ലണ്ടന്‍: ഇംഗ്ലണ്ടില്‍ കൃത്രിമ മാര്‍ഗത്തിലൂടെ മൂന്ന് പേരുടെ ഡി.എന്‍.എ ഉപയോഗിച്ച് കുഞ്ഞ് ജനിച്ചതായുള്ള റിപ്പോര്‍ട്ടുകളെ ശാസ്ത്ര നേട്ടമായി മുഖ്യധാരാ മാധ്യമങ്ങള്‍ വാഴ്ത്തുമ്പോള്‍ പ്രതികരണവുമായി കത്തോലിക്കാ സഭ. പ്രത്യേക ചികിത്സാ രീതിയിലൂടെ അമ്മയുടെയും അച്ഛന്റെയും കൂടാതെ മൂന്നാമതൊരാളുടെ ഡി.എന്‍.എ കൂടി ചേര്‍ത്താണ് കുഞ്ഞിന് ജന്മം നല്‍കിയത്. ഇംഗ്ലണ്ടില്‍നിന്നുള്ള ഈ വാര്‍ത്തകള്‍ ആശങ്കപ്പെടുത്തുന്നതാണെന്ന് കത്തോലിക്ക സഭാ വിശ്വാസികളായ ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.
ഐവിഎഫിന്റെ പരിഷ്‌ക്കരിച്ച രൂപമായ മൈറ്റോകോണ്‍ഡ്രിയല്‍ ഡൊണേഷന്‍ ട്രീറ്റ്‌മെന്റ് (എംഡിടി) എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കുഞ്ഞ് ജനിച്ചത്. മൂന്ന് പേരുടെ ഡിഎന്‍എ ആണ് ഈ കുട്ടിയിലുള്ളത്. ആരോഗ്യമുള്ള സ്ത്രീ ദാതാക്കളുടെ അണ്ഡകോശം ഉപയോഗിച്ച് ഐവിഎഫ് ഭ്രൂണങ്ങള്‍ സൃഷ്ടിക്കും. അമ്മമാരില്‍ നിന്ന് കുട്ടികളിലേക്ക് പകരാന്‍ സാധ്യതയുള്ള ഹാനീകരമായ മ്യൂട്ടേഷനുകളില്‍ നിന്ന് മുക്തമായിരിക്കും ഈ ഭ്രൂണങ്ങള്‍. കുഞ്ഞിന്റെ മാതാപിതാക്കള്‍ക്കു പുറമേ ഒരു സ്ത്രീയും ദാതാവായി.
മൈറ്റോകോണ്‍ഡ്രിയല്‍ രോഗങ്ങളുമായി കുട്ടികള്‍ ജനിക്കുന്നത് തടയാന്‍ ഇത് സഹായിക്കുമെന്നാണ് ഗവേഷകരുടെ അവകാശ വാദം. അതായത് അമ്മയുടെ ശരീരത്തിലുണ്ടാകുന്ന അസുഖങ്ങള്‍ കുഞ്ഞിനെ ബാധിക്കില്ല. അതേസമയം, സ്വകാര്യത ഉറപ്പുവരുത്തുന്നതിനായി യുകെയിലെ ഫെര്‍ട്ടിലിറ്റി റെഗുലേറ്റര്‍ കുഞ്ഞിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
എന്നാല്‍ ഇത്തരമൊരു ട്രീറ്റ്മെന്റ് (എംഡിടി) വഴി കുഞ്ഞുങ്ങളെ സൃഷ്ടിക്കുന്നത് ധാര്‍മികമായി ശരിയല്ലെന്ന് യു.കെ ആസ്ഥാനമായുള്ള അന്‍സ്‌കോംബ് ബയോ എത്തിക്സ് അഭിപ്രായപ്പെടുന്നു.
പുതിയൊരു ജീവനെ സൃഷ്ടിക്കാന്‍ വേണ്ടി രണ്ട് ഭ്രൂണങ്ങളുടെ നാശത്തിലേക്കു വഴിവെക്കുന്നതാണ് ഈ ചികിത്സാ രീതിയെന്ന് ഗവേഷകര്‍ പറയുന്നു. 'അന്തസും അവകാശങ്ങളുമുള്ള രണ്ട് നിരപരാധികളായ മനുഷ്യ ജീവനുകളുടെ നാശത്തിനു കാരണമാകുന്ന ചികിത്സാ രീതി അധാര്‍മ്മികമാണ്'.
രക്ഷകര്‍തൃത്വം സംബന്ധിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കുന്നതും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതുമാണ് ഈ സാങ്കേതിക വിദ്യയെന്നാണ് ഓക്സ്ഫോര്‍ഡ് ആസ്ഥാനമായുള്ള കാത്തലിക് ബയോ എത്തിക്സ് ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ സഹായ മെത്രാന്‍ ജോണ്‍ ഷെറിങ്ടണും ട്രീറ്റ്‌മെന്റിനെ വിമര്‍ശിച്ചു.
'ഗര്‍ഭധാരണം മുതല്‍ സ്വാഭാവിക മരണം വരെ ബഹുമാനിക്കപ്പെടേണ്ടതും മാന്യമായി പരിഗണിക്കേണ്ടതുമായ ജീവന്റെ സമ്മാനം, സാങ്കേതിക കൃത്രിമത്വത്തിനുള്ളിലേക്കു ചുരുക്കാന്‍ കഴിയാത്ത രഹസ്യമാണെന്ന് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. കുട്ടിയുടെ ജീവശാസ്ത്രപരമായ രക്ഷാകര്‍തൃത്വത്തെ ആശയക്കുഴപ്പത്തിലാക്കുന്നുവെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
'മനുഷ്യജീവിതം ഒരു ഉല്‍പന്നമായാണ് കണക്കാക്കപ്പെടുന്നത്. 'എല്ലാം തികഞ്ഞ' മനുഷ്യര്‍ക്ക് മാത്രമേ ഇവിടെ ജീവിക്കാന്‍ അനുവാദമുള്ളൂ' - അമേരിക്ക ആസ്ഥാനമായുള്ള നാഷണല്‍ കാത്തലിക് ബയോ എത്തിക്സ് സെന്ററിലെ മേരി ഹില്യാര്‍ഡ് പറഞ്ഞു. 'നിരവധി ഭ്രൂണങ്ങള്‍ ജനിക്കുന്നു, ആവശ്യമുള്ള ഭ്രൂണങ്ങള്‍ക്ക് മാത്രം ഗര്‍ഭപാത്രത്തില്‍ ഇടം നല്‍കുന്നു' - അവര്‍ കൂട്ടിച്ചേര്‍ത്തു.
എന്താണ് മൈറ്റോകോണ്‍ഡ്രിയല്‍ ഡൊണേഷന്‍ ?
ജനിച്ച് ദിവസങ്ങള്‍ക്കുള്ളിലോ അഥവാ മണിക്കൂറുകള്‍ക്കകമോ മാരകമായേക്കാവുന്നതാണ് മൈറ്റോകോണ്‍ഡ്രിയല്‍ രോഗങ്ങള്‍. ഇത് ചികിത്സിച്ച് ഭേദമാക്കാനാവില്ല. അമ്മയില്‍ നിന്ന് മാത്രമേ ഇത് കുട്ടികളിലേക്ക് പകരുകയുള്ളു. അതുകൊണ്ട്, ആരോഗ്യമുള്ള ഒരു ദാതാവിന്റെ അണ്ഡത്തില്‍ നിന്ന് മൈറ്റോകോണ്‍ഡ്രിയ ശേഖരിച്ച് നടത്തുന്ന ഐവിഎഫിന്റെ ഒരു പരിഷ്‌കരിച്ച രീതിയാണ് മൈറ്റോകോണ്‍ഡ്രിയല്‍ ഡൊണേഷന്‍ ട്രീറ്റ്മെന്റ്.
കുഞ്ഞിന്റെ കണ്ണിന്റെ നിറം, സ്വഭാവ സവിശേഷത തുടങ്ങിയ കാര്യങ്ങള്‍ നിര്‍വചിക്കുന്നത് മാതാപിതാക്കളുടെ ഡിഎന്‍എ ആയിരിക്കും. ഇതോടൊപ്പം ഒരു സ്ത്രീ ദാതാവിന്റെ ഡിഎന്‍എയുടെ ചെറിയ അളവും ഉണ്ടായിരിക്കും. കുഞ്ഞിന്റെ 99.8 ശതമാനം ഡിഎന്‍എയും മാതാപിതാക്കളില്‍ നിന്നായിരിക്കും ശേഖരിക്കുന്നത്. ബാക്കി ചെറിയൊരു ശതമാനം മാത്രമാണ് ദാതാവില്‍ നിന്ന് സ്വീകരിക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.