ജെഡിഎസ് 20 സീറ്റുകളിലും മറ്റുള്ളവര്‍ നാല് സീറ്റുകളിലും വിജയം ഉറപ്പിച്ചു.

ഇതോടെ മറ്റൊരു പാര്‍ട്ടിയുടെയും സഹായം കൂടാതെ കര്‍ണാടകയില്‍ കോണ്‍ഗ്രസിന് ഒറ്റയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയും. 224 അംഗ സഭയിയില്‍ കേവല ഭൂരിപക്ഷത്തിന് 113 സീറ്റുകള്‍ മതി.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രചാരണം നടത്തിയിട്ടും നിയമസഭാ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ കഴിയാതെ പോയത് ബിജെപി കേന്ദ്രങ്ങളെ ഞെട്ടിച്ചു. കേവല ഭൂരിപക്ഷം കടന്നു മുന്നേറിയ കോണ്‍ഗ്രസ് വോട്ടെണ്ണലിന്റെ പിന്നീടുള്ള ഒരു ഘട്ടത്തിലും പിന്നിലേക്കു പോയില്ല. ജനതാ ദള്‍ (എസ്) മുന്നേറ്റം 20 സീറ്റില്‍ ഒതുങ്ങി.

നിലവിലുള്ള നിയമസഭയില്‍ ബിജെപിക്ക് 120 സീറ്റാണ് ഉണ്ടായിരുന്നത്. കോണ്‍ഗ്രസിന് 69 ഉം ജെഡിഎസിന് 32 ഉം അംഗങ്ങളാണ് ഉണ്ടായിരുന്നത്. വിജയം ഉറപ്പിച്ചതോടെ കോണ്‍ഗ്രസിന്റെ ഡല്‍ഹിയിലെയും ബംഗളുരുവിലേയും ആസ്ഥാനത്ത് പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങി.

പരാജയം സമ്മതിച്ച കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പരാജയത്തില്‍ വിശദമായ വിശകലനം നടത്തുമെന്ന് പ്രഖ്യാപിച്ചു. ബിജെപിയുടെ കര്‍ണാടക ഘടകം പുനസംഘടിപ്പിക്കുമെന്നും അദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.