എർദോഗൻ വീഴുമോ?; തുർക്കി പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന്

എർദോഗൻ വീഴുമോ?; തുർക്കി പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന്

അങ്കാറ: തുർക്കിയിൽ പ്രസിഡൻറ് തിരഞ്ഞെടുപ്പ് ഇന്ന്. തയിബ് എർദോഗൻറെ രണ്ട് ദശാബ്‌ദക്കാലത്തെ ഭരണം അവസാനിപ്പിക്കുന്നതാകുമോ ഈ തെരഞ്ഞടുപ്പ് ഫലമെന്നാണ് ലോകം ഉറ്റനുനോക്കുന്നത്. ഇന്ന് രാത്രിയോടെ ഫലം വ്യക്തമായി തുടങ്ങും. 20 വർഷമായി തുർക്കി ഭരിക്കുന്ന എർദോഗന് വെല്ലുവിളി ഉയർത്തിയായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ പ്രചാരണം. പ്രധാന പ്രതിപക്ഷ സ്ഥാനാർഥി കെമാൽ കിലിച്‌ദാറുലുവിന് പിന്നിലാണ് ഏർദോഗൻ എന്നാണ് സർവേകൾ വ്യക്തമാക്കുന്നത്. ജയിക്കാനായി ഒരു സ്ഥാനാർഥി 50 ശതമാനത്തിൽ കൂടുതൽ വോട്ട് നേടണം. ഇല്ലെങ്കിൽ, മെയ് 28 ന് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കും.

തന്റെ ഭരണകാലത്ത് നിരവധി വിവാദമായ കാര്യങ്ങൾ എർദോ​ഗൻ ഇതിനോടകം നടപ്പാക്കിയിട്ടുണ്ട്. മുസ്ലീം സമുദായത്തിന്റെ കയ്യടി നേടാനായി തുർക്കിയിലെ ഇസ്താംബൂളിലുള്ള ഹാ​ഗിയ സോഫിയ എന്ന പുരാതന ക്രൈസ്തവ ദേവാലയം മോസ്ക്കാക്കി മാറ്റി. നാറ്റോയിലെ ശക്തമായ അം​ഗമായ എർദോ​ഗൻ റഷ്യയോടും സൗഹാർദപരമായ നയമാണ് സ്വീകരിച്ചിരിക്കുന്നത്. രണ്ടു നയങ്ങളും ഒരേ സമയം സ്വീകരിക്കുന്ന നേതാവാണ് എർദോ​ഗനെന്ന് ഇതിലൂടെ വ്യക്തമാണ്. ​അടുത്തിടെയായി ഗൾഫ് രാജ്യങ്ങളുമായുള്ള ശത്രുത അവസാനിപ്പിച്ച് തുർക്കിയിലേക്ക് നിരവധി സഹായങ്ങൾ എർദോഗൻ സ്വീകരിച്ചിരുന്നു.

20 വർഷത്തെ ഭരണം, വെല്ലുവിളി ഉയർത്തി പ്രതിപക്ഷ പാർട്ടികൾ

ആറ് പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചാണ് എർദോഗനെ തിരഞ്ഞെടുപ്പിൽ നേരിടുന്നത്. നാഷൻ അലയൻസ് എന്ന പ്രതിപക്ഷ സഖ്യത്തിൻറെ സ്ഥാനാർഥി സി.എച്‌.പി പാർട്ടിയുടെ നേതാവ് 74കാരനായ കെമാൽ കിലിച്‌ദാറുലുവാണ് എർദോഗൻറെ പ്രധാന എതിരാളി. ഇരുവരും തമ്മിൽ കടുത്ത മത്സരം നടക്കുന്നുവെന്നാണ് വിദഗ്‌ധരുടെ പ്രവചനം.

ഇരുവർക്കും പുറമെ വലതുപക്ഷ പൂർവിക സഖ്യത്തിൻറെ സ്ഥാനാർഥി സിനാൻ ഒഗാനും സെൻട്രൽ ഹോംലാൻഡ് പാർട്ടി നേതാവ് ഇൻസെയും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. പ്രസിഡൻറ് എർദോഗൻ ശനിയാഴ്‌ച ഇസ്‌താംബൂളിൽ തൻറെ അവസാന തെരഞ്ഞെടുപ്പ് റാലികൾ നടത്തി. പ്രതിപക്ഷത്തിന് പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് ഉത്തരവുകൾ ലഭിക്കുന്നുണ്ടെന്നും തെരഞ്ഞെടുപ്പിൽ ജയിച്ചാൽ അവർ പാശ്ചാത്യ രാജ്യങ്ങളുടെ ആഗ്രഹങ്ങൾക്ക് വഴങ്ങുമെന്നുമാണ് അദ്ദേഹം പ്രതിപക്ഷത്തിനെതിരെ ഉന്നയിക്കുന്ന പ്രധാന ആരോപണം.

എന്നാൽ, ഭൂകമ്പം ഉണ്ടായ സമയത്ത് ഭരണകൂടം വേഗത്തിൽ വിഷയത്തിൽ ഇടപെട്ടിട്ടില്ല എന്ന വിമർശനമാണ് പ്രതിപക്ഷം പ്രധാനമായും എർദോഗനെതിരെ ഉന്നയിച്ചത്. എർദോഗൻ കൊണ്ടുവന്ന പ്രസിഡൻഷ്യൽ രീതി പൊളിച്ചെഴുതുമെന്നും നാഷൻ അലയൻസ് വാഗ്‌ദാനം നൽകിയിട്ടുണ്ട്. വിദേശത്ത് താമസിക്കുന്ന 1.8 ദശലക്ഷത്തിലധികം വോട്ടർമാർ ഏപ്രിൽ 17 ന് വോട്ട് രേഖപ്പെടുത്തിയെന്ന് രാജ്യത്തിൻറെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രിയെ ഉദ്ധരിച്ച് തുർക്കി പത്രമായ ഡെയ്‌ലി സബ ബുധനാഴ്‌ച റിപ്പോർട്ട് ചെയ്‌തു.

ഫെബ്രുവരി ആറിന് ഉണ്ടായ ഭൂകമ്പത്തിൽ 50,000-ത്തിലധികം ആളുകൾ കൊല്ലപ്പെടുകയും 5.9 ദശലക്ഷത്തിലധികം ആളുകൾ തെക്കൻ തുർക്കിയിലും വടക്കൻ സിറിയയിലുമുടനീളം കുടിയൊഴിപ്പിക്കപ്പെടുകയും ചെയ്‌തതിന് 3 മാസത്തിനിപ്പുറമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരിയിൽ ഭൂകമ്പം ബാധിച്ച മിക്ക പ്രവിശ്യകളും എർദോഗൻറെയും അദ്ദേഹത്തിൻറെ എകെ പാർട്ടിയുടെയും ശക്തികേന്ദ്രങ്ങളായിരുന്നു. എന്നാൽ, ഭൂകമ്പ ബാധിത മേഖലകളിൽ കുറഞ്ഞത് 10 ലക്ഷം വോട്ടർമാരെങ്കിലും ഈ വർഷം സമ്മതിദാന അവകാശം വിനിയോഗിക്കില്ലെന്നാണ് വിലയിരുത്തലെന്ന് സുപ്രീം ഇലക്ഷൻ കൗൺസിൽ (വൈഎസ്‌കെ) മേധാവി അഹ്മദ് യെനർ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.

കിലിച്ദാറുലു (74) മുൻപ് മൂന്ന് തവണ എർദോഗനെതിരെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. അടുത്ത അഞ്ച് വർഷം തുർക്കി ഭരിക്കാനുള്ള പ്രസിഡന്റിനെയും 600 അംഗ പാർലമെന്റിനെയും തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പാണ് നാളെ നടക്കുന്നത്. പ്രധാനമന്ത്രി പദവി എടുത്തുകളഞ്ഞ് പ്രസിഡന്റ് സർക്കാ‍ർ മേധാവിയായുള്ള ഭരണസംവിധാനത്തിലേക്ക് 2017 ലാണു തുർ‍ക്കി മാറിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.